India - 2025

കുടുംബ സ്വത്തിലൂടെ ലഭിച്ച ഭൂമിയില്‍ വീടൊരുക്കി ഭൂരഹിത കുടുംബത്തിന് സമ്മാനിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട്

04-11-2022 - Friday

പാലാ: പാലാ രൂപതയുടെ കാരുണ്യമുഖമായ ഹോം പാലാ പദ്ധതിയിൽ സ്വയം മാതൃകയായി രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കയ്യൂരിലെ കുടുംബസ്വത്തിലൂടെ തനിക്കു ലഭിച്ച ഭൂമി ഒരു ഭൂരഹിത കുടുംബത്തിന് പകുത്തുനൽകി വീടൊരുക്കിയാണ് മാർ ജോസഫ് കല്ലറങ്ങാട്ട് കരുതലിന്റെ മുഖമായി രൂപതയ്ക്കും നാടിനും മാതൃകയും അഭിമാനവുമായത്. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ദാനം ചെയ്ത ഭൂമിയിൽ പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ് ചാപ്റ്ററാണ് വീട് പണിതീർത്തത്. മാർ ജോസഫ് കല്ലറങ്ങാട്ട് വീട് ആശീർവദിച്ച് കൈമാറി. രൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടറും ഹോം പാലാ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, കയ്യൂർ ക്രിസ്തുരാജ പള്ളി വികാരി ഫാ. മാത്യു എണ്ണയ്ക്കാപ്പിള്ളിൽ, ഫാ. മാത്യു തെന്നാട്ടിൽ എന്നിവർ ആശീർവാദകർമത്തിൽ സഹകാർമികരായി.

പാലാ രൂപതാതിർത്തിയിലെ ഭവനരഹിതരെയും ഭൂരഹിതരെയും പുനരധിവസിപ്പിക്കുന്നതിനായാണ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ രൂപതയിൽ ഹോം പാലാ' പദ്ധതി ആരംഭിച്ചത്. നാനാജാതി മതസ്ഥരായ നിരവധിപ്പേർക്ക് ഇതിനോടകം ഭൂമിയായും വീടായും കരുതലാകാൻ രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഭവനരഹിതരെയും ഭൂരഹിതരെയും പുനരധിവസിപ്പിക്കുന്ന ഹോം പാലാ പദ്ധതി ക്രൈസ്തവസാക്ഷ്യമാണെന്നും ഹോം പാലാ പദ്ധതി ഇടവകളിൽ കൂടുതൽ സജീവമാകണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. ഇത്തരത്തിൽ 658 വീടുകളാണ് ഇതിനോടകം പണിതീർത്തിട്ടുള്ളതെന്ന് ഹോം പാലാ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ പറഞ്ഞു.


Related Articles »