Youth Zone

യേശു ഗിരിപ്രഭാഷണം നടത്തിയ മലയില്‍ എണ്ണായിരത്തിലധികം അമേരിക്കന്‍ യുവജനങ്ങളുടെ പ്രാര്‍ത്ഥന

പ്രവാചകശബ്ദം 21-07-2022 - Thursday

ജെറുസലേം: അമേരിക്കയില്‍ നിന്നും വിശുദ്ധ നാട്ടില്‍ തീര്‍ത്ഥാടനത്തിനെത്തിയ എണ്ണായിരത്തിലധികം കത്തോലിക്ക യുവതീയുവാക്കള്‍ യേശു ഗിരിപ്രഭാഷണം നടത്തിയ മലയില്‍ പ്രാര്‍ത്ഥന നടത്തി. യേശു തന്റെ ഏറ്റവും പ്രധാനപ്പെട്ട ഗിരി പ്രഭാഷണം നടത്തിയ “മൗണ്ട് ഓഫ് ദി ബീറ്റിറ്റ്യൂഡ്സ്” മലയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രാര്‍ത്ഥനാകൂട്ടായ്മ നടന്നത്. ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കത്തോലിക്ക രൂപീകരണം സംബന്ധിച്ച വിവരങ്ങളും പരിശീലനവും നല്‍കുന്ന സഭാപ്രസ്ഥാനമായ ‘നിയോകാറ്റെക്ക്യുമെനല്‍ വേ’ ജൂലൈ 19-ന് സംഘടിപ്പിച്ച ദൈവവിളി കൂട്ടായ്മയില്‍ പങ്കെടുക്കുവാനെത്തിയതായിരിന്നു യുവജനങ്ങള്‍.

പ്രത്യാശയും, വിശുദ്ധ നാട്ടിലെ ജനങ്ങളോടുള്ള അടുപ്പവും അടയാളപ്പെടുത്തുന്നതായിരിന്നു തീര്‍ത്ഥാടനമെന്ന് മൗണ്ട് ഓഫ് ദി ബീറ്റിറ്റ്യൂഡില്‍ ‘നിയോകാറ്റെക്ക്യുമെനല്‍ വേ’ യുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ രൂപീകരണ ധ്യാന കേന്ദ്രമായ ‘ഡോമുസ് ഗലീലി’യുടെ റെക്ടറായ ഫാ. റിനോ റോസി പറഞ്ഞു. തങ്ങളുടെ വേനല്‍ അവധിക്കാല പദ്ധതികളും, മറ്റ് പരിപാടികളും ഒഴിവാക്കി യുവജനങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് സഭ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിയോകാറ്റെക്ക്യുമെനല്‍ വേ’യുടെ സഹസ്ഥാപകനായ കാര്‍മെന്‍ ഹെര്‍ണാണ്ടസിന്റെ ആറാം ചരമവാര്‍ഷികത്തിലായിരുന്നു ഈ യുവജന കൂട്ടായ്മയെന്നതും ശ്രദ്ധേയമാണ്.

വിശുദ്ധ നാട്ടിലേക്കുള്ള തന്റെ ജൂബിലി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി 2000-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഡോമുസ് ഗലീലി സന്ദര്‍ശിച്ചിട്ടുണ്ട്. 1964-ല്‍ സ്പെയിന്‍ സ്വദേശിയായ കികോ അഗുല്ലേക്കൊപ്പമാണ് കാര്‍മെന്‍ ഹെര്‍ണാണ്ടസ് ‘നിയോകാറ്റെക്ക്യുമെനല്‍ വേ’ക്ക് ആരംഭം കുറിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാര്‍മെന്‍ ഹെര്‍ണാണ്ടസിന്റെ നാമകരണ നടപടികള്‍ തുടങ്ങുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആദിമ സഭ മാമ്മോദീസക്ക് ശേഷം നല്‍കിവന്നിരുന്ന ക്രിസ്തീയ വിശ്വാസ രൂപീകരണ കൂട്ടായ്മകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് നാല്‍പ്പതിനായിരത്തോളം ചെറു ഇടവക അധിഷ്ടിത സമൂഹങ്ങളിലൂടെ ‘നിയോകാറ്റെക്ക്യുമെനല്‍ വേ’യുടെ ആരംഭം. ലോകമെമ്പാടും ഈ പ്രസ്ഥാനത്തിന് വേരുകളുണ്ട്. പത്തുലക്ഷത്തോളം അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »