India - 2025
മിഷൻ ലീഗിന്റെ പതാക പ്രയാണം മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
പ്രവാചകശബ്ദം 29-01-2023 - Sunday
കോട്ടയം: മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള പതാക പ്രയാണം മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.കേരള സഭയിൽ പുതിയൊരു മിഷൻ ചൈതന്യം സൃഷ്ടിക്കാൻ മിഷൻ ലീഗിന് സാധിച്ചുവെന്ന് മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. ഇന്നു ജനുവരി 29നു തക്കലയിൽ നടക്കുന്ന ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ ദേശീയ തല സമാപന ആഘോഷത്തോടനുബന്ധിച്ചുള്ള പതാക പ്രയാണ യാത്ര, കോട്ടയം രൂപതയുടെ അന്നത്തെ സഹായ മെത്രാനായിരുന്ന മാർ തോമസ് തറയിലിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു മാർ മാത്യു മൂലക്കാട്ട്.
ആയിരക്കണക്കിന് മിഷ്ണറിമാരെ സഭക്ക് സംഭാവന ചെയ്ത മിഷൻ ലീഗ് അതിന്റെ സ്ഥാപന ചൈതന്യം കൂടുതൽ പ്രോജ്ജ്വലിപ്പിക്കാനും ആഹ്വാനം ചെയ്ത മെത്രാപോലീത്ത പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾക്ക് കോട്ടയം അതിരൂപതയുടെ ആശംസകൾ അറിയിച്ചു. സിഎംഎല്‍ ദേശീയ പ്രതിനിധിയായ ജെയിംസ് കൊച്ചുപറമ്പിലാണ് മാർ മാത്യു മൂലക്കാട്ടിൽ നിന്നും പതാക ഏറ്റുവാങ്ങിയത്. സിഎംഎല്‍ കോട്ടയം അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വല്ലാർകാട്ടിൽ ആമുഖ സന്ദേശം നൽകി.
അതിരൂപത പ്രസിഡന്റ് അജീഷ് കൊണ്ടാടുംപടവിൽ, വൈസ് ഡയറക്ടർ സി. അനുമോൾ ഒരപ്പാങ്കൽ സിഎസ്‌ഐ, ജനറൽ സെക്രട്ടറി സജി പഴുമാലിൽ, ജനറൽ ഓർഗനൈസർ ബിബിൻ ബെന്നി തടത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. പതാക പ്രയാണം തിരുവനന്തപുരം പയസ് ടെൻത് ക്നാനായ കത്തോലിക്കാ ശാഖാ ഡയറക്ടർ ഫാ. മിഥുൻ വലിയപുളിഞ്ചാക്കിലിന്റെയും മിഷൻ ലീഗ് പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്ലാറ്റിനം ജൂബിലി സമാപന നഗരിയിൽ ഞായറാഴ്ച രാവിലെ എത്തിച്ചേരും.