Life In Christ - 2024
ഇസ്ലാമിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയ മിഷ്ണറി സന്യാസിനിയെ സ്മരിച്ച് പാപ്പ
പ്രവാചകശബ്ദം 12-09-2022 - Monday
റോം: മൊസാംബിക്കിൽ ഇസ്ലാമിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയ ഇറ്റാലിയൻ മിഷ്ണറിയായ കത്തോലിക്ക സന്യാസിനിയെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ സെപ്തംബർ 11-ന് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജനാലയ്ക്കു സമീപം നിന്ന് സന്ദേശം നല്‍കുന്നതിനിടെയാണ് മൊസാംബിക്കിലെ ചിപ്പേനിൽ കൊല്ലപ്പെട്ട കംബോനിയന്‍ മിഷ്ണറി സിസ്റ്റർ മരിയ ഡി കോപ്പിയെ പാപ്പ അനുസ്മരിച്ചത്. പ്രാർത്ഥനയുടെ ഈ നിമിഷത്തിൽ, മൊസാംബിക്കില്‍ കൊല്ലപ്പെട്ട മരിയ ഡി കോപ്പിയുടെ ശുശ്രൂഷയെ സ്‌നേഹത്തോടെ അനുസ്മരിക്കുകയാണെന്നും അവളുടെ 60 വര്‍ഷത്തെ സാക്ഷ്യം ക്രിസ്ത്യാനികൾക്കും മൊസാംബിക്കിലെ എല്ലാ ജനങ്ങൾക്കും ശക്തിയും ധൈര്യവും നൽകട്ടെയെന്നും പാപ്പ പറഞ്ഞു.
സെപ്റ്റംബർ ആറാം തീയതിക്കും ഏഴാം തീയതിക്കും മധ്യേ രാത്രി സമയത്തു അതിക്രമിച്ച് എത്തിയ തീവ്രവാദികള്‍ സിസ്റ്റർ മരിയയുടെയും, സഹ മിഷ്ണറിമാരുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയും, സ്കൂളുകളും, ദേവാലയവും നശിപ്പിക്കുകയും സിസ്റ്റര്‍ മരിയ ഡി കോപ്പിയെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരിന്നു. ചിപെൻ മിഷനിൽ ബലിപീഠവും സക്രാരിയും അടക്കം സകലതും അക്രമികള്‍ നശിപ്പിച്ചെന്ന് നകാലയിലെ ബിഷപ്പ് ആൽബെർട്ടോ വെറ വെളിപ്പെടുത്തിയിരിന്നു.
ലാളിത്യത്തോടും സമർപ്പണത്തോടും നിശബ്ദതയോടും കൂടി സുവിശേഷ സ്‌നേഹത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയായിരിന്നു സിസ്റ്റര്‍ മരിയ ഡി കോപ്പിയെന്ന് ഇറ്റാലിയൻ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റ് കർദ്ദിനാൾ മാറ്റിയോ സുപ്പി പറഞ്ഞു. സിസ്റ്റർ മരിയയുടെ ത്യാഗം മൊസാംബിക്കിൽ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വിത്തായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷ്ണൽ' സ്റ്റഡീസിന്റെ കണക്കുകള്‍ 2017 മുതൽ മൊസാംബിക്കിൽ നടന്ന ആക്രമണങ്ങളിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടിരിന്നു.