India - 2025

ദൈവദാസൻ ഫോർത്തുനാത്തൂസിന്റെ രൂപതാതല നാമകരണ നടപടികള്‍ക്ക് സമാപനം

പ്രവാചകശബ്ദം 01-02-2023 - Wednesday

കാഞ്ഞിരപ്പള്ളി: സകലരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്ന വിശ്വാസ ബോധ്യത്തിൽ മഹനീയമായ സുവിശേഷ സാക്ഷ്യം നൽകുവാൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന് കഴിഞ്ഞുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. ദൈവദാസൻ ഫോർത്തുനാത്തൂസ് തൻ ഹേയ്സറിനെ വിശുദ്ധ പദവിയിലേക്കുയർത്തുന്ന നാമകരണ നടപടികളുടെ രൂപതാതല സമാപനത്തോടനുബന്ധിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ മാർ മാത്യു അറയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ നടപടിക്രമങ്ങൾ ആരംഭിച്ചു.

തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ കോൺഫറൻസ് ഹാളിൽ ഔദ്യോഗിക സമാപന കർമം നടത്തി. ഇതിനോടനുബന്ധിച്ച് വിദഗ്ധരടങ്ങുന്ന നാമകരണ കോടതിയുടെയും ദൈവശാസ്ത്ര ചരിത്ര കമ്മീഷനുകളുടെയും റിപ്പോർട്ടും അനുബന്ധ രേഖകളും റോമിലേക്ക് അയയ്ക്കുന്നതിനായി സമർപ്പിച്ചു.

ജർമനിയിലെ ബർലിനിൽ 1918ൽ ജനിച്ച ബ്രദർ ഫോർത്തുനാത്തൂസ് 1936ൽ ഓർഡർ ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസ സമൂഹാംഗമായി വ്രതവാഗ്ദാനം ചെ യ്തു. 1969ൽ കട്ടപ്പനയിലെത്തിയ ബ്രദർ രോഗീ ശുശ്രൂഷയ്ക്കായി ഡിസ്പെൻസറി ആരംഭിച്ചു.പ്രസ്തുത ഡിസ്പെൻസറി സെന്റ് ജോൺസ് ആശുപത്രിയായി പിന്നീട് വളർന്നു. വേദനയനുഭവിക്കുന്നവരുൾപ്പെടെയുള്ള സഹോദരങ്ങളിൽ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ് ശുശ്രൂഷിച്ച ബദർ ഫോർത്തുനാത്തൂസ് അനേകർക്ക് ആശ്വാസമായി.

അഗതികൾക്കും അശരണർക്കും സ്നേഹസാന്ത്വനമാകുവാൻ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സമൂഹം 1977ൽ സ്ഥാപിച്ച ബ്രദർ ഫോർത്തുനാത്തൂസിന്റെ ജീവിത മാതൃക അനേകർക്ക് പ്രചോദനമേകുന്നുണ്ട്. നിത്യ സമ്മാനത്തിനായി 2005ൽ വിളിക്കപ്പെട്ട ബ്രദർ ഫോർത്തുനാത്തുസിനെ 2014 നവംബർ 22ന് കട്ടപ്പന ഫൊറോന പള്ളിയിൽവെച്ച് രൂപതാധ്യക്ഷനായിരുന്ന മാർ മാത്യു അറയ്ക്കൽ ദൈവദാസനായി പ്രഖ്യാപിക്കുകയും രൂപത തല നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

നാമകരണ കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്ന് 2022 ഡിസംബർ 15ന് കട്ടപ്പന സെന്റ് ജോൺ ഓഫ് ഗോഡ്സ് ബ്രദേഴ്സ് സെമിത്തേരിയിലെ കബറിടം തുറന്ന് മെഡിക്കൽ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഭൗതികാവശിഷ്ടം പരിശോധിച്ച് സെന്റ് ജോൺ ഓഫ് ഗോഡ് ബ്രദേഴ്സ് ചാപ്പലിൽ പുനർസംസ്കരിച്ചിരിന്നു.

More Archives >>

Page 1 of 506