News - 2025

വിശുദ്ധ നാടിന് വേണ്ടിയുള്ള ദുഃഖവെള്ളിയിലെ സ്തോത്രക്കാഴ്ച: സഹായിക്കണമെന്ന് വത്തിക്കാന്‍

പ്രവാചകശബ്ദം 26-03-2022 - Saturday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാടിനു വേണ്ടിയുള്ള ഇക്കൊല്ലത്തെ ദുഃഖവെള്ളി സ്തോത്രക്കാഴ്ചയ്ക്കു ഉദാരമായി സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി. കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നു കഴിഞ്ഞവര്‍ഷത്തെ സ്തോത്രക്കാഴ്ചയില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് കര്‍ദ്ദിനാളിന്റെ ആഹ്വാനം. ചെറിയ സംഭാവനപോലും വിധവയുടെ നേര്‍ച്ചക്കാശിനു സമമാണെന്ന്‍ പറഞ്ഞ കര്‍ദ്ദിനാള്‍, അത് നമ്മുടെ സഹോദരീ-സഹോദരന്മാര്‍ക്ക് ജീവിക്കുവാനും, പ്രത്യാശക്കും, ക്രിസ്തുവിന്റെ സാന്നിധ്യം കണ്ട തെരുവുകളിലും സ്ഥലങ്ങളിലും വചനം മാംസമായി തീര്‍ന്നതിന് ജീവിത സാക്ഷ്യം നല്‍കുവാനും സഹായകമാവുമെന്നും കൂട്ടിച്ചേര്‍ത്തു.

വത്തിക്കാനാണ് വിശുദ്ധ നാടിന് വേണ്ടിയുള്ള നേര്‍ച്ച സ്വീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്. 1974-ല്‍ പോള്‍ ആറാമന്‍ പാപ്പ, ദുഃഖവെള്ളി - ഈ നേര്‍ച്ച സ്വീകരണത്തിനുള്ള ദിനമായി നിശ്ചയിക്കുകയായിരിന്നു. കഴിഞ്ഞ എണ്ണൂറു വര്‍ഷങ്ങളിലധികമായി വിശുദ്ധ നാട്ടിലെ ദേവാലയങ്ങളുടേയും, പുണ്യ സ്ഥലങ്ങളുടേയും നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ വൈദികര്‍ക്കാണ് സ്തോത്രക്കാഴ്ചയുടെ 65% കൈമാറുന്നത്. സെമിനാരി വിദ്യാര്‍ത്ഥികളെയും, പുരോഹിതരെയും സഹായിക്കുന്നതിനായി പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിനാണ് ബാക്കി 35% ലഭിക്കുക. ജെറുസലേം, പലസ്തീന്‍, ഇസ്രായേല്‍, ജോര്‍ദ്ദാന്‍, സൈപ്രസ്, സിറിയ, ലെബനോന്‍, ഈജിപ്ത്, എത്യോപ്യ, എറിത്രിയ, തുര്‍ക്കി, ഇറാന്‍, ഇറാഖ് എന്നീ രാഷ്ട്രങ്ങളാണ് ‘പ്രൊ ടെറാ സാങ്ങ്റ്റാ’ എന്നറിയപ്പെടുന്ന ഈ സ്തോത്രക്കാഴ്ചയുടെ മറ്റ് ഗുണഭോക്താക്കള്‍.

2021-ല്‍ പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള തിരുസംഘത്തിന് 60 ലക്ഷം അമേരിക്കന്‍ ഡോളറാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37 ലക്ഷം ഡോളറിന്റെ കുറവാണ് ഉണ്ടായിരുന്നത്. പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ബെത്ലഹേം സര്‍വ്വകലാശാല, ജെറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ കീഴിലുള്ള സ്കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ പണം സഹായകമായി. സിറിയ, എത്യോപ്യ, ഈജിപ്ത്, ലെബനോന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കായി 24 ലക്ഷം ഡോളറാണ് ചിലവഴിച്ചത്. അതേസമയം അമേരിക്കയില്‍ ദേവാലയങ്ങള്‍ക്ക് പുറമേ, ഓണ്‍ലൈന്‍ വഴിയായും ഇത്തവണ ദുഃഖവെള്ളി സംഭാവന നല്‍കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »