India - 2024
മലയാറ്റൂർ കുരിശുമുടി തീര്‍ത്ഥാടനത്തിന് ഔദ്യോഗിക ആരംഭം
പ്രവാചകശബ്ദം 27-02-2023 - Monday
കാലടി: മലയാറ്റൂർ മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന കുരിശുമുടി കയറ്റത്തോടെ ഈ വർഷത്തെ മലയാറ്റൂർ കുരിശുമുടി തീര്‍ത്ഥാടനത്തിന് ഔദ്യോഗിക തുടക്കമായി. ഇന്നലെ അടിവാരത്തുള്ള മാർ തോമാശ്ലീഹായുടെ തിരുസ്വരൂപത്തിന് മുൻപിൽ മലയാറ്റൂർ, വിമലഗിരി, സെബിയൂർ, ഇല്ലിത്തോട് എന്നീ ഇടവകകളടങ്ങുന്ന മഹാ ഇടവകയിലെ വിശ്വാസികള്‍ ഒരുമിച്ചുകൂടി. മലയാറ്റൂർ പള്ളി വികാരി ഫാ. വർഗീസ് മണവാളന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് മലകയറ്റം ആരംഭിച്ചത്. നാല് ഇടവകകളിൽ നിന്നുമായി നിരവധി വിശ്വാസികൾ മലകയറാനെത്തി. വികാരിമാരായ ഫാ. പോൾ പടയാട്ടി (വിമലഗിരി), ഫാ. ഷെറിൻ പുത്തൻപുരക്കൽ (സെബിയൂർ), ഫാ. ജോൺസൺ വല്ലൂരാൻ (ഇല്ലിത്തോട്), മലയാറ്റൂർ സഹവികാരി ഫാ. മാർട്ടിൻ കച്ചിറക്കൽ എന്നിവരുടെയും മറ്റ് വൈദികർ, കൈക്കാരന്മാർ, വൈസ് ചെയർമാൻമാർ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, സംഘടനാംഗങ്ങൾ എന്നിവരുടെയും നേതൃത്വത്തിൽ ആയിരങ്ങൾ മലകയറി.
കുരിശുമുടി പാതയിലെ 14 സ്ഥലങ്ങളിലും പ്രാർത്ഥന നടത്തിയും ഗാനങ്ങൾ ആലപിച്ചുമുള്ള തീർത്ഥാടനം കുരിശുമുടിയിലെത്തിയപ്പോൾ സമൂഹബലിയും വചന പ്രഘോഷണവും നടന്നു. മഹാ ഇടവകയിലെ വികാരിമാരും കുരിശുമുടിയിലെ ഫാ. അലക്സ് മേക്കാംതുരുത്തി ൽ, ഫാ. ജോ കല്ലാനി എന്നിവരും കാർമികത്വം വഹിച്ചു. തുടർന്ന് തീർഥാടകർക്ക് നേർച്ചക്കഞ്ഞി വിതരണവുമുണ്ടായി. ഇനി വിവിധ ഫൊറോനകളുടെ നേതൃത്വത്തിലുള്ള മലകയറ്റം നടക്കും. അടിവാരത്തും മലമുകളിലും തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
നോമ്പുകാലത്ത് മാർച്ച് 12 വരെ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ നാലു മുതൽ രാത്രി ഒമ്പതു വരെയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 24 മണിക്കൂറും മലകയറാൻ സൗകര്യമുണ്ട്. മാർച്ച് 12 മുതൽ എല്ലാ ദിവസവും സൗകര്യമുണ്ടാകും. ഈ കാലയളവിൽ രാവിലെ 5.30, 7.30, 9.30 വൈകിട്ട് 6.30 എന്നീ സമയങ്ങളിൽ കുരിശുമുടിയിൽ കുർബാനയുണ്ടാകും. കുമ്പസാരത്തിനും സൗകര്യമുണ്ടാകും. സംഘങ്ങളായെത്തുന്നവർക്ക് വൈദികർ കൂടെയുണ്ടെങ്കിൽ ദിവ്യബലിയർപ്പിക്കാൻ സൗകര്യമുണ്ടാകുമെന്ന് വികാരി ഫാ. വർഗീസ് മണവാളൻ പറഞ്ഞു.