Life In Christ - 2025

മതബോധകര്‍ ആയിരിക്കുന്നതിൽ ഒരിക്കലും മടുപ്പ് തോന്നരുത്: മതാധ്യാപകരോട് പാപ്പ

പ്രവാചകശബ്ദം 10-09-2022 - Saturday

വത്തിക്കാന്‍ സിറ്റി: മതബോധനം സുവിശേഷവത്ക്കരണത്തിന്റെ ശക്തമായ ഘട്ടമാണെന്നും മതബോധകരായിരിക്കുന്നതിൽ ഒരിക്കലും മടുപ്പ് തോന്നരുതെന്നും ഫ്രാന്‍സിസ് പാപ്പ. മതബോധകരുടെ മൂന്നാം രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുത്ത ആയിരത്തിനാനൂറോളം പേരെ, ഇന്ന് (സെപ്റ്റംബര്‍ 10) പോൾ ആറാമൻ ശാലയിൽവെച്ച് അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സുവിശേഷവത്ക്കരണത്തിന്റെ പ്രധാനഘട്ടമായ മതബോധനത്തിന്റെ ലക്ഷ്യം ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയിലെത്തുകയും അവിടുന്ന് നമ്മിൽ വളരുന്നതിന് അനുവദിക്കുകയുമാണെന്നും അത് മറന്നുപോകരുതെന്നും പാപ്പ പറഞ്ഞു.

വിശ്വാസം കൈമാറുന്നതിൽ മതബോധകർ വഹിക്കുന്ന പങ്ക് പാപ്പ പ്രത്യേകം അനുസ്മരിച്ചു. വിശ്വാസ യാത്ര നടത്താൻ ആഗ്രഹിക്കുന്ന കുട്ടികളും യുവതീയുവാക്കളും പ്രായപൂർത്തിയായവരുമായ അനേകരുടെ കാര്യത്തിൽ സഭയ്ക്കുള്ള ഉത്തരവാദിത്വത്തിൻറെ അടയാളമാണ് മതബോധകരെന്ന് പാപ്പ പറഞ്ഞു. മതബോധകരായിരിക്കുന്നതിൽ ഒരിക്കലും മടുക്കരുത്. മതബോധനമെന്നത് വിദ്യാലയത്തിലെ പഠന സമയം പോലെയാക്കാനാകില്ല. അത് പുതിയ തലമുറകൾക്ക് കൈമാറണമെന്ന തോന്നൽ നമ്മില്‍ ഓരോരുത്തരിലും ഉളവാക്കുന്ന വിശ്വാസാനുഭവമാണ്.

നമ്മെ ശ്രവിക്കുന്നവരുടെ പ്രായത്തിനും അവരുടെ ചിന്തകള്‍ക്കും പര്യാപ്തമായ മെച്ചപ്പെട്ട ഒരു രീതി വിശ്വാസ സംവേദനത്തിന് നാം കണ്ടെത്തേണ്ടതുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി. യേശുക്രിസ്തുവിന്റെ അസ്ഥിത്വത്തെ ദൃശ്യവും മൂർത്തവുമാക്കിത്തീർക്കാൻ വിളിക്കപ്പെട്ടവരാണ് മതബോധനത്തിലേർപ്പെട്ടിരിക്കുന്ന എല്ലാവരുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. മതബോധകരുടെ മൂന്നാം അന്താരാഷ്ട്ര കോൺഗ്രസ്സിൽ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമായി മതബോധകരും, വൈദികരും മെത്രാന്മാരുമുൾപ്പടെ 1400-ലേറെപ്പേർ പങ്കെടുത്തു. “മതബോധകൻ, ക്രിസ്തുവിലുള്ള നവജീവൻറെ സാക്ഷി” എന്നതായിരുന്നു ഈ ത്രിദിന സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.


Related Articles »