India - 2024

സിബിസിഐ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സ്വീകരണം നല്‍കി

പ്രവാചകശബ്ദം 15-11-2022 - Tuesday

കാക്കനാട്: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട തൃശൂർ ആർച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മാർ ആൻഡ്രുസ് താഴത്തിനും വൈസ് പ്രസിഡന്റായ തിരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസിനും സീറോമലബാർസഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സ്വീകരണം നൽകി. നവംബർ 14നു വൈകുന്നേരം 7.00 മണിക്ക് സായാഹ്നപ്രാർത്ഥനയ്ക്കു ശേഷം നടത്തിയ അത്താഴവിരുന്നിനിടയിൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വ ശുശ്രൂഷയിൽ കാലോചിതമായ മാറ്റങ്ങൾക്കനുസരിച്ചു സഭയെ നയിക്കാൻ സാധിക്കട്ടെയെന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസിച്ചു.

ഭാരത കത്തോലിക്കരുടെ ചിരകാല അഭിലാഷമായ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം സാധ്യമാക്കുന്നതിൽ സിബിസിഐയുടെ പങ്ക് കർദ്ദിനാൾ പ്രത്യേകം എടുത്തുപറഞ്ഞു. സീറോ മലബാർ കൂരിയമെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ വരാപ്പുഴ ആർച്ചുബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, മൂവാറ്റുപുഴ രൂപതാധ്യക്ഷൻ യൂഹന്നാൻ മാർ തെയഡോഷ്യസ്, ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ജെ ബി കോശി, മദർ ജനറൽ ലിറ്റി എഫ്‌സി‌സി എന്നിവർ ആശംസകൾ അർപ്പിച്ചു. ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, ജസ്റ്റിസ് എബ്രഹാം മാത്യു, ഹൈബി ഈഡൻ എം‌പി, ടി ജെ വിനോദ് എം‌എല്‍‌എ, കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, എറണാകുളംഅങ്കമാലി, തൃശൂർ അതിരൂപതകളിൽ നിന്നുള്ള വികാരി ജനറലുമാർ, സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്സ്, വൈദിക സമർപ്പിത അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കൂരിയ ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ കൃതജ്ഞത അർപ്പിച്ചു.


Related Articles »