India - 2025

ഞായറാഴ്ച കുർബാന നിഷേധിക്കുന്നതിനു കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ അൽമായ സംഘടനകള്‍

പ്രവാചകശബ്ദം 28-11-2022 - Monday

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ ബസിലിക്കയില്‍ പ്രവേശിപ്പിക്കാതിരുന്നതിനും അൽമായർക്ക് ഞായറാഴ്ച കുർബാന നിഷേധിക്കുന്നതിനും കാരണക്കാരായവർക്കെതിരേ പ്രതിഷേധം ശക്തം. ഇവര്‍ക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയാറാകണമെന്ന് വിവിധ അൽമായ സംഘടന ഭാരവാഹികൾ അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു. അൽമായ സംരക്ഷണ സമിതി, എംടിഎൻഎസ്, ബസിലിക്ക കുടുംബ കൂട്ടായ്മ, കേരള കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റീസ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെ ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ എത്തിയ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ പള്ളിയിലേക്കു പ്രവേശിപ്പിക്കാതെ ഒരു വിഭാഗം ആളുകൾ തടഞ്ഞിരുന്നു. സിനഡ് തീരുമാന പ്രകാരം ആർച്ച് ബിഷപ്പിന് വിശുദ്ധ കുർബാനയർപ്പിക്കാൻ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അതിരൂപതയിലെ മറ്റൊരു വിഭാഗവും രംഗത്തെത്തി. പോലീസ് ഇടപെട്ടാണ് സംഘർഷം ശാന്തമാക്കിയത്. തർക്കത്തിന്റെ പശ്ചാത്തലത്തിൽ ആർച്ച് ബിഷപ്പ് ബസിലിക്കയിലെ കുർബാനയർപ്പണം ഒഴിവാക്കുകയായിരിന്നു. സെന്റ് മേരീസ് ബസിലിക്കയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.


Related Articles »