Arts

ക്രിസ്തുവിനെ പ്രതി മരണം വരിച്ച രക്തസാക്ഷികളുടെ ഓര്‍മ്മയില്‍ കൊറിയയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം

പ്രവാചകശബ്ദം 29-07-2022 - Friday

സിയോള്‍: പത്തൊന്‍പതാം നൂറ്റാണ്ടില്‍ ദക്ഷിണകൊറിയയില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തേ പ്രതി രക്തസാക്ഷിത്വം വരിച്ച ആയിരകണക്കിന് രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തിന് സിയോളില്‍ ആരംഭമായി. ‘സാങ്ബോണ്‍’ എന്ന പ്രമേയവുമായി സിയോളിലെ ജിയോള്‍ഡൂസന്‍ രക്തസാക്ഷി ദേവാലയത്തില്‍ ഇക്കഴിഞ്ഞ ജൂലൈ 22നാണ് പ്രദര്‍ശനം ആരംഭിച്ചതെന്നു കാത്തലിക് ടൈംസ് ഓഫ് കൊറിയ റിപ്പോര്‍ട്ട് ചെയ്യുന്നു. യേശു ക്രിസ്തുവിന്റേയും, പരിശുദ്ധ കന്യകാ മാതാവിന്റേയും, വിശുദ്ധരുടേയും രൂപത്തിലുള്ള കാര്‍ഡുകളെയാണ് ‘സാങ്ബോണ്‍’ എന്ന് പറയുന്നത്. അടിച്ചമര്‍ത്തലിനിടയിലും തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനായി കൊറിയയിലെ വിശ്വാസികള്‍ ഈ കാര്‍ഡുകള്‍ കയ്യില്‍ കരുതാറുണ്ട്. 2023 ജൂലൈ 22-നാണ് പ്രദര്‍ശനം അവസാനിക്കുക.

1860-കളുടെ അവസാനത്തില്‍ ജോസിയോണ്‍ രാജവംശത്തിന്റെ ഭരണകാലത്ത് മതപീഡനത്തിനിരയായി കൊല്ലപ്പെട്ട ബയോനിന്‍ രക്തസാക്ഷികള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദേവാലയമാണ് ജിയോള്‍ഡൂസന്‍ രക്തസാക്ഷി ദേവാലയം. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഏതാണ്ട് പതിനായിരത്തോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. 1886 ആയപ്പോഴേക്കും ഫ്രാന്‍സുമായുള്ള ഉടമ്പടിയെ തുടര്‍ന്നാണ് കത്തോലിക്കര്‍ക്ക് എതിരായ മതപീഡനം അവസാനിച്ചത്. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ ദക്ഷിണ കൊറിയ സന്ദര്‍ശിച്ച സമയത്ത് 125 കൊറിയന്‍ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരിന്നു.

ആദിമ ക്രൈസ്തവര്‍ നേരിട്ട പീഡനങ്ങളേക്കുറിച്ചും, വിശ്വാസം സജീവമായി നിലനിര്‍ത്തുവാനുള്ള അവരുടെ ശ്രമങ്ങളെ കുറിച്ചും ധ്യാനിക്കുവാനുള്ള അവസരമാണെന്നും, പുരോഹിതരുടേയും, സന്യസ്ഥരുടേയും, വിശ്വാസികളുടേയും ഒരുപോലത്തെ പങ്കാളിത്തമുള്ള ഈ പ്രദര്‍ശനം അര്‍ത്ഥവത്തായ പരിപാടിയാണെന്നും ആര്‍ച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൻ-ടേക്ക് പറഞ്ഞു. പ്രദർശനം ആരംഭിക്കുന്നതിന്റെ തൊട്ടുതലേന്ന് അനുസ്മരണ ബലിയര്‍പ്പണം നടത്തിയിരിന്നു. സിയോൾ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കർദ്ദിനാൾ ആൻഡ്രൂ യോം സൂ-ജുംഗും ഇപ്പോഴത്തെ മെത്രാപ്പോലീത്ത പീറ്റർ ചുങ് സൂൻ-ടേക്കുമാണ് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകിയത്.

2021 മെയ് മാസത്തിലെ സിയോള്‍ അതിരൂപതയുടെ ഔദ്യോഗിക അഭ്യര്‍ത്ഥനയില്‍ അതിരൂപതയിലെ വിശ്വാസികള്‍ തങ്ങളുടെ പക്കലുള്ള രക്തസാക്ഷികളുടെ പ്രാര്‍ത്ഥനാകാര്‍ഡുകളും, രൂപങ്ങളും , മെമെന്റോകളും പ്രദര്‍ശനത്തിനായി വിട്ടുനല്‍കിയിരിന്നു. ഏതാണ്ട് നാലായിരത്തോളം പ്രാര്‍ത്ഥനാ കാര്‍ഡുകളാണ് ഇത്തരത്തില്‍ ലഭിച്ചത്. അതിരൂപതയിലെ ആയിരത്തിനടുത്ത് വരുന്ന വൈദികരില്‍ നിന്നും അറുന്നൂറോളം പൗരോഹിത്യ പ്രാര്‍ത്ഥനാ കാര്‍ഡുകളും ശേഖരിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »