News - 2024

അമേരിക്കയില്‍ സാത്താന്‍ ആരാധക സമ്മേളനത്തിന് പദ്ധതിയുമായി സാത്താനിക് ടെംപിള്‍

പ്രവാചകശബ്ദം 09-01-2023 - Monday

ബോസ്റ്റണ്‍: പൈശാചിക പ്രവര്‍ത്തികള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ചരിത്രത്തിലെ ഏറ്റവും വലിയ സാത്താന്‍ ആരാധകരുടെ സമ്മേളനം നടത്തുമെന്ന് അമേരിക്കയിലെ സാത്താനിക് ടെംപിളിന്റെ പ്രഖ്യാപനം. തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് സാത്താന്‍ ആരാധകര്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഏപ്രില്‍ 28 മുതല്‍ 30 വരെ മസാച്ചുസെറ്റ്സിലെ ബോസ്റ്റണില്‍ ‘സാത്താന്‍കോണ്‍ 2023’ സംഘടിപ്പിക്കുമെന്നാണ് ഇവരുടെ പ്രഖ്യാപനം. ‘ഹെക്സെന്‍നാഷ്ട് ഇന്‍ ബോസ്റ്റണ്‍’ (ബോസ്റ്റണിലെ ദുര്‍മന്ത്രവാദികളുടെ രാത്രി) എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രമേയം. രോഗികളില്‍ നിന്നും ദുരാത്മാക്കളെ ഒഴിവാക്കുന്നതില്‍ പ്രസിദ്ധയായ ജര്‍മ്മനിയിലെ വാല്‍ബുര്‍ഗ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിന്റെ വാര്‍ഷികമാണ് മെയ് 1. ഇതിന്റെ തൊട്ടുതലേന്നാള്‍ വരെ പൈശാചികമായ കൂട്ടായ്മ നടത്താനാണ് ഇവരുടെ പദ്ധതി.

ഈ മാസം ആദ്യം ‘സാത്താന്‍കോണ്‍ 2023’യുടെ പരസ്യം ഇന്‍സ്റ്റാഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. സംഘടനയുടെ പത്താമത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ഈ കോണ്‍ഫറന്‍സ് സാത്താന്‍ ആരാധകരുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോണ്‍ഫറന്‍സായിരിക്കുമെന്നും, കോണ്‍ഫറന്‍സിന്റെ ഭാഗമായി സാത്താന്‍ ആരാധനയും, സാത്താനിക ചര്‍ച്ചകളും, സാത്താനിക മാര്‍ക്കറ്റും ഉണ്ടായിരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോയില്‍ “സിക്കുട്ട് മാട്രിബസ് സിറ്റ് സാത്താന നോബിസ്” (സാത്താന്‍ നമുക്ക് അമ്മയേപ്പോലെ ആകട്ടെ) എന്ന പരസ്യവാചകമാണ് ഉപയോഗിച്ചിരിക്കുന്നത്.

നേരത്തെ ‘ക്രിസ്ത്യന്‍ സംഘടനയെ പതാക ഉയര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ ബോസ്റ്റൺ നഗരസഭയുടെ നടപടി റദ്ദ് ചെയ്ത അമേരിക്കന്‍ സുപ്രീം കോടതിവിധിയെത്തുടര്‍ന്ന്‍ ബോസ്റ്റണ്‍ സിറ്റി ഹാളില്‍ തങ്ങളുടെ പതാക ഉയര്‍ത്തുവാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാത്താന്‍ ആരാധകര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ബോസ്റ്റണ്‍ സിറ്റി ഇത് തള്ളി. ഇതിന്റെ കൂടെ വെളിച്ചത്തിലാണ് പൈശാചിക സമ്മേളനം നടക്കുക. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ സാത്താനിക വിഷം കുത്തിവെക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ആഫ്റ്റര്‍ സ്കൂള്‍ പരിപാടികള്‍ക്കും, ആഫ്റ്റര്‍ സ്കൂള്‍ സാത്താന്‍ ക്ലബ്ബിനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിന്നു. ഇതിനിടെയാണ് പൈശാചിക സമ്മേളനവും ഒരുങ്ങുക. വരും നാളുകളില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.


Related Articles »