Arts - 2024

സ്‌പെയിനിലെ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ ഗോപുരങ്ങൾ ആദ്യമായി പ്രകാശപൂരിതം

പ്രവാചകശബ്ദം 18-12-2022 - Sunday

മാഡ്രിഡ്: പ്രശസ്ത വാസ്തു ശില്പിയായ അന്റോണി ഗൗഡി രൂപകൽപ്പന ചെയ്ത സ്പെയിനിലെ ലോക പ്രശസ്തമായ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ രണ്ട് ഗോപുരങ്ങൾ ആദ്യമായി പ്രകാശപൂരിതമായി. ഡിസംബർ പതിനാറാം തീയതി ബസിലിക്കയുടെ ഉള്ളിൽ നടന്ന ക്രിസ്തുമസ് പരിപാടിയുടെ ഒടുവിലാണ് സുവിശേഷകരായ ലൂക്കായ്ക്കും, മർക്കോസിനും സമർപ്പിക്കപ്പെട്ട ഗോപുരങ്ങളിൽ പ്രകാശം തെളിഞ്ഞത്. ഈ രണ്ടു ഗോപുരങ്ങളും 135 മീറ്റർ ഉയരം ഉള്ളതാണ്. ഗോപുരങ്ങളുടെ മുകൾഭാഗത്ത് സുവിശേഷകരുടെ ശില്പങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മധ്യഭാഗത്തുള്ള ആറ് ഗോപുരങ്ങളിൽ മൂന്ന് എണ്ണത്തിന്റെ നിർമ്മാണമാണ് ഇതുവരെ പൂർത്തിയായത്.

കഴിഞ്ഞവർഷം ഡിസംബർ എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള ഗോപുരത്തിന്റെ നിർമ്മാണം പൂർത്തിയായിരുന്നു. 2023 ഒടുവിൽ വിശുദ്ധ മത്തായിയുടെയും, വിശുദ്ധ യോഹന്നാന്റെയും ഗോപുരങ്ങൾ പൂർത്തിയാകും എന്ന് കരുതപ്പെടുന്നു. മൊത്തം 18 ഗോപുരങ്ങളാണ് ബസിലിക്കയുടെ ഭാഗമായി നിർമ്മിക്കപ്പെടുന്നത്. 170.30 മീറ്റർ ഉയരമുള്ള യേശുക്രിസ്തുവിന്റെ ഗോപുരമാണ് ഇതിൽ ഏറ്റവും ഉയരമുള്ളത്. ഈ ഗോപുരത്തിന്റെ നിർമ്മാണം 2026ൽ പൂർത്തിയാകും എന്ന് കരുതപ്പെടുന്നു. ഡിസംബർ 17 മുതൽ ജനുവരി എട്ടാം തീയതി വരെ വൈകുന്നേരം 6 മുതൽ 10 വരെയുള്ള സമയത്ത് ഗോപുരങ്ങളിൽ പ്രകാശം തെളിയും.

1883-ല്‍ ആരംഭിച്ച ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെങ്കിലും 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ബസിലിക്കയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചിരുന്നു. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ബസിലിക്ക സന്ദര്‍ശിക്കുവാന്‍ വര്‍ഷം തോറും ലക്ഷകണക്കിന് ആളുകളാണ് എത്തുന്നത്. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സഗ്രഡ ഫാമിലിയ ഇടംപിടിച്ചിരുന്നു.

More Archives >>

Page 1 of 50