India - 2024

കേരള കത്തോലിക്ക രൂപതകൾ സംസ്ഥാന വ്യാപകമായി ജാഗ്രത സമിതികൾ രൂപീകരിക്കുന്നു

പ്രവാചകശബ്ദം 28-06-2022 - Tuesday

കൊച്ചി: വർദ്ധിച്ചുവരുന്ന വിവിധ സാമൂഹിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, കെസിബിസി ഐക്യ - ജാഗ്രത കമ്മീഷന്റെ നേതൃത്വത്തിൽ എല്ലാ രൂപതകളിലും ജാഗ്രതാ സമിതികൾ രൂപീകരിക്കാനും പ്രവർത്തനങ്ങൾ വിപുലീകരിക്കുവാനും ഇടപെടലുകൾ ഉറപ്പാക്കാനും 2022 ജൂൺ 7,8,9 തീയതികളിൽ എറണാകുളത്ത് നടന്ന കെസിബിസി സമ്മേളനം തീരുമാനിക്കുകയുണ്ടായിരുന്നു. അഞ്ച് പേർ അടങ്ങുന്ന ഒരു ജാഗ്രതാ കമ്മിറ്റിയായിരിക്കും രൂപത തലത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. കേരളത്തിലെ 32 രൂപതകളിൽ നിന്നുമുള്ള ജാഗ്രത സമിതി പ്രതിനിധികളുടെ ആദ്യ യോഗം ജൂലൈ 29-30 തീയ്യതികളിൽ കെസിബിസി ആസ്ഥാനമായ പി ഒ സിയിൽ ചേരുമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ അറിയിച്ചു.

സാമൂഹിക ഐക്യം സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാടുകളും നയങ്ങളും ശരിയായി അവതരിപ്പിക്കാനും നടപ്പിലാക്കാനും, സഭ നേരിടുന്ന വിവിധ പ്രതിസന്ധികളെ കുറിച്ച് നിരീക്ഷണങ്ങളും പഠനങ്ങളും നടത്താനും, സഭയ്ക്കെതിരായുള്ള ആസൂത്രിതമായ അപവാദ പ്രചാരണങ്ങളെയും അധിനിവേശ ശ്രമങ്ങളെയും പ്രതിരോധിക്കാനും ആവശ്യമായ പ്രവർത്തനങ്ങൾക്കാണ് ജാഗ്രത സമിതികൾ നേതൃത്വം നൽകുക. രൂപതാതലത്തിലുള്ള ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഇടവക - ഫൊറോന തലങ്ങളിൽ ജാഗ്രത കൂട്ടായ്മകൾ രൂപീകരിക്കുന്നത് വഴിയായി, സമീപകാലത്ത് ഗൗരവമായ ചർച്ചകൾക്ക് ഇടയാക്കിയ പ്രണയക്കെണികൾ, വർദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം, വർഗീയ ധ്രുവീകരണം മുതലായ വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ ഉറപ്പുവരുത്തുകയാണ് കേരളകത്തോലിക്കാ സഭാനേതൃത്വം ലക്ഷ്യമാക്കുന്നതെന്നും ജാഗ്രതാ കമ്മീഷൻ കമ്മീഷൻ സെക്രട്ടറി അറിയിച്ചു.

ഇത്തരം വിഷയങ്ങളിൽ സമയബന്ധിതവും വ്യക്തവുമായ പ്രതികരണങ്ങൾ ഈ നാളുകളിൽ കെസിബിസി ജാഗ്രത കമ്മീഷൻ നടത്തിവന്നിട്ടുണ്ട്. അതിന്റെ തുടർച്ചയായി കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ സമൂഹത്തിൽ നടത്താൻ ജാഗ്രതാ സമിതികളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

More Archives >>

Page 1 of 466