Arts - 2024

കിര്‍ഗിസ്ഥാനില്‍ ആദ്യമായി കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം: നിര്‍മ്മാണം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും

പ്രവാചകശബ്ദം 16-11-2022 - Wednesday

ബിഷ്കെക്ക്: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ കിര്‍ഗിസ്ഥാനിലെ ആദ്യ കത്തോലിക്ക കത്തീഡ്രലിന്റെ നിര്‍മ്മാണ പദ്ധതി സമര്‍പ്പിച്ചു. രാജ്യ തലസ്ഥാനമായ ബിഷ്കെക്കില്‍ നിര്‍മ്മിക്കുന്ന കത്തീഡ്രലിന്റെ മൂലക്കല്ല് ഫ്രാന്‍സിസ് പാപ്പയാണ് വെഞ്ചരിച്ചത്. നിര്‍മ്മാണ പദ്ധതിയുടെ വിശദാംശങ്ങള്‍ നവംബര്‍ 9ന് ബിഷ്കേക്കില്‍വെച്ച് നടന്ന പ്രസ്സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സാദിര്‍ ജാപ്പറോവിന്റെ ഉപദേഷ്ടാവായ കൗണ്‍സിലര്‍ വാലേരിജ് ദില്‍, അപ്പസ്തോലിക അഡ്മിനിസ്ട്രേഷന്‍ പ്രതിനിധി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ശൈത്യകാലത്ത് ആരംഭിക്കുന്ന കത്തീഡ്രല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ കത്തീഡ്രലിന്റെ നിര്‍മ്മാണത്തിന് അന്താരാഷ്ട്ര പ്രാധാന്യമുണ്ടെന്നും വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ജനാധിപത്യ മൂല്യങ്ങള്‍ രാഷ്ട്രം പാലിക്കുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും കൗണ്‍സിലര്‍ വാലേരിജ് പറഞ്ഞു.

ബിഷ്കേക്ക് കേന്ദ്രീകരിച്ചുള്ള നഗരവികസനത്തിന്റെ ഭാഗമായാണ് പുതിയ കത്തീഡ്രല്‍ നിര്‍മ്മാണം. ദാരിദ്ര്യവും, അഴിമതിയും വ്യാപകമായ രാജ്യത്ത് കത്തോലിക്ക സഭ എല്ലായ്പ്പോഴും ജനങ്ങളുടെ സേവനത്തിനായുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും, 2010-ലെ ആഭ്യന്തര യുദ്ധകാലത്തും, കൊറോണ പകര്‍ച്ചവ്യാധിയുടെ കാലത്തും തങ്ങളുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും കിര്‍ഗിസ്ഥാന്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേഷന്റെ ട്രഷററും ജെസ്യൂട്ട് ബ്രദറുമായ ഡാമിയന്‍ വോജ്സിയെച്ചോവ്സ്കി പറഞ്ഞു. ദേവാലയത്തിനോടു അനുബന്ധിച്ചുള്ള സ്ഥലത്ത് കള്‍ച്ചറല്‍ പരിപാടികളും, പ്രാര്‍ത്ഥനാ-ബൈബിള്‍ വായനാ കൂട്ടായ്മകള്‍ നടത്തുവാന്‍ കഴിയുമെന്നും ബ്രദര്‍ ഡാമിയന്‍ ‘ഏജന്‍സിയ ഫിദെസ്’നോട് പറഞ്ഞു.

കസാഖിസ്ഥാനിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രക്കിടയിലാണ് ഫ്രാന്‍സിസ് പാപ്പ ദേവാലയത്തിന്റെ മൂലക്കല്ല് വെഞ്ചരിച്ചതെന്ന് കിര്‍ഗിസ്ഥാന്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ഫാ. അന്തോണി ജെയിംസ് കൊര്‍ക്കോരാന്‍ പറഞ്ഞു. കിര്‍ഗിസ്ഥാനിലെ കത്തോലിക്കാ സമൂഹത്തില്‍ നിക്ഷിപ്തമായിട്ടുള്ള ദൗത്യത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് ചടങ്ങില്‍ സന്നിഹിതരായിരുന്നവരെ പാപ്പ ഓര്‍മ്മപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1969-ല്‍ നിര്‍മ്മിക്കപ്പെട്ട നിലവിലെ കത്തോലിക്ക ദേവാലയം വളരെ വിദൂരമായ കുഗ്രാമത്തിലാണെന്നും, ഇവിടേക്കുള്ള റോഡ്‌ ഒരു വര്‍ഷം മുന്‍പ് മാത്രമാണ് നിര്‍മ്മിക്കപ്പെട്ടതെന്നും ബ്രദര്‍ ഡാമിയന്‍ ചൂണ്ടിക്കാട്ടി. എട്ടു വര്‍ഷക്കാലം ബിഷ്കേക്കിലെ കത്തോലിക്കാ ഇടവക കാരഗാണ്ട അപ്പസ്തോലിക അഡ്മിനിസ്ട്രേഷന് കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

1999-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഒരു മിഷന്‍ കേന്ദ്രം സ്ഥാപിക്കുകയും, 2006-ല്‍ ബെനഡിക്ട് പതിനാറാമന്‍ ഇന്നത്തെ അപ്പസ്തോലിക അഡ്മിനിസ്ട്രേഷന് രൂപം നല്‍കുകയും ചെയ്തു. വെറും 3 കത്തോലിക്കാ ദേവാലയങ്ങള്‍ മാത്രമാണ് കിര്‍ഗിസ്ഥാനിലുള്ളത്. ഭൂരിഭാഗം ക്രൈസ്തവരും ഭവനദേവാലയങ്ങളിലാണ് ആരാധനകള്‍ നടത്തുന്നത്. 10 ജെസ്യൂട്ട് സമൂഹാംഗങ്ങളും, സ്ലോവാക്യയില്‍ നിന്നുള്ള ഒരു രൂപത വൈദികനും ഉള്‍പ്പെടെ 11 പുരോഹിതരും, 8 കന്യാസ്ത്രീകളും ഇവിടെ സേവനം ചെയ്യുന്നു. സമീപകാലത്തായി വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കുറച്ച് സന്യാസിനികളും രാജ്യത്തു സേവനം ആരംഭിച്ചിട്ടുണ്ട്.

More Archives >>

Page 1 of 47