Arts - 2025
ബോക്‌സിംഗില്‍ നിന്ന് പൗരോഹിത്യത്തിലേക്കുള്ള ഫാ. സ്റ്റുവിന്റെ യാത്ര തീയേറ്ററുകളില്‍ എത്തിക്കാന്‍ സോണി പിക്‌ചേഴ്‌സ്
പ്രവാചകശബ്ദം 07-02-2022 - Monday
കാലിഫോര്‍ണിയ: ബോക്സിംഗ് വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റുവാര്‍ട്ട് ലോംഗ് എന്ന കത്തോലിക്ക വൈദികന്റെ പ്രചോദനാത്മകമായ യഥാര്‍ത്ഥ ജീവിതകഥ പറയുന്ന ‘സ്റ്റു’ എന്ന വിശ്വാസാധിഷ്ടിത സിനിമ ദുഃഖ വെള്ളിയാഴ്ച ഏപ്രില്‍ 15ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. പ്രമുഖ സിനിമ വിതരണക്കാരായ സോണി പിക്ചേഴ്സാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്. 1985-ല്‍ ഗോള്‍ഡന്‍ ഗ്ലൌവ്സ് ഹെവിവെയ്റ്റ് പട്ടം കരസ്ഥമാക്കിയ ബോക്സറില്‍ നിന്നും ഫാ. സ്റ്റു എന്ന കത്തോലിക്ക വൈദികനിലേക്കുള്ള സ്റ്റുവാര്‍ട്ട് ലോങ്ങിന്റെ യാത്രയെ കുറിച്ച് പറയുന്ന സിനിമയില്‍ അക്കാദമി അവാര്‍ഡ് നോമിനിയും, നിരവധി ഫീച്ചര്‍ ഫിലിമുകളുടെ നിര്‍മ്മാതാവുമായ സുപ്രസിദ്ധ നടന്‍ മാര്‍ക്ക് വാല്‍ബര്‍ഗ് ആണ് ‘ഫാ. സ്റ്റു’വിനെ അവതരിപ്പിക്കുന്നത്.
രചയിതാവായ റോസലിന്ദ് റോസിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘സ്റ്റു’. ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന വിഖ്യാത സിനിമയുടെ സംവിധായകനും അഭിനേതാവുമായ മെല്‍ ഗിബ്സണ്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. സ്കൂള്‍ പഠനകാലത്ത് റെസ്റ്റ്ലിംഗിലും, ഫുട്ബോളിലും കമ്പമുണ്ടായിരുന്ന സ്റ്റുവര്‍ട്ട് ലോങ്ങ് ബോക്സിംഗ് രംഗത്താണ് വിജയിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ബോക്സിംഗ് രംഗത്തു നിന്നും വിരമിച്ച സ്റ്റുവാര്‍ട്ട് ഫിലിം നിര്‍മ്മാണത്തിലും, കൈവെച്ചിട്ടുണ്ട്. പിന്നീട് നൈറ്റ് ക്ലബ്ബുകളിലും, കോമഡി ക്ലബ്ബുകളിലും ബൗണ്‍സറായി ജോലി ചെയ്തിട്ടുള്ള ഇദ്ദേഹത്തിന് ദൈവത്തില്‍ വിശ്വാസമില്ലായിരുന്നു.
'താനൊരു ക്രിസ്തീയ വിരുദ്ധന്‍' ആണെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. 1998-ലെ ഒരു മോട്ടോര്‍ സൈക്കിള്‍ അപകടമാണ് സ്റ്റുവാര്‍ട്ടിന്റെ ജീവിതം മാറ്റി മറിച്ചത്. മാരകമായ പരിക്ക് പറ്റിയ അദ്ദേഹം രക്ഷപ്പെടുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പോലും ഉറപ്പില്ലായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ വെച്ച് തന്റെ ശരീരത്തില്‍ നിന്നും താന്‍ വേറിട്ടു പോയതുപോലേയും ദൈവവുമായി നേരിട്ട് സംസാരിച്ചതു പോലെയുമുള്ള അനുഭവം ഉണ്ടായെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ദൈവീക ഇടപെടല്‍ മൂലം രക്ഷപ്പെട്ട സ്റ്റുവാര്‍ട്ട് “എല്ലാ രംഗങ്ങളുടേയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ ദൈവമാണ്” എന്ന്‍ പല പ്രാവശ്യം ആവര്‍ത്തിച്ചിരിന്നു.
ആശുപത്രി വിട്ട അദ്ദേഹം വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും, ലോസ് ആഞ്ചലസ് അതിരൂപതയില്‍ നിന്നും വിശ്വാസ പരിശീലനം നേടുകയും ചെയ്തതിനു ശേഷം 1994-ലെ ഈസ്റ്ററിന്റെ തലേന്ന് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു.
പിന്നീട് തന്റെ പൗരോഹിത്യ വിളി തിരിച്ചറിഞ്ഞ സ്റ്റുവാര്‍ട്ട് തന്റെ അദ്ധ്യാപക ജോലി ഉപേക്ഷിച്ച് മൌണ്ട് ഏഞ്ചല്‍ സെമിനാരിയില്‍ ചേര്‍ന്ന്‍ വൈദീക പഠനം ആരംഭിച്ചു. 2007 ഡിസംബര്‍ 14ന് മൊണ്ടാനയിലെ സെന്റ് ഹെലേന കത്തീഡ്രലില്‍വെച്ചാണ് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചത്. ഏഴു വര്‍ഷങ്ങള്‍ മാത്രമേ അദ്ദേഹത്തിന് തന്റെ പൗരോഹിത്യ ജീവിതം കൊണ്ടുപോകുവാന്‍ കഴിഞ്ഞുള്ളൂ. ഭേദമാക്കുവാന്‍ പറ്റാത്ത അപൂര്‍വ്വ രോഗം പിടിപ്പെട്ട ഫാ. സ്റ്റു 2014-ല്‍ തന്റെ 50-മത്തെ വയസ്സില്‍ നിര്യാതനായി. ഭക്തിപൂര്‍വ്വമായ വിശുദ്ധ കുര്‍ബാനകളും, പ്രസംഗങ്ങളും, കുമ്പസാരവും വഴി ചുരുങ്ങിയ കാലം കൊണ്ട് വിശ്വാസികളുടെ ഇടയില്‍ അറിയപ്പെടുന്ന വൈദികനായി മാറുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)