India - 2025

വിദ്യാഭ്യാസ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധം: ചങ്ങനാശേരി അതിരൂപതാ ജാഗ്രതാ സമിതി

പ്രവാചകശബ്ദം 27-05-2022 - Friday

ചങ്ങനാശേരി: ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയേയും ഉയർത്തിപ്പിടിക്കുന്നവർക്ക് ഒരിക്കലും ഭാഷാ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങൾ കവർന്നെടുക്കുന്ന നിലപാടു സ്വീകരിക്കാനാവില്ലായെന്ന് ചങ്ങനാശേരി അതിരൂപതാ ജാഗ്രതാ സമിതി. അതുകൊണ്ടുതന്നെ ഭാഷാ മതന്യൂനപക്ഷങ്ങളുടെ സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകനിയമനം പി. എസ്. സി ക്കു വിടണമെന്ന അഭിപ്രയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ആണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് -ജാഗ്രതാ സമിതി അഭിപ്രായപ്പെട്ടു.

ജനാധിപത്യ ഇന്ത്യയിൽ ഭാഷാ മതന്യൂനപക്ഷങ്ങളുടെ നിലനിൽപ്പിനുവേണ്ടി നൽകിയിരിക്കുന്ന ഭരണഘടനാപരമായ അവകാശമാണ് വിദ്യാലയങ്ങൾ സ്ഥാപിച്ചു നടത്തുകയെന്നത്. വിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിനും വിദ്യാർത്ഥി പ്രവേശനത്തിനുമുള്ള സ്വാതന്ത്ര്യം ഈ അവകാശത്തിന്റെ അഭിവാജ്യഘടകമാ ണെന്നു പരമോന്നത കോടതികൾ നിരന്തരം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനു വിരുദ്ധമായ നിലപാടുകൾ ജനാധിപത്യ വിരുദ്ധം തന്നെയാണ്.

കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക വളർച്ചയിൽ എന്തിനേക്കാളും ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ളത് ഇവിടുത്തെ മതന്യൂനപക്ഷങ്ങളുടെ വിദ്യാലയങ്ങളാണ്. ഏറ്റവും പാവപ്പെട്ടവർക്കു പോലും മികച്ച വിദ്യാഭ്യാസത്തിലൂടെ റിസൽട്ടിൽ മുമ്പന്തിയിൽ നിൽക്കുന്ന കലാകായിക രംഗങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഈ വിദ്യാലയങ്ങളെ തകർക്കാനുള്ള നീക്കമായിട്ടേ ഈ ആശയ പ്രചരണത്തെ കാണാൻ കഴിയൂ.

കേവലം കയ്യടികൾ ക്കുവേണ്ടി പ്രസ്താവനകൾ നടത്തുന്നവരായി രാഷ്ട്രീയ നേതാക്കൾ മാറുന്നത് ഖേദകരമാണ്. ഇന്ത്യയുടെ മഹത്തായ മതേതരത്വത്തെ ഉൾക്കൊള്ളാൻ കഴിയാത്തവർക്കും സർക്കാരിന്റെ സർവാധിപത്യമാണ് ജനാധിപത്യമെന്നു വിശ്വസിക്കുന്ന സർവാധിപത്യ മനോഭാവക്കാർക്കും മാത്രമേ ഭാഷ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശത്തിനെ തിരേ നിലപാട് സ്വീകരിക്കാൻ കഴിയൂവെന്നും ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് -ജാഗ്രതാ സമിതി പ്രസ്താവിച്ചു. ഡയറക്ടർ ഫാ.ജയിംസ് കൊക്കാവയലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ.ഫിലിപ്പ് നെൽപുരപറമ്പിൽ വിഷയം അവതരിപ്പിച്ചു. അതിരൂപത പി ആർ ഒ അഡ്വ.ജോജി ചിറയിൽ റവ. ഫാ. ജോസഫ് പനക്കേഴം, അഡ്വ. ജോർജ് കോടിക്കൽ, ബിനു കുര്യാക്കോസ്, അഡ്വ. ജോർജ് ജോസഫ് പാണംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

More Archives >>

Page 1 of 460