Faith And Reason - 2024
ആംഗ്ലിക്കന്‍ മെത്രാന്മാരുടെ കത്തോലിക്ക സഭയിലേക്കുള്ള ചേക്കേറല്‍ തുടരുന്നു: ചെസ്റ്റര്‍ മുന്‍ മെത്രാന്‍ കത്തോലിക്ക സഭയിൽ
പ്രവാചകശബ്ദം 05-02-2022 - Saturday
ലണ്ടന്‍: ബ്രിട്ടനിലെ ചെസ്റ്ററിലുളള ആംഗ്ലിക്കൻ രൂപതയുടെ മുൻ മെത്രാൻ പീറ്റർ ഫോർസ്റ്റർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 'ചർച്ച് ടൈംസ്' എന്ന സ്വതന്ത്ര ആംഗ്ലിക്കൻ മാധ്യമമാണ് ഇന്നലെ ഫെബ്രുവരി നാലാം തീയതി വാർത്ത റിപ്പോർട്ട് ചെയ്തത്. രണ്ടുവർഷം മുമ്പ് സ്ഥിരമായി പീറ്റർ ഫോർസ്റ്റർ 'ചർച്ച് ടൈംസി'ന് വേണ്ടി എഴുതിയിരുന്നു. 22 വർഷത്തോളം ചെസ്റ്റർ രൂപതയെ നയിച്ച അദ്ദേഹം, ഏറ്റവും കൂടുതൽ കാലം ചുമതല വഹിച്ച ആംഗ്ലിക്കൻ മെത്രാനാണ്. 273 ഇടവകകൾ രൂപതയുടെ കീഴിൽ ഉണ്ടായിരുന്നു. 2019 സെപ്റ്റംബർ മാസം അറുപത്തിയൊന്‍പതാം വയസ്സിൽ രാജിവെച്ചതിനു ശേഷം ഭാര്യയോടൊപ്പം പീറ്റർ ഫോർസ്റ്റർ സ്കോട്ട്‌ലൻഡിലേക്ക് താമസം മാറ്റി.
സ്കോട്ട്ലൻഡിലെ കത്തോലിക്ക സഭ കഴിഞ്ഞവർഷം ഒടുവിലാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തോലിക്ക സഭയിലേക്കു കഴിഞ്ഞ വർഷം കടന്നു വന്ന മൂന്നാമത്തെ ആംഗ്ലിക്കൻ മെത്രാനാണ് പീറ്റർ ഫോർസ്റ്റർ. റോച്ചസ്റ്റർ രൂപതയുടെ മുൻ മെത്രാൻ മൈക്കിൾ നാസർ അലി സെപ്റ്റംബർ മാസം കത്തോലിക്കാ സഭയിലേയ്ക്ക് കടന്നുവന്നിരുന്നു. ഒക്ടോബർ മുപ്പതാം തീയതി അദ്ദേഹം പൗരോഹിത്യവും സ്വീകരിച്ചു. കൂടാതെ എപ്സ്ഫ്ലീറ്റ് രൂപതയുടെ അധ്യക്ഷന്‍ ജോനാഥൻ ഗുഡ്ഓൾ കത്തോലിക്ക സഭയിലേക്ക് പ്രവേശിക്കാൻ സെപ്റ്റംബർ മാസം രാജിവെച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.
ഇംഗ്ലീഷ് ആംഗ്ലിക്കൻ - റോമൻ കാത്തലിക്ക് കമ്മറ്റി അംഗം കൂടിയായിരുന്നു പീറ്റർ ഫോർസ്റ്റർ. ആംഗ്ലിക്കൻ സഭ സ്ത്രീകളെ മെത്രാൻ പദവിയിലേക്ക് ഉയർത്തുന്നത് മറ്റു സഭകളുമായുള്ള എക്യുമെനിക്കൽ ചർച്ചകളിൽ വിള്ളൽ വീഴ്ത്തുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2013ൽ സ്വവർഗ്ഗ വിവാഹം ഇംഗ്ലണ്ടിലും, വെയിൽസിലും നിയമവിധേയമാക്കാനുളള ബില്ലിന്മേൽ ഉള്ള ചർച്ച പ്രഭുസഭയിൽ നടന്നപ്പോൾ ആംഗ്ലിക്കൻ സഭയുടെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹം ബില്ലിനെ ശക്തമായി എതിർത്തിരുന്നു. കത്തോലിക്ക സഭയിൽ നിന്ന് പതിനാറാം നൂറ്റാണ്ടിൽ വേർപെട്ടുപോയ ആംഗ്ലിക്കൻ സഭയുടെ നേതൃത്വം ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയിലാണ് ഇപ്പോൾ നിക്ഷിപ്തമായിരിക്കുന്നത്.