Youth Zone
ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ സുരക്ഷയ്ക്കായി യുവാക്കള്‍ക്ക് പാക്ക് പോലീസിന്റെ പരിശീലനം
പ്രവാചകശബ്ദം 01-06-2022 - Wednesday
പെഷവാര്‍: ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവായ പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ പോലീസിനെ സഹായിക്കുന്നതിനായി പെഷവാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കി. റൂറല്‍ എസ്.പി നൗഷെര്‍വാന്‍ അലി, ഡി.എസ്.പി ലുഖ്മാന്‍ ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ റൂറല്‍ ഡിവിഷനില്‍പ്പെട്ട ദേവാലയങ്ങളില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിശീലനം സംഘടിപ്പിച്ചത്. ദേവാലയങ്ങളില്‍ വരുന്ന സന്ദര്‍ശകരുടെ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ക്രൈസ്തവര്‍ക്ക് പുറമേ മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരും പരിശീലനത്തില്‍ പങ്കെടുത്തുവെന്നു നൗഷെര്‍വാന്‍ അലി പറഞ്ഞു. പെഷവാര്‍ പോലീസ് ചീഫ് ഇജാസ് ഖാനുമായി സമീപ ദിവസം ക്രിസ്ത്യന്‍ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസിനെ സഹായിക്കുക എന്നതാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളും, സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നത് പതിവാണ്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലാഹോറിലെ ഗ്രീൻ ടൗണിൽ സ്ഥിതി ചെയ്യുന്ന വൺ ഇൻ ക്രൈസ്റ്റ് മേല്‍ക്കൂരയില്‍ കയറി ഒരു മുസ്ലീം യുവാവ് കുരിശു രൂപം പിഴുതുകളയുവാന്‍ ശ്രമിച്ചതും, ജനുവരിയില്‍ ഒകാര ജില്ലയിലെ സെന്റ് കാമിലസ് ദേവാലയം 4 പേര്‍ ചേര്‍ന്ന് അലംകോലമാക്കിയതും വാര്‍ത്തയായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ ഷെയിഖ്പുരയില്‍ പ്രിസ്ബൈറ്റേറിയന്‍ സമൂഹത്തിന്റെ കീഴിലുള്ള ഗ്ലോബല്‍ പാഷന്‍ സ്കൂളില്‍ പണം ആവശ്യപ്പെട്ടുകൊണ്ട് 14 അംഗ സായുധ സംഘം ആക്രമണം നടത്തിയത് സമീപ കാലത്താണ്. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവായ പാക്കിസ്ഥാനില്‍ ക്രൈസ്തവ സമൂഹം കടുത്ത ഭീഷണി നേരിടുന്നുണ്ട്.
പെഷവാറില്‍ ദേവാലയ സംരക്ഷണ ചുമതലയുള്ള സന്നദ്ധ സേവകര്‍ക്കൊപ്പം സുരക്ഷാസേനയില്‍ ചേര്‍ന്ന ആകാശ് ബഷീർ എന്ന ഇരുപതുകാരന്‍ ചാവേർ ആക്രമണം നടത്താൻ വന്ന തീവ്രവാദിയെ സ്വജീവൻ പണയം വെച്ച് തടഞ്ഞുനിർത്തി രക്തസാക്ഷിത്വം വരിച്ചിരിന്നു. ചാവേറുകള്‍ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ചപ്പോള്‍ പ്രവേശന കവാടത്തില്‍ നിന്നിരുന്ന ആകാഷ് അവരെ തടയുന്നതിനിടയിലാണ് കൊല്ലപ്പെടുന്നത്. “ഞാന്‍ മരിക്കും, പക്ഷേ ഞാന്‍ നിങ്ങളെ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ സമ്മതിക്കുകയില്ല” എന്നതായിരുന്നു ആകാഷിന്റെ അവസാന വാക്കുകള്‍. ഈ യുവാവിനെ കഴിഞ്ഞ വര്‍ഷം ദൈവദാസനായി പ്രഖ്യാപിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക