News - 2025
നൈജീരിയയിലെ ക്രൈസ്തവ നരഹത്യയുടെ വ്യാപ്തി പുറത്തെത്തിക്കുവാന്‍ യുഎന്നിന് വിമുഖത: ആരോപണവുമായി പ്രമുഖ യുഎസ് അഭിഭാഷകൻ
പ്രവാചകശബ്ദം 29-01-2022 - Saturday
അബൂജ: നൈജീരിയയിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്ന ക്രൈസ്തവ വിശ്വാസികളുടെ ശബ്ദം ശ്രവിക്കണമെന്ന് പ്രമുഖ അമേരിക്കൻ അഭിഭാഷകനും, ഇറാഖിലെയും, നൈജീരിയയിലെയും ക്രൈസ്തവരുടെ ഇടയിൽ പ്രവർത്തിച്ച ആളുമായ സ്റ്റീഫൻ റേച്ചി. അമേരിക്കയിലെ ഒഹായോയിലുള്ള ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി ഓഫ് സ്റ്റൂബൻവില്ലയിൽ നൈജീരിയയിലെ ക്രൈസ്തവ പീഡനത്തെ പറ്റി നടന്ന ഒരു ചർച്ചയിലാണ് വിദ്യാർത്ഥികളോട് നൈജീരിയയിലെ ക്രൈസ്തവർ അനുഭവിക്കുന്ന ദുരിതം അദ്ദേഹം വിവരിച്ചത്. ഏറ്റവുമധികം മതപീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് നൈജീരിയയെ ഈവർഷം ഒഴിവാക്കിയ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നടപടി കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയെന്ന് സ്റ്റീഫൻ റേച്ചി ചൂണ്ടിക്കാട്ടി.
ഉത്തര നൈജീരിയയിലാണ് ഏറ്റവുമധികം അക്രമങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭവനരഹിതരായ ആളുകളിൽ 80% പേർ കുട്ടികളും, സ്ത്രീകളുമാണെന്നും, ക്രൈസ്തവ വിരുദ്ധ പീഡനത്തിന്റെ യഥാർത്ഥ വ്യാപ്തി പുറംലോകത്തെ അറിയിക്കാൻ അമേരിക്കയും ഐക്യരാഷ്ട്രസഭ അടക്കമുള്ള സംഘടനകളും വിമുഖത കാണിക്കുകയാണെന്നും സ്റ്റീഫൻ റേച്ചി അഭിപ്രായപ്പെട്ടു. 2009 മുതൽ നൈജീരിയ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. യോളോ രൂപതാധ്യക്ഷന്‍ ബിഷപ്പ് സ്റ്റീഫൻ ഡാമി മംമ്സയുടെയും, സോകോട്ടോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു ഹസൻ കുക്കയുടെയും നേരത്തെ റെക്കോർഡ് ചെയ്തു വെച്ച വീഡിയോ സന്ദേശങ്ങൾ ചടങ്ങിൽ കേൾപ്പിച്ചു.
ബൊക്കോ ഹറം തീവ്രവാദികൾ ബിഷപ്പ് സ്റ്റീഫൻ ഡാമിയുടെ നിരവധി കുടുംബാംഗങ്ങളെയാണ് വധിച്ചത്. നൈജീരിയയെ മതപീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് അമേരിക്ക ഒഴിവാക്കിയതിനെ രൂക്ഷമായ ഭാഷയിൽ അടുത്തിടെ അദ്ദേഹം വിമർശിച്ചിരുന്നു. തന്റെ രൂപത പരിധിയിൽ ഭരണത്തിലുള്ള മുസ്ലിം അധികൃതരുടെ ഇടപെടൽ മൂലം പൊതുരംഗത്ത് പോലും ക്രൈസ്തവ വിശ്വാസികളുടെ സാന്നിധ്യം കുറഞ്ഞുവരികയാണെന്ന് ബിഷപ്പ് മാത്യു ഹസൻ കുക്ക പറഞ്ഞു. തീവ്ര ഇസ്ലാമികവാദം ആണ് എല്ലാ പ്രശ്നങ്ങളുടെയും പ്രധാനകാരണമെന്ന് ഇരു മെത്രാന്മാരും അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 60,000 ക്രൈസ്തവ വിശ്വാസികളെങ്കിലും നൈജീരിയയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.