Life In Christ
മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി
പ്രവാചകശബ്ദം 13-09-2022 - Tuesday
മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ് മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ് മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു മിസ് അമേരിക്ക മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും മിസ് മിന്നസോട്ട കിരീടം തന്നെ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ക്കായി രൂപപ്പെടുത്തിയെന്നു അവര്‍ പറയുന്നു. മിസ് മിന്നസോട്ട എന്ന നിലയില്‍ കൂടുതല്‍ ആളുകളെ പരിചയപ്പെടുവാനും, ഓരോ ദിവസവും പല സ്ഥലങ്ങളിലെ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുമായി താന്‍ കണ്ടുമുട്ടിയിട്ടുണ്ടെന്നും കത്തോലിക്ക ഓണ്‍ലൈന്‍ മാധ്യമമായ 'അലറ്റെയ'ക്ക് നല്‍കിയ അഭിമുഖത്തില്‍ കാതറിന്‍ പറഞ്ഞു. മിസ് മിന്നസോട്ട മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനമായത് 1983-ല്‍ മിസ് മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട സ്വന്തം അമ്മ തന്നെയായിരിന്നു.
'മിസ് അമേരിക്ക'യുടെ നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ഈ പദവിക്കര്‍ഹയായ പതിനൊന്നാമത് അമ്മ - മകള്‍ ജോഡികളാണ് ഇവര്‍. താന്‍ കണ്ടുമുട്ടിയ ഓരോ വ്യക്തിയും അറിയപ്പെടുവാനും, സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കുന്നവരായിരുന്നു. എങ്ങനെ ഒരു മിഷ്ണറിയായെന്ന ചോദ്യത്തിന്, മിന്നസോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ (എം.എസ്.യു) മാന്‍കാട്ടോ ന്യൂമാന്‍ സെന്ററില്‍ താന്‍ കണ്ടുമുട്ടിയ ചില ഫോക്കസ് മിഷ്ണറിമാരാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നായിരുന്നു കാതറിന്റെ മറുപടി. ആനന്ദത്തില്‍ ജീവിക്കുകയും എല്ലാം ക്രിസ്തുവിനായി തുറന്നു നല്‍കുകയും ചെയ്ത അവരുടെ ജീവിത ശൈലി തനിക്ക് പ്രചോദനമായി. വിശ്വാസത്തില്‍ ജീവിക്കുക മാത്രമല്ല വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതുണ്ടെന്നും താന്‍ മനസ്സിലാക്കിയതിന് ശേഷമാണ് താന്‍ ഫോക്കസ് മിനിസ്ട്രിയില്‍ ചേരുന്നതെന്നും കാതറിന്‍ പറയുന്നു.
മയാമി യൂണിവേഴ്സിറ്റിയിലെ ഫോക്കസ് ടീമിനൊപ്പമാണ് ഇപ്പോള്‍ കാതറിന്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ വിശുദ്ധ കുര്‍ബാനക്കും കാമ്പസ് പരിപാടികള്‍ക്കും, വിരുന്നിനും വിദ്യാര്‍ത്ഥികളെ ക്ഷണിക്കാറുണ്ടെന്ന് പറഞ്ഞ കാതറിന്‍, തങ്ങളുടെ ആദ്യ ബൈബിള്‍ ക്ലാസ്സിനു ഇതിനോടകം തന്നെ തുടക്കമായെന്നും കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളോടൊപ്പം ക്രിസ്തുവുമായുള്ള ബന്ധം കൂടുതല്‍ ആഴപ്പെടുത്തുന്നതില്‍ കൂടുതല്‍ ആനന്ദം വേറെ എന്താണെന്നും കാതറിന്‍ ചോദിക്കുന്നു. ദൈവത്തിന്റെ പദ്ധതി എന്താണെന്നറിയുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ദിവസംതോറുമുള്ള പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥനയിലൂടെ യേശുവുമായുള്ള നമ്മുടെ ബന്ധവും, വിശ്വാസവും കെട്ടിപ്പടുക്കുവാനും, അവന്റെ ജ്ഞാനത്തിലേക്ക് നമ്മുടെ ഹൃദയം തുറക്കുവാനും കഴിയുമെന്ന വാക്കുകളോടെയാണ് കാതറിന്റെ അഭിമുഖം അവസാനിക്കുന്നത്.
കാമ്പസ് മിനിസ്ട്രികള്‍, ചാപ്ലൈന്‍മാര്‍, വൈദികര്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മിഷ്ണറിമാരാണ് ഫോക്കസ് മിഷ്ണറി (ഫെല്ലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്). 2022-2023 വര്‍ഷത്തില്‍ 216 സ്ഥലങ്ങളിലായി 861 ഫോക്കസ് മിഷ്ണറിമാരാണ് മിഷണറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2027-ഓടെ ലോകമെമ്പാടുമായി 250-ലധികം മേഖലകളിലായി ആയിരത്തിലധികം മിഷ്ണറിമാര്‍ ക്രിസ്തുവിനെ ആയിരങ്ങള്‍ക്ക് പകരുവാന്‍ തങ്ങളുടെ സേവനം ആരംഭിക്കുമെന്നാണ് സംഘടനയുടെ പ്രതീക്ഷ.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക