Life In Christ - 2024
കർത്താവ് മാത്രമാണ് ദൈവമെന്നു ഓര്‍ക്കുക: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 26-09-2022 - Monday
വത്തിക്കാന്‍ സിറ്റി: കർത്താവ് മാത്രമാണ് ദൈവമെന്നും മറ്റെല്ലാം അവിടത്തെ സ്നേഹത്തിൻറെ ദാനമാണെന്നും പാപികളായ നമുക്ക് ദിവ്യകാരുണ്യത്തിലേക്ക് മടങ്ങാമെന്നും ഫ്രാന്‍സിസ് പാപ്പ. തെക്കു കിഴക്കേ ഇറ്റലിയിലെ മറ്റേറ സന്ദർശിച്ച് ഇരുപത്തിയേഴാം ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സിൻറെ സമാപന ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. ലോകത്തിൻറെ ഭക്ഷണമേശയിൽ അപ്പം എപ്പോഴും പങ്കുവെക്കപ്പെടുന്നില്ലായെന്നും അത് കൂട്ടായ്മയുടെ പരിമളം എപ്പോഴും പരക്കുന്നില്ലായെന്നും ദരിദ്രര്‍ നേരിടുന്ന പ്രതിസന്ധി സൂചിപ്പിച്ചുക്കൊണ്ട് പാപ്പ പറഞ്ഞു.
കർത്താവ് മാത്രമാണ് ദൈവമെന്നും മറ്റെല്ലാം അവിടത്തെ സ്നേഹത്തിൻറെ ദാനമാണെന്നും ഓർക്കുക. എന്തെന്നാൽ, നാം നമ്മെത്തന്നെ ആരാധിക്കുകയാണെങ്കിൽ, നമ്മുടെ അഹത്തിൻറെ ഞെരുക്കത്തിൽ നാം മരിക്കും; നാം ഈ ലോക സമ്പത്തിനെ ആരാധിക്കുന്നുവെങ്കിൽ, അവ നമ്മെ പിടിച്ചെടുക്കുകയും അടിമകളാക്കുകയും ചെയ്യും. ബാഹ്യരൂപത്തിൻറെതായ ദേവനെ ആരാധിക്കുകയും ദുർവ്യയത്താൽ മത്തുപിടിക്കുകയും ചെയ്താൽ, ഇന്ന് അല്ലെങ്കിൽ നാളെ ജീവിതം തന്നെ നമ്മോട് കണക്ക് ചോദിക്കും. ജീവിതം എന്നും നമ്മോട് കണക്കു ചോദിക്കും. എന്നാൽ നേരെ മറിച്ച്, ദിവ്യകാരുണത്തിൽ സന്നിഹിതനായിരിക്കുന്ന കർത്താവായ യേശുവിനെ നാം ആരാധിക്കുമ്പോൾ, നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണം നമുക്ക് ലഭിക്കുന്നു.
ദിവ്യകാരുണ്യം നമ്മെ സോദരസ്‌നേഹത്തിലേക്കും വിളിക്കുന്നു. സ്നേഹത്തിൻറെ അതിശ്രേഷ്ഠ കൂദാശയാണ് വിശുദ്ധ കുര്‍ബാന. നമുക്കുവേണ്ടി സ്വയം അർപ്പിക്കുകയും സ്വയം മുറിക്കുകയും ചെയ്ത ക്രിസ്തു നമ്മോടും അപ്രകാരം ചെയ്യാൻ ആവശ്യപ്പെടുന്നു, എന്തെന്നാൽ അത് നമ്മുടെ ജീവിതം ഗോതമ്പ് പൊടിയും സഹോദരങ്ങളുടെ വിശപ്പടക്കുന്ന അപ്പവുമായി മാറേണ്ടതിനാണ്. ഫലപ്രദമായ പരിവർത്തനത്തിനായി പരിശ്രമിക്കാൻ ആവശ്യപ്പെടുന്ന യേശുവിൻറെ സാന്നിദ്ധ്യമാണ് വിശുദ്ധ കുര്‍ബാനയെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി.
നിസ്സംഗതയിൽ നിന്ന് അനുകമ്പയിലേക്കുള്ള, ദുർവ്യയത്തിൽ നിന്ന് പങ്കിടലിലേക്കുള്ള , സ്വാർത്ഥതയിൽ നിന്ന് സ്നേഹത്തിലേക്കുള്ള, വ്യക്തികേന്ദ്രീകൃതവാദത്തിൽ നിന്ന് സാഹോദര്യത്തിലേക്കുള്ള പരിവർത്തനമാണ് വിശുദ്ധ കുര്‍ബാനയെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു. പന്ത്രണ്ടായിരത്തോളം വിശ്വാസികളാണ് പാപ്പ അര്‍പ്പിച്ച ബലിയില്‍ പങ്കുചേര്‍ന്നത്.