India - 2025
ഫാ. തോമസ് ഫെലിക്സ് സിഎംഐയുടെ മൃതസംസ്കാരം ഞായറാഴ്ച
പ്രവാചകശബ്ദം 13-01-2023 - Friday
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിറ്റാർഡേഷൻ (സിഐഎംആർ) സ്ഥാപക ഡയറക്ടർ ഫാ. തോമസ് ഫെലിക്സ് സിഎംഐയുടെ(86) സംസ്കാരം ഞായറാഴ്ച നടക്കും. കിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ പത്തിന് മുറിഞ്ഞപാലം സിഐഎംആറിൽ കൊണ്ടുവരും. തുടർന്ന് പൊതുദർശനം. ഞായർ രാവിലെ 10ന് പ്രത്യേക പ്രാർത്ഥനകളോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് സിഐഎംആറിൽ പ്രത്യേകം തയാറാക്കിയ കബറിടത്തിൽ മൃതദേഹം സംസ്കരിക്കും.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു ഫാ.തോമസ് ഫെലിക്സ് സിഎംഐ. ബംഗളൂരു ധർമാരാം കോളജിൽനിന്നു ബിരുദം നേടിയശേഷം അമേരിക്കയിലാണ് ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയത്. പെൻസിൽവാനിയ പിറ്റ്സ്ബർഗിലെ ഡ്യൂക്കേൻ സർവകലാശാലയിൽ നിന്നു ഭിന്നശേഷിക്കാരുടെ ജീവിതാവസ്ഥയ്ക്കു പ്രത്യേക ഊന്നൽ നൽകിക്കൊ ണ്ടുള്ള വിഷയത്തിൽ അദ്ദേഹം ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.
ഭിന്നശേഷിക്കാർ സമൂഹത്തിൽ ഒട്ടും കുറവുള്ളവരല്ല എന്ന സന്ദേശം ഉയർത്തിപ്പിടി ച്ചായിരുന്നു ഫാ.തോമസ് ഫെലിക്സിന്റെ പ്രവർത്തനങ്ങൾ. സാധാരണ രീതിയിലുള്ള പഠനം ഭിന്നശേഷിക്കാരായ കുട്ടികൾക്കു പ്രാപ്യമായിരുന്നില്ല. അതിനാൽ ഫാ. ഫെലിക്സ് ഇവർക്കായി 1980ൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിറ്റാർഡേഷൻ(സിഐഎംആർ) എന്ന സ്ഥാപനം ആരംഭിക്കുകയും പ്രത്യേക പാഠ്യപദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. അക്കാലത്ത് പശ്ചാത്തല സൗകര്യങ്ങൾ വളരെ കുറവായിരുന്നെങ്കിലും സ്വന്തം പ്രയത്നത്തിലൂടെ അദ്ദേഹം കുട്ടികളുടെ നന്മ ലക്ഷ്യമാക്കി പ്രവർത്തിച്ചിരിന്നു.