India - 2025
സ്വാർത്ഥതയുടെ ലോകത്ത് നന്മയുടെ പ്രകാശം കണ്ടെത്താൻ നോമ്പുകാലത്ത് കഴിയണം: മാർ ജോസ് പുളിക്കൽ
പ്രവാചകശബ്ദം 01-04-2022 - Friday
പത്തനാപുരം: സ്വാർത്ഥതയുടെ ലോകത്ത് നന്മയുടെ പ്രകാശം കണ്ടെത്താൻ നോമ്പുകാലത്ത് കഴിയണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. അമ്പത് നോമ്പിനോടനുബന്ധിച്ച് ഗാന്ധിഭവനിൽ സംഘടിപ്പിച്ച പ്രാർത്ഥനാസംഗമം ഗെത്സെമനി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തെ കൂടുതൽ അറിയുക എന്നാൽ മനുഷ്യനെ അറിയുക എന്നാണെന്നും അമ്പത് നോമ്പിലൂടെ മനുഷ്യൻ ജീവിതത്തിൽ പ്രകാശം തേടുകയാണന്നും ബിഷപ്പ് പറഞ്ഞു.
നമ്മുടെ സമൂഹത്തിന് കാഴ്ചശക്തി നഷ്ടപ്പെടുന്നു. കാഴ്ചയുണ്ടെന്ന് പറയുന്നവർ പോലും ഇന്ന് സമൂഹത്തിൽ നടക്കുന്ന അനീതികളെയും അക്രമങ്ങളെയും കാണുന്നില്ല. സ്വാർത്ഥതയുടെ ലോകത്ത് നന്മയുടെ പ്രകാശം കണ്ടെത്താൻ നോമ്പുകാലത്ത് കഴിയണം. അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജമാത്യു, പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. എം.എം. ബഷീ ർ, പ്രോഗ്രാം കോർഡിനേറ്റർ വിൻസെന്റ് ഡാനിയേൽ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവർ പ്രസംഗിച്ചു.