India - 2025

ഇനിയും എത്ര മനുഷ്യരെ കുരുതി കൊടുത്താൽ വനം വകുപ്പിന് തൃപ്തിയാകും?: മാനന്തവാടി രൂപത

പ്രവാചകശബ്ദം 12-01-2023 - Thursday

മാനന്തവാടി: വനമേഖലയിൽ നിന്നും വിദൂരത്തിലുള്ള പുതുശ്ശേരി എന്ന ജനവാസ കേന്ദ്രത്തിൽ സാലു (തോമസ് ) പള്ളിപ്പുറം തൻ്റെ കൃഷിയിടത്തിൽ കടുവയുടെ അക്രമണത്തിൽ മരണമടഞ്ഞതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം വനം വകുപ്പിനാണന്ന് മാനന്തവാടി രൂപത. വയനാട്ടിലെ ഭൂവിസ്തൃതിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത അത്രയും കടുവകൾ പെരുകിയെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ച് തൊടുന്യായങ്ങൾ നിരത്തുകയാണ് വനംവകുപ്പ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യുന്നത്. ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്ന പ്രസ്താവനയോടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകുന്ന സമീപനമാണ് വകുപ്പധികാരികൾ സ്വീകരിക്കുന്നതെന്ന് രൂപത ചൂണ്ടിക്കാട്ടി.

വന്യമൃഗങ്ങൾ വനത്തിൽ നിന്ന് പുറത്തിറങ്ങുന്നില്ലന്ന് ഉറപ്പാക്കാനുള്ള നടപടികളാണ് വനം വകുപ്പ് എടുക്കേണ്ടത്. അതിനു പകരം തങ്ങളുടെ പരിസരങ്ങളിൽ തൊഴിലെടുക്കുന്ന മനുഷ്യരാണ് കുറ്റക്കാർ എന്നു വരുത്തുന്ന സമീപനം നികൃഷ്ടമാണ്. മരണപ്പെട്ട തോമസിൻ്റെ കുടുംബത്തിൻ്റെയും കുട്ടികളുടേയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും രൂപത അവശ്യം ഉന്നയിച്ചു. രൂപതാ പി‌ആര്‍‌ഓ ഫാ.ജോസ് കൊച്ചറക്കലിൻ്റെ നേതൃത്വത്തിൽ സാലു അബ്രാഹം മേച്ചേരിൽ, സെബാസ് റ്റ്യൻ പാലംപറമ്പിൽ, ജോസ്‌ പള്ളത്ത്, ജോസ്‌ പുഞ്ചയിൽ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു.


Related Articles »