Arts - 2024

യുട്യൂബിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും: ‘ഇഡബ്ല്യുടിഎന്‍’ന്റെ പത്തുലക്ഷം വ്യൂവേഴ്സ് ഉള്ള യുട്യൂബ് ചാനലിന് വീണ്ടും ബ്ലോക്ക്

പ്രവാചകശബ്ദം 26-10-2022 - Wednesday

വാഷിംഗ്‌ടണ്‍ ഡി.സി: ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് കമ്പനി യുട്യൂബിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ടെലിവിഷന്‍ ശ്രംഖലയായ 'ഏറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്' (ഇഡബ്ല്യുടിഎന്‍) പോളണ്ടിന്റെ യുട്യൂബ് ചാനല്‍ റദ്ദാക്കിയതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്ന ഒടുവിലത്തെ സംഭവം. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇഡബ്ല്യുടിഎന്‍ പോളണ്ടിന്റെ ചാനല്‍ യുട്യൂബ് ബ്ലോക്ക് ചെയ്യുന്നത്. യാതൊരു മുന്നറിയിപ്പോ, വിശദീകരണമോ കൂടാതെയാണ് യുട്യൂബിന്റെ നടപടിയെന്നു ഇഡബ്ല്യുടിഎന്‍ പോളണ്ടിന്റെ ജനറല്‍ ഡയറക്ടറായ ഫാ. പിയോട്ര്‍ വിസ്നിയോവസ്കി പറഞ്ഞു. വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ സ്ഥാപിച്ച നീപോകാലാനോവ് ആശ്രമത്തിലെ ദിവ്യകാരുണ്യ നിത്യാരാധനയുടെ തത്സമയ സംപ്രേഷണം ഉള്‍പ്പെടെ വിവിധങ്ങളായ കത്തോലിക്ക പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ചാനലാണ്‌ യുട്യൂബ് ബ്ലോക്ക് ചെയ്തത്.

ഗൂഗിളിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ച പരാതികളുടേയും അടിസ്ഥാനത്തില്‍ മൂന്നര ദിവസങ്ങള്‍ക്ക് ശേഷം ചാനല്‍ വീണ്ടും പുനഃരാരംഭിച്ചിട്ടുണ്ടെങ്കിലും കൂടെ കൂടെ ബ്ലോക്ക് ഏര്‍പ്പെടുത്തുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ദിവ്യകാരുണ്യ നിത്യാരാധനയുടെ തത്സമയ സംപ്രേഷണവുമായി ലോകത്ത് ഏറ്റവുമധികം ജനപ്രീതിയാര്‍ജ്ജിച്ച ഈ ചാനല്‍ പ്രതിമാസം ഏതാണ്ട് 10 ലക്ഷത്തോളം ആളുകളാണ് കാണുന്നത്. കൊറോണ പകര്‍ച്ചവ്യാധികാലത്ത് വിശുദ്ധ കുര്‍ബാനയില്‍ നേരിട്ട് പങ്കെടുക്കുവാന്‍ കഴിയാതിരുന്നവരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ ജീവനാഡിയായിരുന്നു ചാനല്‍. വിശുദ്ധ കുര്‍ബാനക്ക് പുറമേ, കത്തോലിക്കാ വാര്‍ത്തകള്‍, വീഡിയോകള്‍, സിനിമകള്‍, പ്രബോധനങ്ങള്‍, പ്രസംഗങ്ങള്‍ ഉള്‍പ്പെടെ 4,500-ഓളം ഭക്തിസാന്ദ്രമായ ഉള്ളടക്കങ്ങളാണ് ചാനലില്‍ ലഭ്യമാണ്.

എന്തൊക്കെയായാലും സംസാര സ്വാതന്ത്ര്യവും, വിയോജിപ്പുള്ള ആശയങ്ങളോടുള്ള ആദരവും പൗരന്‍മാരുടെ സുരക്ഷയുടെയും മാനദണ്ഡമായ ഒരു രാജ്യത്ത് ജന്മം കൊണ്ട യുട്യൂബിന്റെ ഈ രാഷ്ട്രീയം തന്നെ നിരാശനാക്കിയെന്നു ഫാ. വിസ്നിയോവസ്കി പ്രസ്താവിച്ചു. വിശുദ്ധ കുര്‍ബാന സംപ്രേഷണം ചെയ്യുന്ന തങ്ങള്‍ യുട്യൂബിന്റെ ഏത് നിയമമാണ് ലംഘിച്ചതെന്നു ഫാ. വിസ്നിയോവസ്കി ചോദ്യമുയര്‍ത്തി. ചാനല്‍ പുനഃരാരംഭിച്ചുവെങ്കിലും ചാനല്‍ ബ്ലോക്ക് ചെയ്യുവാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന്‍ പറഞ്ഞ ഫാ. വിസ്നിയോവസ്കി കമ്പനിയോട് ചോദിച്ചിട്ട്‌ യാതൊരു മറുപടിയും ലഭിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10-നാണ് യുട്യൂബ് ഇഡബ്ല്യുടിഎന്‍ പോളണ്ടിന്റെ ചാനല്‍ കമ്മ്യൂണിറ്റി നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണം പറഞ്ഞ് ആദ്യമായി ബ്ലോക്ക് ചെയ്തത്. എന്നാല്‍ പ്രേക്ഷകരുടെ നിരന്തരമായ പരാതികളെ തുടര്‍ന്നു 24 മണിക്കൂറിനകം ചാനല്‍ ബ്ളോക്ക് പിന്‍വലിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 46