India - 2025

അനാഥാലയങ്ങളോടും അഗതി മന്ദിരങ്ങളോടുമുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാട് പ്രതിഷേധാർഹം: കെസിബിസി ജാഗ്രതാ കമ്മീഷൻ

പ്രവാചകശബ്ദം 05-07-2022 - Tuesday

കൊച്ചി: അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും കാലങ്ങളായി നൽകി പോന്നിരുന്ന റേഷൻ വിഹിതം നിർത്തലാക്കിയ സർക്കാർ നടപടി അപലപനീയമാണെന്ന്‍ കെസിബിസി ജാഗ്രതാ കമ്മീഷൻ. കേന്ദ്ര വിഹിതം ഇനി ലഭിക്കില്ല എന്ന കാരണമാണ് ഇപ്പോഴത്തെ നടപടിക്ക് കേരള സർക്കാർ നൽകുന്ന വിശദീകരണം. കേരളത്തിലെ 1800 ഓളം വരുന്ന സ്ഥാപനങ്ങളിലെ മറ്റ് ആശ്രയങ്ങളില്ലാത്ത ഒരുലക്ഷത്തോളം പേരോടുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിന് മാത്രമാണോ ഉണ്ടായിരിക്കേണ്ടത് എന്ന ചോദ്യത്തിന് ഭരണാധികാരികൾ ഉത്തരം നൽകേണ്ടതുണ്ട്. കഴിഞ്ഞവർഷം ജൂലായ് മാസമാണ് ഇത്തരം ഭവനങ്ങളിൽ കഴിയുന്നവർക്കുള്ള സാമൂഹിക ക്ഷേമ പെൻഷൻ സർക്കാർ നിർത്തലാക്കിയത്. സ്ഥാപനങ്ങൾക്ക് സർക്കാർ ഗ്രാന്റ് നൽകുന്നുണ്ട് എന്നായിരുന്നു അതിന് നൽകിയ വിശദീകരണം. എന്നാൽ, ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ 20 ശതമാനത്തിന് മാത്രമാണ് നാമമാത്രമായെങ്കിലും സർക്കാർ ഗ്രാന്റ് ലഭിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾക്കും നടത്തിപ്പുകാർക്കും വീണ്ടും ഒരു കനത്ത ആഘാതമാണ് ഇപ്പോഴുണ്ടായിരിക്കുന്ന.തെന്ന്‍ കെ‌സി‌ബി‌സി ചൂണ്ടിക്കാട്ടി.

ഇന്ന് കേരളത്തിലെ നിരത്തുകളിൽനിന്ന് മനസികരോഗികളും വൃദ്ധരും അവശരുമായ അനേക അനാഥർ അപ്രത്യക്ഷമായതിന് പിന്നിൽ അവരുടെ പരിപാലനയുടെ ചുമതല ഏറ്റെടുക്കാൻ തയ്യാറായവരുടെ സന്നദ്ധത മാത്രമാണുള്ളത്. അത്തരത്തിൽ അനേകർ മുന്നോട്ടുവന്നത് ഏറ്റവുമധികം സഹായമായിട്ടുള്ളത് സർക്കാരിനാണ്. വാസ്തവത്തിൽ, ഇത്തരം പതിനായിരക്കണക്കിന് പേരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളിൽ ചെറിയൊരു വിഹിതം മാത്രമാണ് റേഷൻ, ഗ്രാന്റ് എന്നിവയായി സർക്കാർ നൽകുന്നത്. ചികിത്സയും, ശമ്പളവും, നിർമ്മിതികളും, മറ്റ് ചെലവുകളും തുടങ്ങി കൂടുതൽ പങ്കും കണ്ടെത്തേണ്ടത് സ്ഥാപനങ്ങൾ തന്നെയാണ്.

സാമൂഹ്യ സുരക്ഷാ പെൻഷൻ, റേഷൻ തുടങ്ങിയ രീതികളിൽ സർക്കാർ നൽകി വന്നിരുന്ന ചെറിയ പിന്തുണയും നിർത്തലാക്കുന്നതിലൂടെ, പ്രതിഫലം പ്രതീക്ഷിക്കാതെ അത്തരക്കാർക്കുവേണ്ടി ജീവിക്കാൻ തയ്യാറായിട്ടുള്ളവരിൽനിന്ന് സർക്കാർ നിഷ്കരുണം മുഖം തിരിക്കുകയാണ്. ഈ നിലപാട് അംഗീകരിക്കാനാവുന്നതല്ല. അത്തരം സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കേറ്റ് നൽകുന്ന ഏജൻസി മാത്രമായി സർക്കാർ തരംതാഴുന്നത് ഈ പരിഷ്കൃത സമൂഹത്തിൽ ലജ്ജാകരവുമാണ്.

വിവിധ കോവിഡ് പ്രതിസന്ധികളിൽനിന്ന് ഇനിയും വിമുക്തമായിട്ടില്ലാത്ത, സാമ്പത്തികമായും മറ്റ് വിവിധ രീതികളിലും വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സ്ഥാപനങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തുന്ന നിലപാടുകളിൽനിന്ന് സർക്കാർ പിന്തിരിയണം. ഈ നാട്ടിലെ ഏതൊരു പൗരനും അർഹിക്കുന്ന ആനുകൂല്യങ്ങളെങ്കിലും അവർക്ക് നൽകാനും, സുരക്ഷിതമായും മാന്യമായും ജീവിക്കാൻ അവർക്ക് കഴിയുന്നു എന്ന് ഉറപ്പുവരുത്താനും സർക്കാർ തയ്യാറാകണമെന്നും കെസിബിസി ഐക്യജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.

More Archives >>

Page 1 of 467