India - 2025

ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് പ്രത്യാശ, ജനകീയ ജാഗ്രതാ സമിതിയും രൂപീകരിക്കും: ഫാ. യൂജിൻ എച്ച് പെരേര

പ്രവാചകശബ്ദം 07-12-2022 - Wednesday

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെ തുടർന്നാണ് വിഴിഞ്ഞം സമരം താല്ക്കാലികമായി നിർത്തിവെയ്ക്കാൻ മൽസ്യ തൊഴിലാളി സമരസമിതി തീരുമാനിച്ചതെന്ന് മൽസ്യത്തൊഴിലാളി സമര സമിതി കണ്‍വീനര്‍ ഫാ. യൂജിൻ എച്ച് പെരേര. ന്യായമായ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് സമരം ആരംഭിച്ച ശേഷമാണ് സിമന്റ ഗോഡൗണുകളിലും സ്കുളുകളിലും കഴിയുന്ന കുടുംബങ്ങളെ വാടക നൽകി പുനരധിവസിപ്പിക്കാനും, വീടുകൾവെച്ചു നൽകുന്നതിന് മുട്ടത്തറയിൽ എട്ട് ഏക്കർ സ്ഥലം ഏറ്റെടുക്കാനും തയ്യാറായി സർക്കാർ മുന്നോട്ടു വന്നത്. ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ആവശ്യമായ ജനകീയ ജാഗ്രതാ സമിതിയും രൂപീകരിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

മൽസ്യത്തൊഴിലാളികൾ അതിജീവനത്തിനും ഉപജീവനത്തിനുമായി നടത്തി വന്ന സമരം 138 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ന്യായമായ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് സമരം ആരംഭിച്ച ശേഷമാണ് സിമന്‍റ് ഗോഡൗണുകളിലും സ്കുളുകളിലും കഴിയുന്ന കുടുംബങ്ങളെ വാടക നൽകി പുനരധിവസിപ്പിക്കാനും, വീടുകൾവെച്ചു നൽകുന്നതിന് മുട്ടത്തറയിൽ എട്ട് ഏക്കർ സ്ഥലം ഏറ്റെടുക്കാനും തയ്യാറായി സർക്കാർ മുന്നോട്ടു വന്നത്. വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമ്മാണം സൃഷ്ടിക്കുന്ന സാമൂഹ്യ, തൊഴിൽ, കടലിന്റെ ജൈവ ആവാസ വ്യവസ്ഥ, വിഴിഞ്ഞം മൽസ്യ ബന്ധന തുറമുഖം എന്നിവക്കുണ്ടാകുന്ന ആഘാതങ്ങൾ പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ സർക്കാർ ഒരു സമിതിയെ ഒക്ടോബർ 6 ന് നിയോഗിച്ചെങ്കിലും സമര സമിതി നിർദ്ദേശിക്കുന്ന ശാസ്ത്രജ്ഞന്മാരെ ഉൾക്കൊള്ളുകയോ പഠനത്തിനുള്ള മാർഗരേഖ തയ്യാറാക്കുകയോ ചെയ്തിട്ടില്ല.

കാലാവസ്ഥ മുന്നറിയിപ്പു കാരണം മൽസ്യ ബന്ധന തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ നഷ്ടപരിഹാരത്തിനുള്ള അനുകൂല നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. തിരക്കടലിൽ മൽസ്യ സമ്പത്ത് കുറയുന്നതിനാൽ ആഴക്കടലിലേക്ക് പോകേണ്ടി വരുന്ന മൽസ്യത്തൊഴിലാളികൾക്ക് നിലവിലുള്ള 25 രുപ സബ്സിഡിക്കു പുറമേ മൽസ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന മണ്ണെണ്ണ എൻജിൻ ഡീസൽ എൻജിൻ ആയി നവികരിക്കുന്നതിന് സർക്കാർ നൽകുന്ന സബ്സിഡിക്കു പുറമേ ഇത്തരം എൻജിനുകളിൽ ഉപയോഗിക്കുന്ന ഡിസലിനും സബ്സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്.

വലിയ തോതിൽ തീര ശോഷണം നേരിടുന്ന തിരുവനന്തപുരം തീരത്തെ സംരക്ഷിക്കാനുള്ള നിർദേശങ്ങളിലും ധാരണയായിട്ടുണ്ട്. മുതലപ്പൊഴിയിൽ നിർമ്മിച്ച തുറമുഖത്തിന്റെ സാങ്കേതിക പോരായ്മകൾ പഠിച്ച് പരിഹരിക്കുന്നതിന് പുനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസേർച്ച് സ്റ്റേഷൻ (സി ഡബ്ളിയു പി ആർ എസ്) നെ ചുമതലപ്പെടുത്താനും തീരദേശ വാസികളുമായി ചർച്ച ചെയ്യാനും തീരുമാനിച്ചു. മേൽപ്പറഞ്ഞ ഏഴ് കാര്യങ്ങളിൽ മൽസ്യത്തൊഴിലാളികൾ ആവശ്യപ്പെട്ട തുപോലെ തീരുമാനങ്ങൾ ഉണ്ടായിട്ടില്ലങ്കിലും വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമ്മാണം സൃഷ്ടിക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ നാം തന്നെ ഒരു ജനകീയ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.

വാണിജ്യ തുറമുഖ നിർമ്മാണം തീരദേശ വാസികളുടെ നിലനില്പിനും , ഉപജീവനത്തിനും , തീരശോഷണത്തിനും , തൊഴിലിനും കടലിലെ ജൈവ ആവാസ വ്യവസ്ഥകൾക്കും , മൽസ്യ സമ്പത്തിനും , പരിസ്ഥിക്കും ഉണ്ടാക്കാവുന്ന ആഘാതങ്ങൾക്ക് പരിഹാരം തേടുകയാണ്. കൂടാതെ 126 മൽസ്യത്തൊഴിലാളികൾ സമർപ്പിച്ച റിട്ട് ഹർജിയിലൂടെ നിയമ പരിരക്ഷ തേടും. ഈ സാഹചര്യം കണക്കിലെടുത്തു കൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് നടത്തി വരുന്ന സമരം തല്ക്കാലം അവസാനിപ്പിക്കുകയാണ്. കൂടാതെ ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ആവശ്യമായ ജനകീയ ജാഗ്രതാ സമതിയും രൂപീകരിക്കുന്നതാണ്.

സമര രംഗത്തു് സജീവമായി സഹകരിച്ച ഏവരേയും നന്ദി പുർവ്വം അനുസ്മരിക്കുന്നു. പ്രത്യേകിച്ച് സമര രംഗത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ നേരത്ത് സമാധാന ശ്രമങ്ങളുമായി മുന്നോട്ടു വന്ന ആത്മിയ നേതാക്കളെ നന്ദിയോടെ അനുസ്മരിക്കുന്നു. മൽസ്യത്തൊഴിലാളികൾ ഉന്നയിച്ച ആ വശ്യങ്ങൾ സർക്കാരിന്റെ മുമ്പിലെത്തിച്ച് പരിഹാരം തേടാൻ സഹായിച്ചു കൊണ്ടിരിക്കുന്ന ഏവരേയും പ്രത്യേകിച്ച് കെ സി ബി സി , കെ ആർ എൽ സി സി, ഇതര മത സാമൂഹ്യ ഐക്യദാർഡ്യ സമിതികൾ, പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തകർ , നിയമജ്ഞർ, മാധ്യമങ്ങൾ എന്നിവർക്കും നന്ദിയർപ്പിക്കുന്നു.

ഏതൊരു ജനകീയ മുന്നേറ്റവും അതിന്റെ ലക്ഷ്യത്തിലെത്തുന്നത് ഭരണ സംവിധാനങ്ങൾ ജനങ്ങളുയർത്തുന്ന ന്യായമായ ആവശ്യങ്ങൾ ജനങ്ങൾക്കു കൂടി സ്വീകാര്യമായ രീതിയിൽ പരിഹരിക്കുമ്പോഴാണ്. ഇക്കാര്യത്തിൽ നമ്മുടെ ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കും എന്ന പ്രത്യാശ തന്നെയാണ് സമരം ചെയ്ത മൽസ്യത്തൊഴിലാളികൾക്കും സമരത്തിന് നേതൃത്വം നൽകിയ അതിരൂപതാ നേതൃത്വത്തിനും ഉള്ളതെന്നു ഫാ. യൂജിൻ എച്ച് പെരേര പ്രസ്താവിച്ചു. ആദ്യം ചീഫ് സെക്രട്ടറിയുമായി നടന്ന ചർച്ചയിൽ അര മണിക്കുറിനു ശേഷം മന്ത്രിസഭ ഉപസമിതി അംഗങ്ങളും പങ്കെടുത്തു.

ചർച്ചയുടെ അവസാന ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത്. സമര സമിതിയെ പ്രതിനിധികരിച്ച് ഫാ യൂജിൻ എച്ച് പെരേര, ഫാ ജയിംസ് കുലാസ് ഫാ മൈക്കിൾ തോമസ്, ഫാ ഷാജിൻ ജോസ്, ഫാ ഹൈസിന് നായകം, പാടിക് മൈക്കിൾ, ജോയി ജറാൾഡ്, നിക്സൺ ലോപ്പസ് എന്നിവർ പങ്കെടുത്തു.


Related Articles »