News

പീഡിത ക്രൈസ്തവര്‍ക്ക് പുതുജീവിതം സമ്മാനിച്ച ഹംഗറിയുടെ പ്രസിഡന്റ് ഇറാഖില്‍

പ്രവാചകശബ്ദം 16-12-2022 - Friday

ബാഗ്ദാദ്: പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ ഇറാഖില്‍ മൂന്ന്‍ വര്‍ഷത്തിലധികം നീണ്ട ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി അധിനിവേശം മൂലം നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവരെ ജന്മദേശത്ത് നിലനിറുത്തുന്നതിനായി ഹംഗറി നല്‍കിവരുന്ന പിന്തുണ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. കഴിഞ്ഞയാഴ്ചത്തെ തന്റെ ഇറാഖ് സന്ദര്‍ശനത്തിനിടക്ക് ഹംഗേറിയന്‍ പ്രസിഡന്റ് കാറ്റലിൻ നോവാക്ക് മൊസൂളില്‍ നിന്നും 20 മൈല്‍ അകലെയുള്ള ടെല്‍സ്കുഫ് പട്ടണത്തിലെ സെന്റ്‌ ജോര്‍ജ്ജ് കല്‍ദായ കത്തോലിക്കാ ദേവാലയം സന്ദര്‍ശിച്ചതാണ് ഇറാഖി ക്രൈസ്തവര്‍ക്ക് ഹംഗറി നല്‍കിവരുന്ന സഹായങ്ങളെ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ കാരണമായിരിക്കുന്നത്. ‘ഹംഗറി ഹെല്‍പ്‌സ്’ പദ്ധതിയുടെ ഭാഗമായി നല്‍കിയ സാമ്പത്തിക സഹായം കൊണ്ടാണ് ഇറാഖിലെ ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ ടെല്‍സ്കുഫ് പൂര്‍ണ്ണമായും പുനരുദ്ധരിച്ചത്.

‘ഹംഗറി ഹെല്‍പ്‌സ്’ പദ്ധതിയുടെ ഭാഗമായി 2017 മുതല്‍ ഇറാഖിലും ലോകമെമ്പാടുമായി മതപീഡനത്തിനു ഇരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരെ പിന്തുണക്കുകയും, സ്വന്തം ദേശത്ത് തുടരുവാന്‍ അവരെ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഹംഗറി. പലായനത്തിന്റെ വക്കില്‍ നിന്ന ഏതാണ്ട് രണ്ടര ലക്ഷത്തോളം ക്രൈസ്തവരെ സ്വന്തം ദേശത്ത് തുടരുന്നതിന് തങ്ങള്‍ പ്രാപ്തരാക്കിയെന്നു ഹംഗറി ഹെല്‍പ്‌സ് പറയുന്നു. മതപീഡനത്തിനിരയായ ക്രൈസ്തവര്‍ക്ക് സമയോചിതമായ സഹായം ചെയ്യുവാന്‍ ഹംഗറിക്ക് കഴിഞ്ഞുവെന്നും ഇത്തരത്തില്‍ ചെയ്യുന്ന ഏക രാഷ്ട്രം ഹംഗറിയാണെന്നും അമേരിക്കന്‍ അഭിഭാഷകനും, റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട് ഫെല്ലോയുമായ സ്റ്റീഫന്‍ റാഷേ വെളിപ്പെടുത്തി.

ഇറാഖിലെ ക്രിസ്ത്യന്‍ പട്ടണങ്ങള്‍ പുനരുദ്ധരിക്കുന്നതിനും, നൈജീരിയയില്‍ ബൊക്കോഹറാം കൈവശപ്പെടുത്തിയ കത്തോലിക്കാ സ്കൂള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതിനും ഹംഗറിയുടെ സഹായത്തോടെ കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക കത്തോലിക്കാ ദേവാലയങ്ങള്‍ക്കും, മറ്റ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും നേരിട്ട് സഹായം എത്തിക്കുന്നതാണ് ഹംഗറിയുടെ രീതി. ഇത്തരത്തില്‍ മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികളെ നേരിട്ട് സഹായിക്കുന്ന ആദ്യ ഗവണ്‍മെന്റ് ഹംഗറിയുടേതാണെന്നും റാഷേ പറയുന്നു. ഇപ്പോള്‍ ക്നൈറ്റ്സ് ഓഫ് കൊളംബസും ഈ മാതൃക പിന്തുടരുന്നുണ്ട്. തകര്‍ന്ന പട്ടണങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഈ മാതൃക വളരെ ഫലപ്രദമാണെന്ന് പറഞ്ഞ റാഷേ, കാരംലെസും ടെല്‍സ്കുഫും ഇതിന്റെ ഉദാഹരണങ്ങളാണെന്നും ചൂണ്ടിക്കാട്ടി.

ഇറാഖിലെത്തിയ ഹംഗറി പ്രസിഡന്റ് അല്‍ക്കോഷിലെ കല്‍ദായ മെത്രാപ്പോലീത്ത ബൌലോസ് ഹബീബുമായി കൂടിക്കാഴ്ച നടത്തുകയും, ഹംഗറിയുടെ സഹായത്തോടെ പുനരുദ്ധരിച്ച കിന്റര്‍ഗാര്‍ട്ടനും, മാതൃകാ കൃഷിഫാമും സന്ദര്‍ശിക്കുകയും ചെയ്തിരിന്നു. റാബ്ബാന്‍ ഹോര്‍മിസ്ഡ് എന്ന പൗരാണിക ആശ്രമവും സന്ദര്‍ശിച്ച ശേഷമാണ് നൊവാക്ക് ഹംഗറിയിലേക്ക് മടങ്ങിയത്. കലര്‍പ്പില്ലാത്ത പ്രോലൈഫ് നിലപാടുകളും ഉറച്ച ക്രിസ്തീയ വിശ്വാസവും വഴി നേരത്തെ ശ്രദ്ധ നേടിയിട്ടുള്ള രാഷ്ട്രീയ നേതാവാണ് കാറ്റലിൻ നോവാക്ക്. ക്രിസ്തീയത ഉപേക്ഷിച്ചാൽ രാജ്യത്തിന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് പരസ്യമായി ഇവര്‍ പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്.


Related Articles »