India - 2025
കുറവിലങ്ങാട് മേരി നാമധാരി സംഗമത്തിൽ പങ്കെടുത്തത് ആയിരത്തിലധികം പേര്‍
പ്രവാചകശബ്ദം 10-09-2022 - Saturday
കുറവിലങ്ങാട്: നാമഹേതുകയായ മുത്തിയമ്മയ്ക്കരികിൽ കൃതജ്ഞതാമലരുകളുമായി മേരിമാർ സംഗമിച്ചു.മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയം ആതിഥ്യമരുളിയ മേരിനാമധാരി സംഗമത്തിൽ 1,270 പേർ പേര് രജിസ്റ്റർ ചെയ്ത് പങ്കെടുത്തു. പേര് രേഖപ്പെടുത്താതെ സംഗമത്തിൽ അണിചേർന്നവരെ ഉൾപ്പെടുത്തുന്നതോടെ മേരിമാരുടെ എണ്ണം രണ്ടായിരത്തോളം വരും. ദിവസങ്ങൾ മാത്രം പിന്നിട്ട കൈക്കുഞ്ഞുങ്ങൾ മുതൽ നാല് തലമുറകളുടെ നേതൃനിര യിലുള്ള മേരിമാർ വരെ സംഗമത്തിനെത്തിയിരുന്നു. മാമ്മേദീസാപ്പേരിലൂടെയും ദൈവമാതാവിനേടുള്ള നന്ദിപ്രകാശനമായും മാതാവിന്റെ നാമം സ്വീകരിച്ചവരാണ് സംഗമത്തിനെത്തിയത്.
സംഗമത്തിനെത്തി മേരി നാമധാരിക ൾക്കെല്ലാം മുത്തിയമ്മയുടെ ചിത്രം ഉപഹാരമായി നൽകി.മേരിനാമധാരികൾ മുത്തിയമ്മയ്ക്കരുകിൽ 21 കള്ളപ്പം വീതം സമർപ്പിച്ചു. ഈ അപ്പമാണ് നോമ്പ് വീടൽ സ്നേഹവിരുന്നിൽ വിളമ്പിയത്. ആർച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഫാ. ജോസ് കുഴിഞ്ഞാലിൽ, ഫാ. മാത്യു കാടങ്കാവിൽ, ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. ജോസഫ് ആലാനിയ്ക്കൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ഫാ. ജോസഫ് മൈലപ്പറമ്പിൽ എന്നിവർ നേതൃത്വം നല്‍കി.