Arts

ലൂര്‍ദ്ദിലെ അത്ഭുത രോഗശാന്തികളുടെ ആധികാരികത വെളിപ്പെടുത്തി ടെലിവിഷന്‍ പരിപാടി; “60 മിനിറ്റ്” പുതിയ എപ്പിസോഡ് ശ്രദ്ധ നേടുന്നു

പ്രവാചകശബ്ദം 23-12-2022 - Friday

ലൂര്‍ദ്: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍കൊണ്ട് പ്രസിദ്ധമായ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദിലെ ചാപ്പലിന്റെ മനോഹരവും, പ്രചോദനാത്മകവുമായ കാഴ്ചകളും, അത്ഭുത രോഗശാന്തിക്കായി ഇവിടം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ അഭിമുഖങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ ടെലിവിഷന്‍ ശ്രംഖലയായ ‘കൊളംബിയ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം’ (സിബിഎസ്) സംപ്രേഷണം ചെയ്ത ‘60 മിനിറ്റ്’ എന്ന ടെലിവിഷന്‍ വാര്‍ത്ത പരിപാടി ശ്രദ്ധ പിടിച്ചുപറ്റുന്നു. സുപ്രസിദ്ധ അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനും, ലേഖകനുമായ ബില്‍ വിടേക്കറാണ് തെക്ക് - പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദ് പട്ടണത്തിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ചാപ്പല്‍ സന്ദര്‍ശിച്ച് അഭിമുഖങ്ങള്‍ നടത്തിയത്.

മൂന്നു പതിറ്റാണ്ടിലധികം തളര്‍വാത രോഗിയായിരുന്ന ശേഷം 2008-ല്‍ ചാപ്പല്‍ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അത്ഭുത രോഗശാന്തി ലഭിച്ച എണ്‍പത്തിമൂന്നുകാരിയായ സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ മൊറിയോ എന്ന ഫ്രഞ്ച് കന്യാസ്ത്രീയുടെ അഭിമുഖം ഉള്‍പ്പെടെയാണ് പരിപാടി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അത്ഭുതങ്ങള്‍ അന്വേഷിക്കപ്പെട്ടതിനേക്കുറിച്ചും, ആധികാരികമായി സ്ഥിരീകരിച്ചതിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ടെലിവിഷന്‍ പരിപാടിയില്‍ പ്രമേയമാകുന്നുണ്ട്. അത്ഭുത രോഗശാന്തികള്‍ പരിശോധിച്ച ഒരു സംഘം ഡോക്ടര്‍മാരുമായി അവതാരകനായ വിടേക്കര്‍ നടത്തിയ സംഭാഷണങ്ങളില്‍ നിന്നും ഈ അത്ഭുതങ്ങള്‍ ആധികാരികമാക്കപ്പെടുന്നതിന് മുന്‍പ് എത്രമാത്രം പഠിക്കുകയും, പരിശോധിക്കപ്പെടുകയും ചെയ്തുവെന്ന് വ്യക്തമാണ്.

ദൈവമാതാവിന്റെ മധ്യസ്ഥതയിലുള്ള എഴുപതാമത് അത്ഭുതമാണ് സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെയിലൂടെ നടന്നത്. ദേവാലയം സന്ദര്‍ശിച്ച് മൂന്ന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ അസുഖം മാറിയെന്നും, ദൈവം തനിക്കൊപ്പം നടക്കുന്ന പോലെ ഒരു അനുഭവം തനിക്കുണ്ടായെന്നുമാണ് സിസ്റ്റര്‍ മൊറിയോ പറയുന്നത്. സിസ്റ്റര്‍ക്കു സംഭവിച്ച അത്ഭുതകരമായ സൗഖ്യത്തെ കുറിച്ച് പ്രവാചകശബ്ദം നേരത്തെ പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ട് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ രോഗ സൗഖ്യത്തേക്കുറിച്ച് വിശദീകരിക്കുവാന്‍ ഒരു വൈദ്യശാസ്ത്രത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.

1858 ഫെബ്രുവരി 11-നു വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. ലൂര്‍ദ്ദിലെ (ഹൗട്സ്-പൈറെനീസ്) മാസാബിയല്ലെ വനത്തിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിറക് തേടി എത്തിയതായിരുന്നു ബെര്‍ണാഡെറ്റെ. ഇന്നത്തെ ഗ്രോട്ടോയുടെ മുകള്‍ ഭാഗത്തായി തൂവെള്ള വസ്ത്രം ധരിച്ച അതിമനോഹരിയായ സ്ത്രീയുടെ രൂപത്തിലായിരുന്നു ദൈവമാതാവിന്റെ പ്രത്യക്ഷീകരണം. 18 പ്രാവശ്യത്തോളം ബെര്‍ണാഡെറ്റെക്ക് മാതാവിന്റെ ദര്‍ശന ഭാഗ്യം ലഭിച്ചു. പ്രതിവര്‍ഷം 30 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഇവിടം സന്ദര്‍ശിക്കുന്നത്.

More Archives >>

Page 1 of 50