Arts - 2024

'റൂട്ട് 60: ദി ബിബ്ലിക്കൽ ഹൈവേ': ബൈബിൾ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയില്‍ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും

പ്രവാചകശബ്ദം 26-05-2022 - Thursday

ജെറുസലേം: ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ കാഴ്ചക്കാരിൽ എത്തിക്കാൻ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും, ഇസ്രായേലിലെ മുൻ യുഎസ് അംബാസഡർ ഡേവിഡ് ഫ്രീഡ്മാനും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡോക്യുമെന്ററി പണിപ്പുരയില്‍. 'റൂട്ട് 60: ദി ബിബ്ലിക്കൽ ഹൈവേ' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ചിത്രം നിർമ്മിക്കുന്നത് ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക് എന്ന ക്രൈസ്തവ മാധ്യമത്തിന്റെ അധ്യക്ഷനായ മാറ്റ് ക്രൗചാണ്. പഴയനിയമത്തിലെ റൂത്ത് കരഞ്ഞ സ്ഥലവും, യാക്കോബ് സ്വപ്നം കണ്ട സ്ഥലവും അടക്കം വിവിധങ്ങളായ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഡോക്യുമെന്ററിയിലൂടെ കാഴ്ചക്കാരുടെ മുന്നിലെത്തും.

ഇതിനോടകം നിരവധി സ്ഥലങ്ങളിൽ ഡോക്യുമെന്ററി ചിത്രീകരണം നടന്നു. കാലഘട്ടം പുറകോട്ട് സഞ്ചരിച്ച്, പഴയ കാലത്തെ യഹൂദരുടെ ജീവിതം എങ്ങനെയാണെന്ന് അവതരിപ്പിക്കുകയാണെന്ന് ഫ്രീഡ്മാൻ പറഞ്ഞു. ബൈബിൾ പഠിപ്പിച്ചാൽ മാത്രം പോരാ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അനുഭവവേദ്യമായതു പോലെ ഇപ്പോഴും അത് അനുഭവവേദ്യമാകണമെന്ന് ഡോക്യുമെന്ററിയുടെ പിറവിക്ക് പിന്നിലെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് അവബോധം നൽകുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നസ്രത്തിൽ ആരംഭിക്കുന്ന ഡോക്യുമെന്ററി ബേർഷബയിലാണ് അവസാനിക്കുന്നത്.

രണ്ടു സ്ഥലങ്ങളും ഇസ്രായേലിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഹെലികോപ്റ്ററിലാണ് ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളിലേക്ക് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും, ഇസ്രായേലിലെ മുൻ യുഎസ് അംബാസഡറും എത്തുന്നത്. ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ഇസ്രായേലിന് അനുകൂലമായി നിരവധി തീരുമാനങ്ങൾ കൈക്കൊണ്ട രണ്ടുപേരാണ് ഫ്രീഡ്മാനും, പോംപിയോയും. എന്നാൽ ഡോക്യുമെന്ററി ചിത്രം രാഷ്ട്രീയ കാര്യങ്ങളൊന്നും പരാമർശിക്കില്ലെന്ന് ഡേവിഡ് ഫ്രീഡ്മാൻ പറഞ്ഞു.


Related Articles »