Youth Zone

ഇരുളടഞ്ഞ വേളകളില്‍ കര്‍ത്താവിലേക്ക് കണ്ണുകള്‍ ഉയര്‍ത്തണം: യുവജനങ്ങളോട് പാപ്പ

പ്രവാചകശബ്ദം 04-08-2022 - Thursday

വത്തിക്കാന്‍ സിറ്റി/ മെഡ്ജുഗോറി: സമാധാനത്തിനായി യേശുവിൻറെ പക്കൽ അണയുകയും അവിടുന്നിൽ നിന്നു പഠിക്കുകയും വേണമെന്നും ഇരുളടഞ്ഞ വേളകളില്‍ കര്‍ത്താവിലേക്ക് കണ്ണുകള്‍ ഉയര്‍ത്തണമെന്നും ഫ്രാന്‍സിസ് പാപ്പ. തെക്കുകിഴക്കെ യൂറോപ്യൻ രാജ്യമായ ബോസ്നിയ ഹെർസഗൊവീനയിലെ മെഡ്ജുഗോറിയില്‍ നടക്കുന്ന യുവജന സംഗമത്തില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം….” എന്നു തുടങ്ങുന്ന ക്രിസ്തു വചനത്തെ ആധാരമാക്കിയായിരിന്നു പാപ്പയുടെ സന്ദേശം. തൻറെ കാലഘട്ടത്തിലെ ജനതയോടു പറഞ്ഞതു പോലെ യേശു ഇന്ന് യുവജനത്തെ ക്ഷണിക്കുകയാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

നമ്മൾ ഹൃദയങ്ങളിൽ നിരാശയും മുറിവുകളും പേറുകയും അനീതികൾ സഹിക്കേണ്ടിവരുകയും നിരവധിയായ അനിശ്ചിതത്വങ്ങളും ഉത്കണ്ഠകളും ഉണ്ടാകുകയും ചെയ്യുമ്പോൾ യേശു നമ്മെ അവിടത്തെപ്പക്കലേക്കു വിളിക്കുകയും തന്നിൽ നിന്നു പഠിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ജീവിതത്തിനു മുന്നിൽ ഭയന്ന് മരവിച്ചു നില്ക്കാതെ അവിടത്തെപ്പക്കലണയാനും അവിടുന്നിൽ വിശ്വാസമർപ്പിക്കാനുമുള്ള ക്ഷണമാണ് അതെന്നും ഇത് വളരെ എളുപ്പമായി തോന്നാമെങ്കിലും ഇരുളടഞ്ഞ വേളകളിൽ അവനവനിൽത്തന്നെ അടച്ചുപൂട്ടുന്നതിനുള്ള പ്രവണതയുണ്ടാകുക സ്വാഭാവികമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

പോംവഴി നമ്മെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവനുമായി ബന്ധത്തിലാകുകയും അവൻറെ നേർക്ക് കണ്ണുകളുയർത്തുകയുമാണ്. അവനവനിൽ നിന്നു പുറത്തുകടന്നാൽ മാത്രം പോരാ, എവിടേയ്ക്കു പോകണമെന്ന് അറിയുകയും വേണം, ഹൃദയത്തിലുള്ള സകലവും പേറിക്കൊണ്ട് യേശുവിൻറെ പക്കലണയാൻ ഭയപ്പെടേണ്ടെന്നും നമുക്ക് യഥാർത്ഥ, ആശ്വാസം, സമാധാനം, പ്രദാനം ചെയ്യുന്ന ഏക കർത്താവാണ് അവിടന്നെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. അപ്പസ്തോലിക് വിസിറ്റർ ആർച്ചുബിഷപ്പ് ആൽദൊ കവാല്ലിയാണ് യുവജന സംഗമത്തില്‍ പാപ്പയുടെ സന്ദേശം വായിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുപ്പതിനായിരത്തോളം യുവജനങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ആഗസ്റ്റ് 1 തിങ്കളാഴ്ച ആരംഭിച്ച സംഗമം ശനിയാഴ്ച (ആഗസ്റ്റ് 6) സമാപിക്കും.

1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കു പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. എന്നാല്‍ മരിയന്‍ പ്രത്യക്ഷീകരണത്തിന് സഭ ഔദ്യോഗികമായ അംഗീകാരം ഇതുവരെ നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച പഠനങ്ങള്‍ പുരോഗമിക്കുകയാണ്. 2019-ല്‍ മെഡ്ജുഗോറിയിലേക്കു തീര്‍ത്ഥാടനം നടത്തുന്നതിന് ഫ്രാന്‍സിസ് പാപ്പ ഔദ്യോഗിക അംഗീകാരം നല്‍കിയിരിന്നു. ഈ അനുമതി മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വത്തിക്കാന്റെ ഒദ്യോഗിക സ്ഥിരീകരണമല്ലെന്നും, ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങളും അന്വേഷണങ്ങളും തുടരുമെന്നും അന്നു പരിശുദ്ധ സിംഹാസനം വ്യക്തമാക്കി. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 29