Christian Prayer - April 2024

വിശുദ്ധ കുർബാനയുടെ കുരിശിന്റെ വഴി

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 06-04-2023 - Thursday

നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉച്ചകോടിയുമായ വിശുദ്ധ കുർബാനയെ ആഴത്തിൽ മനസ്സിലാക്കാനും വിലമതിക്കുവാനും വിശ്വാസികളെ സഹായിക്കുക എന്നതാണ് വിശുദ്ധ കുർബാനയുടെ വഴികളുടെ ഉദ്ദേശ്യം. രക്ഷാകര ചരിത്രത്തിലൂടെ സ്വർഗ്ഗീയ പിതാവ് തന്റെ പ്രിയ പുത്രനെ നൽകുവാനും ദിവ്യകാരുണ്യത്തിലൂടെ അവന്റെ യഥാർത്ഥ സാന്നിധ്യം നൽകുവാനുമായി തന്റെ ജനത്തെ അണിയിച്ചാരുക്കി. പഴയ നിയമത്തിലുടനീളം ദിവ്യകാരുണ്യത്തിന്റെ പ്രതിബിംബങ്ങൾ കാണാം അവ പുതിയ നിയമത്തിൽ യാഥാർത്ഥ്യമാവുകയും ചെയ്തു.

പ്രാരംഭ പ്രാർത്ഥന ‍

ദൈവമേ, വിശുദ്ധ കുർബാനയിലെ സജീവ സാന്നിധ്യത്തിലൂടെ നീ ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്ന അമൂല്യ സത്യത്തിലേക്കു ഞങ്ങളുടെ ഹൃദയങ്ങളും മനസ്സും തുറക്കേണമേ. വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ഏറ്റവും പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്റെ സ്നേഹാത്ഭുതങ്ങൾ കാണാൻ എന്റെ കണ്ണുകളെ തുറന്നാലും. നിന്റെ അദൃശ്യ സാന്നിധ്യത്തിന്റെ രഹസ്യങ്ങൾ ഞാൻ ധ്യാനിക്കുമ്പോൾ എന്റെ ദിവ്യകാരുണ്യ രാജാവായ നിന്നോടുള്ള എന്റെ വിശ്വാസം വർദ്ധിപ്പിക്കുകയും പ്രത്യാശ ജ്വലിപ്പിക്കുകയും നിന്നോടുള്ള സ്നേഹത്തിൽ എന്നെ ആഴപ്പെടുത്തുകയും ചെയ്യണമേ ആമ്മേൻ.

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .”

ഒന്നാം സ്ഥലം: സാലെം രാജാവായ മെല്‍ക്കിസെദെക്ക്‌ : ദിവ്യകാരുണ്യ പൗരോഹിത്യത്തിന്റെ സൂചന ‍

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .”

വചനം ‍

"കര്‍ത്താവു ശപഥംചെയ്‌തു: മെല്‍ക്കിസെദെക്കിന്‍െറ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല."(സങ്കീര്‍ത്തനങ്ങള്‍ 110:4)

പ്രാത്ഥനാ വിചിന്തനം

സമാധാന രാജാവായ യേശുവേ, മെല്‍ക്കിസെദെക്കിന്‍െറ പൗരോഹിത്യത്തിൽ നിന്റെ പൗരോഹിത്യം നിഴലിച്ചിരുന്നു. അവനെ പോലെ നിയും അപ്പവും വീഞ്ഞും കൊണ്ടും സമർപ്പണം നടത്തിയല്ലോ പക്ഷേ ദൈവപിതാവിനു നീ സമർപ്പിച്ച അപ്പവും വീഞ്ഞും നിന്റെ തിരു ശരീര രക്തങ്ങളളായി മാറിയല്ലോ, ഒരേ സമയം ബലിയർപ്പകനും ബലി വസ്തുവും. എല്ലാ പുരോഹിതന്മാരോടുള്ള ആഴമായ സ്നേഹവും ബഹുമാനവും ഞങ്ങളുടെ ഹൃദയങ്ങളിൽ നി പാകണമേ. മെല്‍ക്കിസെദെക്കിന്‍െറ അനുഗ്രഹത്തിനായി യാചിച്ച അബ്രാഹത്തിന്റെ മാതൃക പിൻതുടർന്ന് നിത്യജീവന്റെ ഭക്ഷണം ഞങ്ങൾക്കു നൽകുന്ന നിന്റെ അഭിഷിക്തരായ വൈദികരുടെ അനുഗ്രഹം എപ്പോഴും തേടാനുള്ള എളിമ ഞങ്ങൾക്കു നൽകേണമേ

ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ !

ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ !

രണ്ടാം സ്ഥലം: യഹൂദരുടെ പെസഹാ : പെസഹാ കുഞ്ഞാട് : ദിവ്യകാരുണ്യ ബലിയുടെ പ്രതിബിംബം ‍

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .”

വചനം ‍

“അതിന്‍െറ രക്‌തത്തില്‍ നിന്നു കുറച്ചെടുത്ത്‌ ആടിനെ ഭക്‌ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്‍െറ രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും പുരട്ടണം.ഇപ്രകാരമാണ്‌ അതു ഭക്‌ഷിക്കേണ്ടത്‌: അരമുറുക്കി ചെരുപ്പുകളണിഞ്ഞ്‌ വടികൈയിലേന്തി തിടുക്കത്തില്‍ ഭക്‌ഷിക്കണം. കാരണം, അതു കര്‍ത്താവിന്‍െറ പെസഹായാണ്‌.

കട്ടിളയിലുള്ള രക്‌തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്‍െറ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്‌തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്‌ഷ നിങ്ങളെ ബാധിക്കുകയില്ല. (പുറപ്പാട്‌ 12 7, 11,13)

പ്രാത്ഥനാ വിചിന്തനം

ദൈവമേ, പഴയ നിയമത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനം പെസഹാ കുഞ്ഞാടിന്റെ രക്തം അവരുടെ വീടിന്റെ വാതിൽപ്പടികളിൽ പുരട്ടിയല്ലോ. പുതിയ ഉടമ്പടിയുടെ ജനങ്ങളായ ഞങ്ങൾക്കു എല്ലാ തിന്മകളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്ന നിന്റെ തിരുരക്തം പാനീയമായി നൽകിയല്ലോ. അന്ത്യാത്താഴത്തിൽ പെസഹാ ഭക്ഷണത്തിനിടെ നീ പരിശുദ്ധ കുർബാന സ്ഥാപിച്ചുവല്ലോ. ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന കുഞ്ഞാടു നീ തന്നെയായി. പരിശുദ്ധ ബലിയോടുള്ള കൃതജ്ഞത ഞങ്ങളിൽ വർദ്ധിപ്പിക്കുകയും ദിവ്യകാരുണ്യം യോഗ്യതയോടെ സ്വീകരിച്ചു പഴയ ഇസ്രായേൽ ജനത്തെപ്പോലെ പാപങ്ങളുടെ എല്ലാ വിധ അടിമത്തത്തിൽ നിന്നു ഞങ്ങളെ മോചിതരാക്കുകയും ചെയ്യണമേ.

ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ !

ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ !

മൂന്നാം സ്ഥലം: മന്ന: പുതിയ മന്നയായ വിശുദ്ധ കുർബാനയുടെ പ്രതിബിംബം ‍

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .”

വചനം ‍

"കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന്‌ അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേക്കും ആവശ്യമുള്ളത്‌ ശേഖരിക്കട്ടെ. അങ്ങനെ അവര്‍ എന്‍െറ നിയമമനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്‌ഷിക്കും. (പുറപ്പാട്‌ 16:4)

പ്രാത്ഥനാ വിചിന്തനം

ദൈവമേ, നിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ മരുഭൂമിയിൽ നാൽപതു വർഷം മന്ന ഭക്ഷിച്ചു ജിവൻ നിലനിർത്തി പുതിയ ഇസ്രായേലായ സഭ നിത്യവാഗ്ദത്ത ഭൂമിയെ ലക്ഷ്യമാക്കി തീർത്ഥാടനം ചെയ്യുകയാണല്ലോ. പരിശുദ്ധ കുർബാനയാകുന്ന പുതിയ മന്നയാൽ അവളുടെ അംഗങ്ങൾ ജീവൻ നിലനിർത്തുന്നു. വീണ്ടും വീണ്ടും നിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനു അമർത്യതയുടെ ഔഷധമായ ജിവന്റെ അപ്പം നീ നൽകി. കൃപാ ജീവിതത്തിൽ സ്ഥിരതയോടെ മുന്നേറാൻ വിശുദ്ധ കുർബാനയോടുള്ള വിശപ്പു ഞങ്ങളിൽ വർദ്ധിപ്പിക്കണമേ.

ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ !

ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ !

നാലാം സ്ഥലം: പഴയ നിയമ ദൈവാലയം : മനുഷ്യരുടെ ഇടയിൽ വസിക്കുന്ന ദൈവം ദിവ്യകാരുണ്യത്തിന്റെ മുന്നാസ്വാദനം. ‍

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .”

വചനം ‍

“ദേവാലയത്തില്‍ കര്‍ത്താവിന്‍െറ തേജസ്‌സു നിറഞ്ഞു നിന്നതിനാല്‍ പുരോഹിതന്‍മാര്‍ക്ക്‌ അവിടെ നിന്നു ശുശ്രൂഷ തുടരുവാന്‍ സാധിച്ചില്ല. സോളമന്‍ പറഞ്ഞു: താന്‍ കൂരിരുട്ടില്‍ വസിക്കുമെന്നു കര്‍ത്താവ്‌ അരുളിച്ചെയ്‌തിട്ടുണ്ടെങ്കിലുംഞാനിതാ അവിടുത്തേക്ക്‌ എന്നേക്കും വസിക്കാന്‍ അതിമഹത്തായ ഒരു ആലയം പണിതിരിക്കുന്നു. എന്നാല്‍ ദൈവം മനുഷ്യനോടൊത്തു ഭൂമിയില്‍ വസിക്കുമോ? സ്വര്‍ഗവും സ്വര്‍ഗാധിസ്വര്‍ഗങ്ങളും അവിടുത്തക്കു മതിയാകുകയില്ല. പിന്നെ ഞാന്‍ പണിതിരിക്കുന്ന ഈ ആലയം എന്തുണ്ട്‌? (2 ദിനവൃത്താന്തം 5 :14, 6 :1, ,2, 18 )

പ്രാത്ഥനാ വിചിന്തനം

ദൈവമേ, പഴയ നിയമത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോടൊപ്പം സത്യമായും നീ ഉണ്ടായിരുന്നു. സോളമനു സ്വപ്നം കാണുന്നതിനുമപ്പുറം വിശുദ്ധ കുർബാനയിലൂടെ നിന്റെ സജീവ സാന്നിധ്യം നീ ഞങ്ങൾക്കു നൽകുന്നു. എത്ര ചെറുതാണെങ്കിലും നിന്റെ കൗദാശിക സാന്നിധ്യത്താൽ എല്ലാ ദൈവാലയങ്ങളിലും നിന്റെ മഹത്വം നീ നിറച്ചു. സമയത്തിന്റെ പൂർത്തീകരണം വരെ വിശുദ്ധ കുർബാനയിൽ ഞങ്ങളോടൊത്തു വസിക്കുന്ന നിന്റെ സാന്നിധ്യത്തോടു നന്ദിയുള്ളവരായി ജീവിക്കാൻ ഞങ്ങളെ ഒരുക്കേണമേ.

ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ !

ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ !

അഞ്ചാം സ്ഥലം: ഏലിയായും ചുട്ടെടുത്ത അപ്പവും: യാത്രക്കുള്ള ഭക്ഷണ മായ ദിവ്യകാരുണ്യത്തിന്റെ പ്രതിബിംബം ‍

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .”

വചനം ‍

"അവന്‍ ആ ചെടിയുടെ തണലില്‍ കിടന്നുറങ്ങി. കര്‍ത്താവിന്‍െറ ദൂതന്‍ അവനെ തട്ടിയുണര്‍ത്തി, എഴുന്നേറ്റു ഭക്‌ഷിക്കുക എന്നുപറഞ്ഞു. എഴുന്നേറ്റുനോക്കിയപ്പോള്‍ ചുടുകല്ലില്‍ ചുട്ടെടുത്ത അപ്പവും ഒരു പാത്രം വെള്ളവും ഇതാ തലയ്‌ക്കല്‍ ഇരിക്കുന്നു. അതു കഴിച്ച്‌ അവന്‍ വീണ്ടും കിടന്നു. കര്‍ത്താവിന്‍െറ ദൂതന്‍ വീണ്ടും അവനെ തട്ടിയുണര്‍ത്തി പറഞ്ഞു: എഴുന്നേറ്റു ഭക്‌ഷിക്കുക. അല്ലെങ്കില്‍യാത്ര ദുഷ്‌കരമായിരിക്കും. അവന്‍ എഴുന്നേറ്റു ഭക്‌ഷണപാനീയങ്ങള്‍ കഴിച്ചു. അതിന്‍െറ ശക്‌തികൊണ്ടു നാല്‍പതു രാവും നാല്‍പതു പകലും നടന്നു കര്‍ത്താവിന്‍െറ മലയായ ഹോറെബിലെത്തി. (1 രാജാക്കന്‍മാര്‍ 19: 5- 8)

പ്രാത്ഥനാ വിചിന്തനം

ദൈവമേ, ദിവ്യകാരുണ്യത്തിന്റെ മുന്നോടിയായ ചുട്ടെടുത്ത അപ്പത്തിലൂടെ നിന്റെ ദുതൻ ഏലിയ പ്രവാചകന്റെ വിശപ്പടക്കില്ലല്ലോ. നിത്യ ജീവനെ ലക്ഷ്യമാക്കി ഞാൻ തീർത്ഥയാത്ര ചെയ്യുമ്പോൾ നിന്റെ കൂദാശ നൽകുന്ന ശക്തി ഞങ്ങൾക്കു വളരെ ആവശ്യമാണ്. ഈ ആത്മീയ പോഷണമില്ലാതെ ഞങ്ങൾക്കു നിത്യജീവൻ സ്വന്തമാക്കാൻ കഴിയില്ല. വഴിയിൽ ഞങ്ങൾ തളർന്നു വീഴുകയോ വിശപ്പു മൂലം മരിക്കുകയോ ചെയും, ദൈവമേ നിന്നെ കൂടാതെ ഒന്നും ചെയ്യാൻ ഞങ്ങൾക്കു സാധിക്കില്ല.

ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ !

ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ !

ഏഴാം സ്ഥലം . കാനായിലെ കല്യാണ വിരുന്ന് : വെള്ളം വീഞ്ഞാക്കി , വീഞ്ഞു രക്തമാക്കി ‍

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .”

വചനം ‍

"ബേത്‌ലെഹെം- എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ,യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്‌." (മിക്കാ 5:2)

പ്രാത്ഥനാ വിചിന്തനം

ദൈവമേ, വചനം മാംസമായി ഞങ്ങളുടെ ഇടയിൽ വസിക്കുന്ന ദൈവമേ, അപ്പത്തിന്റെ ഭവനം ജന്മസ്ഥലമായി തിരഞ്ഞെടുത്തത് നിനക്കു എത്രമാത്രം അനുയോജ്യമാണ്. നിന്റെ അമ്മ നിന്നെ പിള്ള കച്ചകൊണ്ടു പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തി കാരണം സത്രത്തിൽ നിനക്കു സ്ഥലം ലഭിച്ചില്ല. ഒരു കൊച്ചു കുട്ടി ആയിരിക്കുമ്പോൾത്തന്നെ നീ സത്യമായ ജീവന്റെ അപ്പമാണുന്നു ഞങ്ങൾക്കു വെളിപ്പെടുത്തി. ഓരോ സ്ക്രാരിയും മറ്റോരു ബേത്‌ലെഹെമാണ്. ഞങ്ങൾ നിന്നെ അവിടെ കണ്ടെത്തുകയും ഞങ്ങളുടെ ഹൃദയമാകുന്ന സത്രത്തിലേക്കു നിനക്കു സ്വാഗതമോതുകയും ചെയ്യുന്നു

ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ !

ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ !

ഏഴാം സ്ഥലം: കാനായിലെ കല്യാണ വിരുന്ന് : വെള്ളം വീഞ്ഞാക്കി , വീഞ്ഞു രക്തമാക്കി ‍

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .”

വചനം ‍

ഭരണികളില്‍ വെള്ളം നിറയ്‌ക്കുവിന്‍ എന്ന്‌ യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.കലവറക്കാരന്‍െറ അടുത്തു കൊണ്ടുചെല്ലുവിന്‍ എന്ന്‌ അവന്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്‌തു. കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത്‌ എവിടെനിന്നാണെന്ന്‌ അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു

.അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ്‌ ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്‌ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ്‌ ഇതുവരെയും സൂക്‌ഷിച്ചുവച്ചുവല്ലോ."

(യോഹന്നാന്‍ 2: 7, 9, 10)

പ്രാത്ഥനാ വിചിന്തനം

ദൈവമേ, നിന്റെ അമ്മയുടെ അപേക്ഷയാൽ കാനായിൽ വച്ചു നീ വെള്ളം വീഞ്ഞാക്കിയപ്പോൾ പ്രപഞ്ചശക്തികൾക്കുമേൽ നിനക്കുള്ള ശക്തി ഞങ്ങൾ തിരിച്ചറിഞ്ഞു. മുറിവേറ്റ ഞങ്ങളുടെ വിശ്വാസത്തിനുള്ള ലേപനമാണ് ഈ അത്ഭുഭുതം. വീണ്ടും വീഞ്ഞു നീ രക്തമാക്കി, എത്രയോ വലിയ അത്ഭുതം. നിന്റെ ആദ്യ പരസ്യ അത്ഭുതം വഴി വീഞ്ഞിനെ നിന്റെ അമൂല്യ രക്തമാക്കി മാറ്റാൻ സാധിക്കും എന്ന വലിയ വിശ്വാസം നീ ശിഷ്യന്മാർക്കു കൊടുക്കുകയായിരുന്നല്ലോ. ഞങ്ങളുടെ ഹൃദയത്തെ വിശാലമാക്കുകയും ഞങ്ങളുടെ അവിശ്വാസങ്ങളാകുന്ന വെള്ളത്തെ ശിശുസഹജമായ വിശ്വാസമുള്ള വീഞ്ഞാക്കി രൂപാന്തരപ്പെടുത്തണമേ.

ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ !

ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ !

എട്ടാം സ്ഥലം .ഈശോ അപ്പം വർദ്ധിപ്പിക്കുന്നു: ദിവ്യകാരുണ്യം, അനേകർക്കുള്ള ഭക്ഷണം ‍

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .”

വചനം ‍

“അവന്‍ അഞ്ചപ്പവും രണ്ടു മീനും എടുത്ത്‌ സ്വര്‍ഗത്തിലേക്കു നോക്കി, കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അപ്പം മുറിച്ചതിനുശേഷം ജനങ്ങള്‍ക്കു വിളമ്പാന്‍ശിഷ്യന്‍മാരെ ഏല്‍പിച്ചു. ആ രണ്ടു മീനും അവന്‍ എല്ലാവര്‍ക്കുമായി വിഭജിച്ചു.അവരെല്ലാവരും ഭക്‌ഷിച്ചു തൃപ്‌തരായി.അപ്പം ഭക്‌ഷിച്ചവര്‍ അയ്യായിരം പുരുഷന്‍മാരായിരുന്നു." (മര്‍ക്കോസ്‌ 6: 41-42, 44)

പ്രാത്ഥനാ വിചിന്തനം

ദൈവമേ, നീ പ്രവർത്തിച്ച അത്ഭുതങ്ങളിൽ ഈ അത്ഭുതത്തിൽ കൂടുതൽ ദിവ്യകാരുണ്യകത ഞങ്ങൾ കാണുന്നു. നീ അപ്പം ആശിർവ്വദിച്ചു ശിഷാന്മാരുടെ കൈകളിൽ കൊടുത്തപ്പോൾ അവർ അനേകർക്കു വിതരണം ചെയ്തു. അഞ്ചപ്പം അയ്യായിരം പുരുഷന്മാർക്കായി. നിന്റെ പുരോഹിതന്മാരിലൂടെ ദിവ്യകാരുണ്യം എണ്ണമറ്റ വിശ്വാസികൾക്കു ജീവന്റെ അപ്പമായി മാറുന്നതു ഞങ്ങൾ ഇവിടെ ദർശിക്കുന്നു. വിശുദ്ധ കുർബാന ഉള്ളിടത്തോളം, അനേകർക്കു വിശപ്പകറ്റുന്ന ദിവ്യകാരുണ്യമുണ്ട്. നീ ങ്ങൾക്കു ഭക്ഷണം തരിക മാത്രമല്ല ഞങ്ങളെ സംതൃപ്തരാക്കുകയും ചെയ്യുന്നു. നിന്നാൽ മാത്രം സംതൃപ്തരാകാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.

ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ !

ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ !

ഒൻപതാം സ്ഥലം.: ജീവന്റെ അപ്പത്തിന്റെ പ്രഭാഷണം :യേശു ജീവന്റെ അപ്പം ‍

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .”

വചനം ‍

"സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്‌.

ഞാന്‍ ജീവന്‍െറ അപ്പമാണ്‌. സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍െറ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍െറ ശരീരമാണ്‌." (യോഹന്നാന്‍ 6:47- 51)

പ്രാത്ഥനാ വിചിന്തനം

ദൈവമേ, നീ നൽകിയ എല്ലാ സൂചനകളേക്കാളും വ്യക്തമായി ജീവന്റെ അപ്പത്തിന്റെ പ്രഭാഷണത്തിലൂടെ നീ ഞങ്ങളോടു സംസാരിക്കുന്നു. പെസഹാ വ്യാഴം സമീപിക്കുന്നതോടെ ജീവന്റെ അപ്പത്തിനെക്കുറിച്ചുള്ള നിഴലുകൾ മാറി വ്യക്തത വരുന്നു. നിന്റെ വാക്കുകൾ എല്ലാ സംശയങ്ങളെയും ശമിപ്പിക്കുന്നു. നിന്റെ വാക്കുകളാൽ ഞങ്ങൾ വഞ്ചിതരാകുന്നില്ല. കണ്ണുകൾ കാണാതാകുമ്പോൾ, ഇന്ദ്രയ ങ്ങൾ ഗ്രഹിക്കാതാകുമ്പോൾ, വിശ്വാസം നിന്റെ വാക്കുകളെ ശ്രവിക്കുകയും എല്ലാ പ്രതാശയും നിന്നിൽ അർപ്പിക്കുകയും ചെയ്യുന്നു. ഈ പ്രഭാഷണം ഒരു ഉപമയല്ല ഞങ്ങളെ അനാഥരാക്കാത്ത നിന്റെ ഹൃദയത്തിന്റെ ഒരു കാഴ്ചയാണ് . എന്റെ ദൈവമേ, നിന്റെ വലിയ ദാനത്തോടു നന്ദിയുള്ളവരാകാൻ ഞങ്ങളെ പഠിപ്പിക്കണമേ.!

ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ !

ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ !

പത്താം സ്ഥലം: അവസാന അത്താഴം : ഈശോ വാഗ്ദാനങ്ങളെല്ലാം നിറവേറ്റുന്നു. ‍

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .”

വചനം ‍

"പിന്നെ അവന്‍ അപ്പമെടുത്ത്‌, കൃതജ്‌ഞതാ സ്‌തോത്രംചെയ്‌ത്‌, മുറിച്ച്‌, അവര്‍ക്കുകൊ ടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്‍െറ ശരീരമാണ്‌. എന്‍െറ ഓര്‍മയ്‌ക്കായി ഇതു ചെയ്യുവിന്‍." (ലൂക്കാ 22:19)

പ്രാത്ഥനാ വിചിന്തനം

ദൈവമേ, നിന്റെ പീഡാസഹനത്തിന്റെ ഈ രാവിൽ ദിവ്യകാരുണ്യ രഹസ്യത്തിന്റെ അത്യുച്ചകോടിയിലാണ് ഞങ്ങൾ.ഈ പെസഹാ മറ്റു പെസഹാ പോലെയല്ല. പഴയ ഉടമ്പടി കടന്നു പോകാറായി. പുതിയതും നിത്യം നിലനിൽക്കുന്നതുമായ ഉടമ്പടി സ്ഥാപിക്കപ്പെടാൻ സമയമായി, വാഗ്ദാന പൂർത്തീകരണങ്ങളുടെ അനുഗ്രഹീത നിമിഷം. അപ്പസ്തോലന്മാരോടു കൂടി നിന്റെ വാക്കുകളെ ഞങ്ങൾ ശ്രദ്ധിക്കുന്നു. അവ ഒരു കൂട്ടുകാരന്റെ, സഹോദരന്റെ, പുരോഹിതന്റെ വാക്കുകളാണ്. അതിലെല്ലാം ഉപരി വചനം മാംസമായവന്റെ , നിത്യ പിതാവിന്റെ പ്രിയപുത്രന്റെ വാക്കുകളാണ്. ഇത് എന്റെ ശരീരം ഇത് എന്റെ രക്തം നൂറ്റാണ്ടുകളായി പുരോഹിതന്മാരുടെ അധരങ്ങളിലൂടെ മുഴങ്ങുന്ന ഈ കുർബാന സ്ഥാപനവിവരണ വാക്കുകൾ എത്രമാത്രം വാത്സല്യത്തോടെയാണു നീ ചൊല്ലിയത്. അത് ഗ്രഹിക്കാൻ ഞങ്ങൾക്കു എന്നാണു സാധിക്കുക

ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ !

ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ !

പതിനൊന്നാം സ്ഥലം: എമ്മാവൂസിലേക്കുള്ള യാത്ര : അപ്പം മുറിക്കുമ്പോൾ യേശുവിനെ തിരിച്ചറിയുന്നു. ‍

“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .”

വചനം ‍

“അവരോടൊപ്പം ഭക്‌ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പം എടുത്ത്‌ ആശീര്‍വ്വദിച്ച്‌ മുറിച്ച്‌ അവര്‍ക്കുകൊടുത്തു.അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്‌ഷേ, അവന്‍ അവരുടെ മുമ്പില്‍നിന്ന്‌ അപ്രത്യക്‌ഷനായി.(ലൂക്കാ 24:30- 31).

പ്രാത്ഥനാ വിചിന്തനം

ദൈവമേ എമ്മാവൂസിലേക്കുള്ള യാത്രയിൽ നീ ശിഷ്യന്മാരൊത്തു യാത്ര ചെയ്തപ്പോൾ അവർ പറഞ്ഞതെല്ലാം നീ ശ്രവിച്ചു. നിരാശയിലും ആകുലതയിലും കീഴ്പ്പെട്ട അവർ വഴിമധ്യേയുള്ള സംസാരത്തിൽ അവനെ തിരിച്ചറിയുന്നില്ല. അപ്പം മുറിക്കുന്നതു വരെ അവർ നിന്നെ തിരിച്ചറിഞ്ഞില്ല. അവരുടെ കണ്ണുകൾ അപ്പോൾ തുറക്കപ്പെട്ടു പക്ഷേ നീ അവരുടെ കൺമുമ്പിൽ നിന്നും അപ്രത്യക്ഷമായി. പരിശുദ്ധ കുർബാനയിൽ, ഞങ്ങളുടെ ബാഹ്യ നേത്രങ്ങൾ കൊണ്ടു അങ്ങയെ ദർശിക്കാൻ കഴില്ലങ്കിലും അപ്പം മുറിക്കുമ്പോൾ ആന്തരിക നേത്രങ്ങൾ കൊണ്ടു ഞങ്ങൾ നിന്നെ തിരിച്ചറിയുന്നു. നിശബ്ദ ആരാധനയിൽ ഞങ്ങൾ നിന്നെ ശ്രവിക്കുമ്പോൾ എമ്മാവൂസിലെ ശ്ലീഹന്മാരെപ്പേൽ ഞങ്ങളുടെ ഉള്ളും ജ്വലിക്കുന്നു. അവരെപ്പോൽ ഞങ്ങളും വിളിച്ചു പ്രാർത്ഥിക്കുന്നു നാഥാ ഞങ്ങളൊടൊത്തു വസിച്ചാലും.

ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ !

ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ !

പന്തണ്ടാം സ്ഥലം: കുഞ്ഞാടിന്റെ വിവാഹ വിരുന്ന് :ദിവ്യകാരുണ്യം നിത്യജീവനുള്ള ഉറപ്പ്“പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ .”

വചനം ‍

"നമുക്ക്‌ ആനന്‌ദിക്കാം; ആഹ്ലാദിച്ച്‌ ആര്‍പ്പുവിളിക്കാം. അവിടുത്തേക്ക്‌ മഹത്വം നല്‍കാം. എന്തെന്നാല്‍, കുഞ്ഞാടിന്‍െറ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ദൂതന്‍ എന്നോടുപറഞ്ഞു, എഴുതുക; കുഞ്ഞാടിന്‍െറ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്‍മാര്‍! അവര്‍ വീണ്ടും പറഞ്ഞു: ഇവ ദൈവത്തിന്‍െറ സത്യവചസ്‌സുകളാണ്‌."

(വെളിപാട്‌ 19:7, 9 )

പ്രാത്ഥനാ വിചിന്തനം

ദൈവമേ, ദിവ്യകാരുണ്യത്തിലൂടെ മനുഷ്യ ഹൃദയങ്ങളിൽ ഭരണം നടത്താൻ ആരംഭിക്കുന്നു. ഓരോ ദിവ്യകാരുണ്യ സ്വീകരണവും കുഞ്ഞാടും ആത്മാവും തമ്മിലുള്ള വിവാഹവുമായി താരതമ്യം ചെയ്യാം. ഇപ്പോൾ നിന്റെ സാന്നിധ്യം മൂടപ്പെട്ടിരിക്കുന്നു നിന്നെ മുഖാഭിമുഖം ദർശിക്കാനുള്ള ദിവസത്തിനായി പ്രത്യശയോടെ ഞങ്ങൾ കാത്തിരിക്കുന്നു. "എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ, ദൈവത്തിന്റെ ആനന്ദത്തിലേക്കു പ്രവേശിക്കുക " എന്നു നീ ഞങ്ങളോടു പറയുന്ന ദിവസം ഞങ്ങൾ മുൻകൂട്ടി കാണുന്നു ' ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നിന്റെ രാജ്യത്തിലുള്ള ആനന്ദത്തിന്റെ മുന്നാസ്വാദനം നീ ഞങ്ങൾക്കു നൽകുന്നു. സ്വർഗ്ഗരാജ്യത്തിലെ നിത്യമായ വിവാഹാഘോഷത്തിൽ നിന്നോടു ഒന്നാകാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ നീ വർദ്ധിപ്പിക്കണമേ.

ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കേണമേ !

ദിവ്യകാരുണ്യത്തിന്റെ അമ്മയായ മറിയമേ, , ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ !

സമാപന പ്രാർത്ഥന

ദൈവമേ, മനുഷ്യവംശത്തിനു തന്നെത്തന്നെ വെളിപ്പെടുത്തിയതിനു ഞങ്ങളുടെ രക്ഷക്കായി സ്വയം ബലി ആയതിനു ഞങ്ങളോടൊപ്പം വിശുദ്ധ കുർബാനയിൽ വസിക്കുന്നതിനു ഞങ്ങൾ നന്ദി പറയുന്നു. നീ വാഗ്ദാനങ്ങൾ നിർമ്മിക്കുന്നവനും പൂർത്തീകരിക്കുന്നവും പൂർത്തീകരണവുമാണ്: "സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍െറ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍െറ ശരീരമാണ്‌."

(യോഹന്നാന്‍ 6:51) എന്നെ ദിവ്യകാരുണ്യത്തിന്റെ യഥാർത്ഥ പ്രേഷിതനാക്കണമേ. എന്റെ ആരാധന സമയങ്ങളിൽ, എന്റെ ഹൃദയത്തെ നിന്റെ കൃപയാൽ നിറയ്ക്കുകയും നിന്റെ പ്രഭയാൻ ഞാൻ ഈ ലോകത്തിൻ വെളിച്ചം പകരുകയും അതുവഴി അനേകരെ ദിവ്യകാരുണ്യത്തിന്റെ അടുക്കലേക്കു കൊണ്ടുവരുകയും ചെയ്യട്ടെ. രക്ഷയുടെ കൂദാശയെക്കുറിച്ചുള്ള അറിവിൽ ഞാൻ ആഴപ്പെടുകയും രക്തം ചിന്തിപോലും വിശുദ്ധ കുർബാനയെ സംരക്ഷിക്കാൻ എന്നെ ധൈര്യപ്പെടുത്തുകയും ചെയ്യണമേ.

പരിശുദ്ധ കുർബാനയിലെ ഈശോയുടെ ഹൃദയം എല്ലാവരാലും എല്ലാ സമയവും ലോകത്തിലുള്ള എല്ലാ സത്രാരി കളിയും ലോകാവസാനം വരെ സ്തുതിക്കപ്പെടുകയും ആരാധിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യട്ടെ. ആമ്മേൻ


Related Articles »