Arts

ഫ്രാൻസിലെ പ്രശസ്തമായ സേക്രട്ട് ഹാര്‍ട്ട് ബസിലിക്ക ചരിത്ര സ്മാരകങ്ങളുടെ പട്ടികയിലേക്ക്

പ്രവാചകശബ്ദം 12-11-2022 - Saturday

പാരീസ്: ഫ്രാൻസിലെ പ്രശസ്തമായ സേക്രട്ട് ഹാര്‍ട്ട് ബസിലിക്ക ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാൻ ഒരുങ്ങുന്നു. നോട്രഡാം കത്തീഡ്രലിന് ശേഷം പാരീസിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആരാധനാലയമാണ് സാക്രെ സോയൂർ ബസിലിക്ക (സേക്രട്ട് ഹാര്‍ട്ട് ബസിലിക്ക). 1875നും 1914നും ഇടയിലാണ് ബസിലിക്ക നിർമ്മാണം പൂർത്തിയായത്. ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ ദേവാലയത്തെ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ച് പാരീസ് നഗരസഭ കൗൺസിൽ ചൊവ്വാഴ്ച വോട്ട് രേഖപ്പെടുത്തിയിരിന്നു.

ചരിത്രസ്മാരകങ്ങളുടെ പട്ടികയിൽ എത്തിയാൽ പൊതു ഖജനാവിൽ നിന്ന്, ദേവാലയം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സഹായം ലഭിക്കും. ലൂവ്റി മ്യൂസിയവും, നോട്രഡാം കത്തീഡ്രലും ഈ പട്ടികയിൽ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു. 1871ൽ ഫ്രഞ്ച് സർക്കാരിനെതിരെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് ബസിലിക്ക ദേവാലയം ഇരിക്കുന്ന മൗണ്ട്മാർട്ര മലയിൽ നിന്നാണ്. വിപ്ലവത്തെ പട്ടാളം അമർച്ച ചെയ്തിരിന്നു. എന്നാൽ അതേ സ്ഥലത്ത് തന്നെ ബസിലിക്ക ദേവാലയം നിർമ്മിക്കാൻ ആരംഭിച്ചപ്പോൾ വിപ്ലവത്തെ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാനുള്ള ശ്രമമാണെന്ന ആരോപണം ഉയർന്നിരുന്നു. അതിനാലാണ് പാരീസ് നഗരസഭ കൗൺസിൽ തീരുമാനം എടുക്കുന്നത് നീട്ടിക്കൊണ്ടുപോയത്.

എന്നാൽ പാരീസിലെ ആദ്യത്തെ മെത്രാനായ വിശുദ്ധ ഡെന്നീസ് രക്തസാക്ഷിയായ സ്ഥലം എന്ന നിലയിൽ മൗണ്ട്മാർട്ര മലയെ പരിഗണനയ്ക്കു എടുക്കുകയായിരുന്നു. മനോഹരമായ സാക്രെ സോയൂർ ബസിലിക്കയിൽ നിത്യാരാധന ചാപ്പലും ക്രമീകരിച്ചിട്ടുണ്ട്. 1885ന് ശേഷം പ്രധാന അൾത്താരയുടെ മുകളിൽ ദിവ്യകാരുണ്യം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. അന്നുമുതൽ മുടക്കമില്ലാതെ ഇവിടെ ദിവ്യകാരുണ്യ ആരാധന നടക്കാറുണ്ട്.

More Archives >>

Page 1 of 47