India - 2025
ചെറുപുഷ്പ മിഷൻ ലീഗ് സഭയുടെ പുണ്യം: ബിഷപ്പ് ലോറൻസ് മുക്കുഴി
പ്രവാചകശബ്ദം 31-01-2023 - Tuesday
തക്കല: ചെറുപുഷ്പ മിഷൻ ലീഗ് സഭയുടെ പുണ്യമാണെന്ന് ബിഷപ് മാർ ലോറൻസ് മുക്കുഴി. ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഴു പേരിൽ തുടങ്ങി 75 ൽ എത്തുമ്പോൾ മിഷൻ ലീഗ് ഏഴു ഭൂഖണ്ഡങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ അത്മായ സംഘടനയാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
സിഎംഎൽ എന്ന മൂന്ന് അക്ഷരങ്ങൾ, ചെറുപുഷ്പ മിഷൻ ലീഗ് എന്ന മൂന്നു വാക്കുകൾ വളരെയധികം ആവേശം ജനിപ്പിക്കുന്നതാണെന്നും അവയ്ക്ക് ഒരു മാന്ത്രിക ശക്തിയുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മാർ ജോസഫ് പെരുന്തോട്ടം ജൂബിലി സുവനീർ പ്രകാശനം നിർവ്വഹിച്ചു. രാമനാഥപുരം മെത്രാൻ മാർ പോൾ ആലപ്പാട്ട്, ഹൊസൂർ മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ചെറുപുഷ്പ മിഷൻ ലീഗ് ഇന്റർനാഷണൽ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ഡേവിസ് വല്ലുരാൻ ജൂബിലി സന്ദേശം നൽകി.
തക്കല രൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ് രാജേ ന്ദ്രൻ സ്വാഗതവും ദേശീയ ജനറൽ സെക്രട്ടറി സുജി പുല്ലുകാട്ട് നന്ദിയും പറഞ്ഞു. ജൂബിലി സമാപന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിൽ പതക ഉയർത്തി. തുടർന്ന് വിവിധ രൂപതകളിൽ നിന്നെത്തിയ പ്രതിനിധികളുടെ സമ്മേളനം ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു.