Arts - 2024

ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള പരമ്പരാഗത മെക്സിക്കന്‍ പ്രദര്‍ശനത്തിന് വത്തിക്കാനില്‍ ആരംഭം

പ്രവാചകശബ്ദം 16-12-2022 - Friday

വത്തിക്കാന്‍ സിറ്റി: മെക്സിക്കന്‍ ക്രിസ്തുമസിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊണ്ട് ‘വത്തിക്കാനിലെ മെക്സിക്കന്‍ ക്രിസ്തുമസ് 2022’ എന്ന പരമ്പരാഗത ഫോട്ടോഗ്രാഫിക് പ്രദര്‍ശനത്തിന് ആരംഭം. മെക്സിക്കന്‍ സംസ്ഥാനമായ ന്യൂവോ ലിയോണാണ് ഇക്കൊല്ലത്തെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 14നു ന്യൂവോ ലിയോണ്‍ ഗവര്‍ണര്‍ സാമുവല്‍ ഗാര്‍ഷ്യ സേപുള്‍വേഡക്കൊപ്പം വത്തിക്കാനിലെ മെക്സിക്കന്‍ അംബാസഡറായ ആല്‍ബര്‍ട്ടോ ബാരാങ്കോ ചവാരിയയും ചേര്‍ന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിലേക്ക് നയിക്കുന്ന കണ്‍സിലിയേഷന്‍ റോഡിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് പരമ്പരാഗത മെക്സിക്കന്‍ നൃത്തരൂപങ്ങളും അരങ്ങേറി. വത്തിക്കാനിലെ മെക്സിക്കന്‍ നയതന്ത്ര പ്രതിനിധി സംഘാംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. വത്തിക്കാനും മെക്സിക്കോയും തമ്മിലുള്ള 30 വര്‍ഷത്തെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഓര്‍മ്മക്കായി വത്തിക്കാന്‍ പോസ്റ്റല്‍ കാര്യാലയവും, മെക്സിക്കന്‍ പോസ്റ്റല്‍ കാര്യാലയവും സംയുക്തമായി ഒരു സ്റ്റാമ്പും പുറത്തിറക്കിയിരുന്നു. ഡിസംബര്‍ 12-ന് നടന്ന സ്റ്റാമ്പിന്റെ പ്രകാശന ചടങ്ങില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനും പങ്കെടുത്തു.



പത്തൊന്‍പതാം നൂറ്റാണ്ടില്‍ മെക്സിക്കന്‍ പ്രസിഡന്റ് ബെനിറ്റോ ജുവാരെസിന്റെ കാലത്ത് സഭാ സ്വത്തുക്കള്‍ സര്‍ക്കാര്‍ കൈവശപ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ വത്തിക്കാന്‍-മെക്സിക്കോ നയതന്ത്ര ബന്ധം വഷളായത്. 1917-ലെ മെക്സിക്കന്‍ ഭരണഘടന സഭയുടെ വിവിധ അവകാശങ്ങള്‍ പരിമിതപ്പെടുത്തുകയുണ്ടായി. നിയമപരമായ പദവി, വൈദികരുടെ എണ്ണം പരിമിതപ്പെടുത്തല്‍, പൊതു ആരാധനക്കുള്ള വിലക്ക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെട്ടിരിന്നു. പ്രസിഡന്റ് പ്ലൂട്ടാര്‍ക്കോ ഏലിയാസ് കാലെസ് ആണ് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയത്. ‘കാലെസ് നിയമങ്ങള്‍’ എന്നറിയപ്പെടുന്ന ഈ നിയമങ്ങളും ‘ക്രിസ്റ്റേറോ യുദ്ധം’ ആളിക്കത്തുന്നതിന് കാരണമാവുകയുണ്ടായി.



വത്തിക്കാനിലെ മെക്സിക്കന്‍ എംബസി നല്‍കുന്ന വിവരമനുസരിച്ച് 1974-ല്‍ മെക്സിക്കന്‍ പ്രസിഡന്റ് ലൂയിസ് എച്ചെവേരിയ ആല്‍വാരെസ് പോള്‍ ആറാമന്‍ പാപ്പയെ സന്ദര്‍ശിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗികമായി അടുക്കുന്നത്. നീണ്ട 130 വര്‍ഷത്തോളം മുടങ്ങിക്കിടന്നിരുന്ന വത്തിക്കാന്‍-മെക്സിക്കോ നയതന്ത്രബന്ധം 1992 സെപ്റ്റംബര്‍ 21-നു പുനഃസ്ഥാപിക്കപ്പെട്ടു. മതസ്വാതന്ത്ര്യവും, ആരാധനാ സ്വാതന്ത്ര്യവും അനുവദിച്ചുകൊണ്ടുള്ള മെക്സിക്കന്‍ ഭരണഘടനാ നവീകരണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ പുനഃസ്ഥാപനത്തിന് വാതില്‍ തുറന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നിരവധി തവണ മെക്സിക്കോ സന്ദര്‍ശിച്ചിട്ടുണ്ട്.

More Archives >>

Page 1 of 50