Youth Zone - 2024

ക്രിസ്തുവിന്റെ ജീവനുള്ള വചനം ചിലിയുടെ നാനാഭാഗങ്ങളില്‍ എത്തിച്ച് ആയിരത്തിയഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍

പ്രവാചകശബ്ദം 23-07-2022 - Saturday

സാന്റിയാഗോ: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ പ്രത്യാശയുടെ സന്ദേശവാഹകരാകുവാന്‍ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലെ ആയിരത്തിയഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ കര്‍മ്മനിരതരായി രംഗത്ത്. ഇതിനോടകം തന്നെ ഇവര്‍ ചിലിയിലെ 52 സ്ഥലങ്ങളിലെ നൂറുകണക്കിന് ആളുകളെയും, കുടുംബങ്ങളെയും സന്ദര്‍ശിച്ച് കർത്താവിന്റെ വചനം പകർന്നുക്കഴിഞ്ഞു. 'മിഷന്‍ ഡെ വിദാ', 'ട്രാബാജോ പൈസ്', 'സിയംബ്ര യുസി' എന്നീ പദ്ധതികളുടെ യുവ സന്നദ്ധ സേവകര്‍ക്ക് പുറമേ, 'മിഷന്‍ പെയ്സ്' എന്ന ഗായക സംഘത്തിലെ അംഗങ്ങളുമാണ് കത്തോലിക്ക യൂണിവേഴ്സിറ്റി ഓഫ് ചിലിയുടെ (യുസി) സാന്‍ ജോവാക്കിന്‍ കാമ്പസില്‍ നിന്നും തങ്ങളുടെ പുതിയ ദൗത്യവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചിലിയിലെ പൊന്തിഫിക്കല്‍ കത്തോലിക്ക യൂണിവേഴ്സിറ്റിയുടെ പാസ്റ്ററല്‍ പദ്ധതികള്‍ ഈ മാസം 13 മുതല്‍ 22 വരേയാണ് നടക്കുക. കത്തോലിക്ക യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ, മറ്റ് സര്‍വ്വകലാശാലകളിലെ, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.

ക്രിസ്തു കേന്ദ്രീകൃതമായ ചര്‍ച്ചകളും യോഗങ്ങളും സംഘടിപ്പിക്കുന്നതിന് പുറമേ, ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിലും, അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും, കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഇവര്‍ മുന്നിലുണ്ട്. രണ്ടു വര്‍ഷക്കാലം നീണ്ട കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം അജപാലക പദ്ധതികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ഇക്കൊല്ലം യുവജനങ്ങളെ വീണ്ടും സജീവമാക്കുവാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ട്രാബാജോ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററായ ഹെര്‍നാന്‍ ഹോള്‍ച്ച് പറഞ്ഞു. ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തേയും സഭയേയും സേവിക്കുന്ന കാര്യത്തില്‍ സജീവമാക്കുകയും, പരസ്പരം സഹായിക്കുവാന്‍ കഴിയുന്ന യുവജനത ചിലിയില്‍ ഉണ്ടെന്ന് മറ്റുള്ളവരെ ബോധിപ്പിക്കുകയുമാണ്‌ തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് 450-ഓളം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് സംഘത്തില്‍ ഉള്ളത്.

ഇത് ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു. ഇത്രയും യുവതീയുവാക്കള്‍ ഇതില്‍ പങ്കെടുക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു മിഷന്‍ ഡെ വിദാ പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍മാരായ മരിയ പാസ് അലെസാന്‍ഡ്രിയും, ജുവാന്‍ പാബ്ലോ സായെസും യുവ പ്രേഷിതരെ ഓര്‍മ്മിപ്പിച്ചു. സംഗീതത്തിലൂടെ ആളുകളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുക എന്നതിലാണ് ഗായക സംഘമായ ‘മിഷന്‍ പൈസ്’ വിശ്വസിക്കുന്നത്. സംഗീതാത്മക പ്രാര്‍ത്ഥനയാണ് കൂടുതല്‍ അനുഭവഭേദ്യമാവുകയെന്നും, പ്രാര്‍ത്ഥനയിലൂടെ ക്രിസ്തുവുമായുള്ള ബന്ധം ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മിഷന്‍ പൈസിന്റെ കൊഓര്‍ഡിനേറ്റര്‍മാരായ മാനുവല്‍ ജോവാന്നയും, മരിയ ജോസ് ചാഡിക്കും വെളിപ്പെടുത്തി. വരും വർഷത്തേക്കുള്ള മിഷൻ ദൗത്യം പതിമടങ്ങ് സജീവമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 29