News - 2024

സ്പെയിനില്‍ കത്തോലിക്ക ദേവാലയങ്ങൾക്കു നേരെ ആക്രമണം: ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്

പ്രവാചകശബ്ദം 27-01-2023 - Friday

മാഡ്രിഡ്: തെക്കന്‍ സ്പെയിനിലെ അല്‍ജെസിറാസ് മുനിസിപ്പാലിറ്റിയിലെ ആന്‍ഡലൂസിയന്‍ പട്ടണത്തിലെ രണ്ട് ദേവാലയങ്ങൾക്കു നേരെ ആക്രമണം. മൊറോക്കന്‍ സ്വദേശിയെന്ന് സംശയിക്കപ്പെടുന്ന ഇരുപത്തിയഞ്ചുകാരന്‍ നടത്തിയ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും വൈദികൻ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയായ യാസിന്‍ കാന്‍ജായെ അറസ്റ്റ് ചെയ്ത പോലീസ്, തീവ്രവാദി ആക്രമണമാണോ എന്നതുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.

പള്ളിയിലെ കപ്യാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 7 മണിയോടെ മൂര്‍ച്ചയേറിയ ആയുധവുമായി സാന്‍ ഇസിദ്രോ ദേവാലയത്തില്‍ പ്രവേശിച്ച അക്രമി അവിടത്തെ വൈദികനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന്റെ പിന്നാലെ അവിടെ നിന്നും വെറും 5 മിനിറ്റ് ദൂരത്തുള്ള നുയെസ്ട്രാ സെനോരാ ഡെ പാല്‍മ ദേവാലയത്തിലെത്തുകയും അവിടത്തേ കപ്യാരെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കപ്യാര്‍ ദേവാലയത്തില്‍ നിന്നും ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്നെത്തിയ അക്രമി പൊതുസ്ഥലത്തുവെച്ചാണ് കൊലപാതകം നടത്തിയത്.

ആക്രമണങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് 3 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമ റിപ്പോർട്ട്. ആക്രമണങ്ങളുടെ പിന്നിലെ കാരണങ്ങളേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് യാസിന്‍ കാന്‍ജാ അല്‍ജെസിറാസില്‍ എത്തുന്നത്. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ അധികൃതർ നാടുകടത്താനിരിക്കേയാണ് യാസിന്‍ ഈ അതിക്രമം നടത്തിയിരിക്കുന്നത്. സ്പെയിനിലോ മറ്റ് രാജ്യങ്ങളിലോ ഇയാളുടെ പേരില്‍ ഇതുവരെ യാതൊരു കുറ്റകൃത്യവും രേഖപ്പെടുത്തിയിട്ടില്ല. യാസിന്‍ കടുത്ത ഇസ്ലാം മതവിശ്വാസിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.


Related Articles »