Arts - 2025
സലേഷ്യൻ വൈദികന് അന്താരാഷ്ട്ര മനുഷ്യാവകാശ അവാർഡ്
പ്രവാചകശബ്ദം 12-12-2022 - Monday
ഡല്‍ഹി: ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര മനുഷ്യാവകാശ അവാർഡ് സലേഷ്യൻ വൈദികനായ ഫാ. സിഎം പോള്‍ എസ്‌ഡിബിയ്ക്ക്. മാധ്യമ മേഖലയിൽ സമാധാനത്തിനു വേണ്ടി നടത്തിയ ഇടപെടലുകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കൽക്കട്ടയിലെ സലേഷ്യൻ പ്രോവിൻസിലെ അംഗമായ ഫാ. പോൾ, ഇപ്പോൾ വെസ്റ്റ് ബംഗാളിലെ സിലിഗുരിയിലുള്ള സലേഷ്യൻ കോളേജിന്റെ വൈസ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച് വരികയാണ്. ഡിസംബർ പത്താം തീയതി ഡൽഹിയിലെ ലോതി റോഡിൽ സ്ഥിതിചെയ്യുന്ന ഇസ്ലാമിക് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾ നിശബ്ദമായി സഹിക്കുന്നവർക്ക് വേണ്ടി അവാര്‍ഡ് സമര്‍പ്പിക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച ഫാ. പോൾ പറഞ്ഞു.
മനുഷ്യാവകാശ ലംഘനത്തിന്റെയും, അനീതിയുടെയും ഇരയായാൽ മാത്രമേ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ സാധിക്കുകയുള്ളൂവെന്ന് അവാർഡ് ദാന ചടങ്ങിനു മുന്നോടിയായി നടന്ന പാനൽ ചർച്ചയിൽ വൈദികൻ പറഞ്ഞു. അയൽ സ്ഥലങ്ങളിലും, സമൂഹത്തിലും, രാജ്യമെമ്പാടും മനുഷ്യാവകാശം സംരക്ഷിക്കാൻ വേണ്ടി പ്രതിജ്ഞ ചെയ്യാൻ കരങ്ങൾ കോർക്കാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഗുവാഹത്തിയിലെ ഡോൺ ബോസ്കോ സർവ്വകലാശാലയിലും, സോനാടയിലെ സലേഷ്യൻ കോളേജിലും മാധ്യമപ്രവർത്തക, സമ്പർക്ക വിഭാഗത്തിന് തുടക്കം കുറിച്ചതും, ആദ്യത്തെ അധ്യക്ഷ പദവി വഹിച്ചതും ഫാ. സി. എം പോളാണ്.
ന്യൂയോർക്കിലെ ഫോർത്താം സർവ്വകലാശാലയിൽ നിന്നാണ് ഫാ. പോൾ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്ദ ബിരുദം നേടിയത്. റോമിലെ ഡോൺബോസ്കോ ന്യൂസ് ഏജൻസിയുടെ ഇറ്റലിക്കാരൻ അല്ലാത്ത ആദ്യത്തെ അധ്യക്ഷനായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ ഫിലിം സർട്ടിഫിക്കേഷന്‍ ബോർഡിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. കൽക്കട്ടയിൽ ആദ്യത്തെ രണ്ട് മദർ തെരേസ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽസ് സംഘടിപ്പിച്ചത് ഫാ. പോളിന്റെ നേതൃത്വത്തിലായിരിന്നു.