Arts - 2024

മലാവിയിലെ സുവിശേഷവത്ക്കരണത്തില്‍ നിര്‍ണ്ണായക ഘടകമാകാന്‍ 'കുവാല എഫ്.എം'

പ്രവാചകശബ്ദം 18-02-2022 - Friday

ലിംമ്പേ, മലാവി: തെക്ക്കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ സുവിശേഷ പ്രഘോഷണത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ‘റേഡിയോ കുവാല എഫ്.എം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 5ന് കുവാല സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന ലിമ്പേയിലെ കത്തീഡ്രലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബ്ലാന്റൈര്‍ മെത്രാപ്പോലീത്ത മോണ്‍. തോമസ്‌ ഇംസുസയാണ് ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. സംപ്രേഷണം തുടങ്ങി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു റേഡിയോ സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. സ്റ്റുഡിയോയുടെ വെഞ്ചരിപ്പ് കര്‍മ്മത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.

ഐക്യത്തിന്റെ ഉപകരണമാകാനും രാജ്യത്ത് രാഷ്ട്രീയവും, സാംസ്കാരികവുമായ സഹിഷ്ണുത പ്രചരിപ്പിക്കുവാനും ‘റേഡിയോ കുവാല എഫ്.എം’ സഹായകരമാവുകയും ചെയ്യട്ടെയെന്ന്‍ ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. മലാവിയിലെ അഞ്ചാമത്തെ കത്തോലിക്ക റേഡിയോ സ്റ്റേഷനായ ‘റേഡിയോ കുവാല എഫ്.എം’ സുവിശേഷവത്ക്കരണ ദൌത്യത്തിലെ ഒരു പ്രധാന ഉപാധിയാണ്. ആത്മീയ രൂപീകരണത്തിനും, സാമൂഹ്യ-സാംസ്കാരിക ഐക്യത്തിനും ഈ റേഡിയോ സ്റ്റേഷനെ വേണ്ടവിധം ഉപയോഗിക്കണമെന്ന് മെത്രാപ്പോലീത്ത വിശ്വാസികളോട് ആവശ്യപ്പെട്ടു.

ഉദ്ഘാടന ചടങ്ങില്‍ മലാവി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ലോക്കല്‍ ഡിജിറ്റൈസേഷന്‍ മന്ത്രി ഗോസ്പല്‍ കസാകോ സമൂഹത്തിന് ക്ഷേമകരമായ സംരഭങ്ങള്‍ നടപ്പിലാക്കിയതിന് മെത്രാപ്പോലീത്തക്കും കത്തോലിക്ക സഭക്കും നന്ദി അറിയിച്ചു. ഇത്തരത്തിലുള്ള കൂടുതല്‍ റേഡിയോ സ്റ്റേഷനുകള്‍ വരുന്നത് വിവരസാങ്കേതിക രംഗത്തെ പോരായ്മ പരിഹരിക്കുന്നതിന് ഗുണകരമാകും. മാധ്യമ വ്യവസായ രംഗത്ത് സഭയുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലോകത്തിന്റെ വെളിച്ചം’ എന്നര്‍ത്ഥം വരുന്ന ‘ലക്സ് മുണ്ട്’ എന്ന ലാറ്റിന്‍ പദമാണ് കുവാല എഫ്.എം റേഡിയോയുടെ മുദ്രാവാക്യം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് റേഡിയോ സ്റ്റേഷനില്‍ നിന്നുള്ള തത്സമയ സംപ്രേഷണം ആരംഭിച്ചത്. ചികാവാ, സോംബാ, മാങ്ങോച്ചി തുടങ്ങിയ രൂപതകള്‍ ഉള്‍പ്പെടുന്ന അതിരൂപതയുടെ എല്ലാ മേഖലയിലും ഈ റേഡിയോയുടെ സേവനം ലഭ്യമാണ്.


Related Articles »