India - 2025

കർഷകരുടെ അടിസ്ഥാനപരമായ മനുഷ്യാവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

പ്രവാചകശബ്ദം 24-06-2022 - Friday

കോതമംഗലം: ബഫർ സോൺ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ ഫലമായുണ്ടായിരിക്കുന്ന ആശങ്കകൾ അകറ്റാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. പ്രശ്ന പരിഹാരത്തിന് സർക്കാരുകളുടെ ഇച്ഛാശക്തിയോടെയുള്ള നിലപാടും സമയ ബന്ധിതമായ തുടർനടപടികളും അത്യാവശ്യമാണെന്നും മാർ മഠത്തിക്കണ്ടത്തിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അടിയന്തരമായി സംസ്ഥാന മന്ത്രിസഭ യോഗം ചേർന്ന് ജനവാസമേഖലകൾ ഉൾപ്പെ ടെ ഒരു കിലോമീറ്റർ ബഫർ സോണായി നിശ്ചയിക്കാൻ തീരുമാനിച്ച 2019 ഒക്ടോബർ 23ലെ മന്ത്രിസഭായോഗ തീരുമാനം പിൻവലിക്കണം. അല്ലെങ്കിൽ ബഫർ സോണിൽ നിന്നു ജനവാസമേഖലകളും കൃഷിഭൂമിയും സഞ്ചാരയോഗ്യമായ വഴികളും 100 ശതമാനവും ഒഴിവാക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിയിൽ പറയുന്നതുപോലെ കേരളത്തിലെ എല്ലാ സംരക്ഷിത പ്രദേശങ്ങളുടെയും വിശദവിവരങ്ങൾ ശേഖരിച്ച്, നിലവിലെ ബഫർ സോൺ പ്രഖ്യാപനവുമായി മുന്നോട്ടുപോയാൽ എത്രത്തോളം ആളുകളുടെ ജീവിതത്തെ സാരമായി ഇതു ബാധിക്കും എന്ന കണക്കുകളും രേഖകളുമായി സംസ്ഥാന സർക്കാർ അപ്പിൽ നൽകണം. കൂടാതെ 1972ലെ വന്യ ജീവി നിയമത്തിലെ സെക്ഷൻ 18 പ്രകാരം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ 24 സംരക്ഷിത പ്രദേശങ്ങളുടെയും അതിർത്തി ഒന്നു മുതൽ രണ്ടുവരെ കിലോമീറ്റർ ഉള്ളിലേക്കു മാറ്റി നിശ്ചയിച്ച ബഫർ സോൺ നിലവിലെ വ നത്തിനുള്ളിൽത്തന്നെ ക്രമീകരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കണം.

മലയോര ജനതയെയും കർഷകരെയും ഗുരുതരമായി ബാധിക്കുന്ന ഈ സാമൂഹ്യ പ്ര ശ്നത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കണ്ടില്ലെന്നു നടിക്കുകയോ അവഗണിക്കു കയോ ചെയ്യരുതെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. അശാസ്ത്രീയവും യാഥാർഥ്യബോധമില്ലാത്തതുമായ ഈ തീരുമാനത്തെ മറികടക്കുവാനും ജനാധിപത്യപരവും നിയമപരവുമായ മാർഗങ്ങൾ കണ്ടുപിടിക്കാനും പ്രാബല്യത്തിൽ കൊണ്ടുവരാനും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങ ൾ മുൻകൈ എടുക്കണം. ഈ തീരുമാനത്തിന്റെ കരിനിഴലിൽ മലയോര മേഖലയിലെ കർഷകർ ഭീതിയിലും ആശങ്കയിലുമാണ്. സ്വന്തം നാട്ടിൽ സമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും തുടർന്നു ജീവിക്കുവാനുള്ള കർഷകരുടെ അടിസ്ഥാനപരമായ മനുഷ്യാവകാശത്തെ മാനിക്കുവാനും സംരക്ഷിക്കുവാനും ഉദ്യോഗസ്ഥർക്കും സർക്കാരിനും കടമയും ബാധ്യതയും ഉണ്ടെന്ന കാര്യം മറന്നുപോകരുതെന്നും മാർ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.

More Archives >>

Page 1 of 465