Arts

അന്ന് ഒരു രസത്തിന് തുടങ്ങി, ഇന്ന് ഇന്‍റര്‍നെറ്റിലെ തിരുസഭ ചരിത്രത്തിന്റെ ഹൃദയം: കാത്തലിക്-ഹയരാര്‍ക്കി.കോം വെബ്സൈറ്റിന് കാല്‍നൂറ്റാണ്ട്

പ്രവാചകശബ്ദം 08-12-2022 - Thursday

കന്‍സാസ് (അമേരിക്ക): കത്തോലിക്കാ സഭയിലെ മെത്രാന്മാരെയും രൂപതകളെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ നല്‍കുന്ന ഏറ്റവും വലിയ വെബ്സൈറ്റുകളില്‍ ഒന്നായ ‘കാത്തലിക്-ഹയരാര്‍ക്കി.കോം’ന് കാല്‍നൂറ്റാണ്ട്. വെബ്സൈറ്റ് നിര്‍മ്മിക്കുന്നതെങ്ങിനെയെന്ന് പഠിക്കുന്നതിനായി 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡേവിഡ് എം. ചെനെ എന്ന വിശ്വാസി നിര്‍മ്മിച്ച വെബ്സൈറ്റ് ഇന്ന്‍ 6,12,000-ത്തിലധികം പേര്‍ അനുദിനം സന്ദര്‍ശിക്കുന്നുണ്ട്. ‘കാത്തലിക് ന്യൂസ് ഏജന്‍സി’ (സി.എന്‍.എ) യുമായി നടത്തിയ അഭിമുഖത്തിലൂടെ ഡേവിഡ് എം. ചെനെ വെബ്സൈറ്റിന് പിന്നിലെ കഥ വിവരിച്ചു. 1990-കളില്‍ ടെക്സാസിലെ എ & എം യൂണിവേഴ്സിറ്റിയില്‍ സേവനം ചെയ്യുകയായിരുന്നു ചെനെ. ആ സമയത്ത് താന്‍ സ്വന്തമായി വെബ്സൈറ്റുള്ള രൂപതകളുടെ എണ്ണമെടുത്തെന്നും ആറോളം രൂപതകള്‍ മാത്രമാണ് കണ്ടെത്താനായതെന്നും ചെനെ പറയുന്നു.

അതില്‍ നിന്നുമാണ് ഈ സൈറ്റിന്റെ തുടക്കമെന്നും താന്‍ വെറുമൊരു ഗെയിം പോലെയാണ് ഈ സൈറ്റ് ഉണ്ടാക്കിയതെന്നും ചെനെ പറയുന്നു. 1997-ല്‍ ചെനെ പരീക്ഷണാര്‍ത്ഥം അമേരിക്കയിലെ അപ്പോഴത്തെ മെത്രാന്മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ‘ഹൂസ് ന്യൂ, ‘ഓപ്പണ്‍ സീസ്’, ‘ഏജ് ലിമിറ്റ്’ എന്നീ മൂന്ന്‍ വെബ്പേജുകള്‍ മാത്രം ഉള്ള ഒരു പാരഡോക്സ് ഡാറ്റാബേസ് നിര്‍മ്മിക്കുകയായിരിന്നു. ഗ്വാട്ടിമാലയില്‍ താമസിക്കുന്ന മുന്‍ ആശ്രമാധിപന്‍ കൂടിയായ തന്റെ ഒരു ബന്ധുവിനെ അദ്ദേഹം കണ്ടു. ആ കണ്ടുമുട്ടലാണ് ഈ വെബ്സൈറ്റിനെ അമേരിക്കക്ക് പുറത്തേക്ക് കൂടി വ്യാപിപ്പിപ്പിക്കുന്നതിന് കാരണമായത്.

കാനഡ, മെക്സിക്കോ, സെന്‍ട്രല്‍ അമേരിക്ക് എന്നിവിടങ്ങളിലെ സഭാ വിവരങ്ങള്‍ കൂടി ആദ്യഘട്ടത്തില്‍ തന്റെ സൈറ്റില്‍ ചേര്‍ത്തുവെന്നു അദ്ദേഹം പറയുന്നു. സി.എന്‍.എ’ സ്പാനിഷ് വാര്‍ത്താ പങ്കാളിയായ എ.സി.ഐ പ്രെന്‍സായില്‍ ജോലി ചെയ്തിരുന്ന ഒരു വ്യക്തിയാണ് തെക്കന്‍ അമേരിക്കയിലെ മെത്രാന്‍മാരുടെ വിവരങ്ങള്‍ ചെനെക്ക് കൈമാറിയത്. ഇതിനു പിന്നാലേ ലോകമെമ്പാടുമുള്ള വിവരങ്ങള്‍ എന്തുകൊണ്ട് ആയിക്കൂടായെന്ന ചിന്ത ചെനെയില്‍ ഉദിക്കുന്നത്. പൊന്തിഫിക്കല്‍ ഡയറക്ടറിയില്‍ നിന്നും ചെനെക്ക് ചരിത്രപരമായ ധാരാളം വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. ചരിത്രഗവേഷകരും, ഗൂഗിള്‍ ബുക്സും ഇക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിച്ചു.

ഒരു മാസത്തിനുള്ളിൽ, ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകര്‍ ഉള്ള അപൂര്‍വ്വ സൈറ്റുകളില്‍ ഒന്നു കൂടിയാണ് ‘കാത്തലിക്-ഹയരാര്‍ക്കി.കോം’. കത്തോലിക്കാ സഭയുടെ ശ്രേണി എത്ര സങ്കീര്‍ണ്ണമായിരുന്നു എന്ന വസ്തുത ഈ വെബ്സൈറ്റ് ഉണ്ടാക്കി കഴിഞ്ഞ ശേഷമാണ് തനിക്ക് മനസ്സിലായതെന്നു ചെനെ പറയുന്നു. പാപ്പ നിയമിച്ച പുതിയ മെത്രാന്‍മാരേ കുറിച്ചറിയുന്നതിനു എല്ലാ ദിവസത്തേയും ന്യൂസ് ബുള്ളറ്റിനും താന്‍ വായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെത്രാന്‍മാരുടെ വയസ്സ് പോലെയുള്ള വിവരങ്ങള്‍ യാന്ത്രികമായി തന്നെ അപ്ഡേറ്റാവുന്ന രീതിയിലാണ് വെബ്സൈറ്റിന്റെ നിര്‍മ്മാണം. രൂപതകളെ കുറിച്ചും മെത്രാന്‍മാരേ കുറിച്ചും അവരുടെ പൌരോഹിത്യ മെത്രാന്‍ പട്ട സ്വീകരണത്തെയും സംബന്ധിച്ച വിവിധ വിവരങ്ങളും ഉള്‍പ്പെടെ മനോഹരമായ വിധത്തിലാണ് സൈറ്റ് ഒരുക്കിയിരിക്കുന്നത്.

More Archives >>

Page 1 of 49