Youth Zone - 2024
പുൽക്കൂടുകൾക്കു വിലക്കേർപ്പെടുത്തിയ സ്കൂളുകളെ നിശിതമായി വിമർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി
പ്രവാചകശബ്ദം 19-12-2022 - Monday
റോം: ഇറ്റലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത വികാരം വ്രണപ്പെടുമെന്ന് ആരോപിച്ച് പുൽക്കൂടുകൾക്കു വിലക്കേർപ്പെടുത്തിയ സ്കൂളുകളെ നിശിതമായി വിമർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഈ വീഡിയോ 5 വർഷം മുമ്പ് ചെയ്തതാണെന്നും വിഷയത്തിൽ തന്റെ മനസ് മാറിയിട്ടില്ലെന്നുമുള്ള വാക്കുകളോടെ വീഡിയോ പങ്കുവെയ്ക്കപ്പെടുകയായിരിന്നു. പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിൽ സ്വന്തം ഭവനത്തിൽ ഉണ്ടാക്കിയ പുൽക്കൂടിന് മുമ്പിൽ ഇരുന്നാണ് ജോർജിയ ഇറ്റാലിയൻ ജനതയോട് തങ്ങളുടെ ഭവനങ്ങളിൽ പുൽക്കൂടുകൾ ഉണ്ടാക്കി ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശം തങ്ങളുടെ മക്കൾക്ക് പകർന്നു കൊടുക്കാൻ ആഹ്വാനം ചെയ്യുന്നത്.
"എല്ലാ വർഷവും ഞാൻ അതിമനോഹരമായ ക്രിസ്തുമസ് ട്രീ ആയിരുന്നു ഉണ്ടാക്കാറുള്ളത്. എന്നാൽ ഈ വർഷം മുതൽ ഞാൻ പുൽക്കൂട് ഉണ്ടാക്കാൻ തീരുമാനിച്ചു. കാരണം പലരും പുൽക്കൂട് ഉണ്ടാക്കുന്നില്ല എന്ന തീരുമാനമെടുത്തപ്പോൾ ഞാൻ ആ തീരുമാനത്തോട് യോജിക്കാതെ എന്റെ തീരുമാനം മാറ്റാൻ പ്ലാനിട്ടു. ഈ ക്രിസ്തുമസിന് ഞാൻ പുൽക്കൂട് ഉണ്ടാകും. കുട്ടികളുടെ മതവികാരം വ്രണപ്പെടും എന്ന കാരണത്താൽ ഈ ദിവസങ്ങളിൽ ഇറ്റലിയിലെ ചില സ്കൂളുകളിൽ പുൽക്കൂടുകൾ ഉണ്ടാക്കേണ്ട എന്ന തീരുമാനം എടുത്തു. അതിനാൽ തന്നെയാണ് ഞാൻ പുൽക്കൂട് ഉണ്ടാക്കാൻ തീരുമാനിച്ചതും. ഇങ്ങനെയുള്ള വികലമായ തീരുമാനങ്ങളെ ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല. പുൽക്കൂട്ടിൽ പിറന്ന കുഞ്ഞുണ്ണീശോ എങ്ങനെയാണ് മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നത്...? ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ വേണ്ടി മാതാപിതാക്കൾ ആ കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടുന്ന കഥ കേൾക്കുമ്പോൾ ആ കുടുംബം എങ്ങനെയാണ് മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുക...? അഭയം നൽകിയ ഈ ദേശത്തെ സംസ്കാരം നിങ്ങളെ എങ്ങനെയാണ് വ്രണപ്പെടുത്തുക..?"
"നിങ്ങൾ ദൈവത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ പുൽക്കൂട്ടിൽ പിറന്നവൻ നൽകിയ മൂല്യങ്ങളിൽ നിന്നാണ് എന്റെ ദേശത്തിന്റെ സംസ്കാരം പടുത്തുയർത്തപ്പെട്ടത്... ജീവന്റെ വിലയിൽ ഞാൻ വിശ്വസിക്കാൻ കാരണം ഈ കുഞ്ഞുണ്ണീശ്ശോ, എന്നെ അത് പഠിപ്പിച്ചതിനാൽ ആണ്. പരസ്പരം ബഹുമാനിക്കുവാൻ എന്നെ പഠിപ്പിച്ചത് എന്റെ ദേശത്തിന്റെ സംസ്കാരവും ഈ കുഞ്ഞുണ്ണിയുമാണ്. എന്റെ ജീവിതത്തിൽ എന്തെല്ലാം നന്മകൾ ഉണ്ടോ അതെല്ലാം എന്നെ പഠിപ്പിച്ചത് ഈ വിശ്വാസവും ഈ സംസ്കാരവുമാണ്."
"എന്റെ മകൾ ഈ സത്യങ്ങളെല്ലാം തിരിച്ചറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കുറച്ച് സമ്മാനങ്ങൾ കൈമാറുകയും ആഘോഷങ്ങൾ നടത്തുകയും മാത്രമല്ല ക്രിസ്തുമസ്സിന്റെ അർത്ഥം. പ്രിയപ്പെട്ടവരേ... എല്ലാവരും നിങ്ങളുടെ ഭവനങ്ങളിൽ പുൽക്കൂടുകൾ ഉണ്ടാക്കി, നിങ്ങളുടെ മക്കൾക്ക് ക്രിസ്തുമസ്സിന്റെ യഥാർത്ഥ സന്ദേശം കൈമാറുക. ഈ വർഷം നമുക്കെല്ലാവർക്കും പുൽക്കൂടിന്റെ വിപ്ലവം തന്നെ സൃഷ്ടിക്കാം...."- ജോർജിയ മെലോണിയയുടെ വീഡിയോ സന്ദേശത്തിൽ പറയുന്നു. വീഡിയോ ഇതുവരെ 5200ൽ അധികം പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.
ജോർജിയ മെലോണിയയുടെ വാക്കുകളുടെ വിവർത്തനം: സി. സോണിയ തെരേസ് ഡി. എസ്. ജെ