India - 2024

ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസിന്റെ മൃതസംസ്കാരം നാളെ

പ്രവാചകശബ്ദം 05-03-2023 - Sunday

കൊല്ലം: കാലം ചെയ്ത കൊല്ലം രൂപതയുടെ രണ്ടാമത് തദ്ദേശീയ മെത്രാനായിരുന്ന ഡോ. ജോസഫ് ജി. ഫെർണാണ്ടസിന്റെ മൃതസംസ്കാരം നാളെ നടക്കും. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെ 9.30നായിരുന്നു അന്ത്യം. നാളെ രാവിലെ പത്തിന് തങ്കശേരി കത്തീഡ്രലിൽ നടക്കുന്ന കബറടക്ക ചടങ്ങുകൾക്ക് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി കാർമികത്വം വഹിക്കും.

ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഭൗതിക ശരീരം ഉമയനല്ലൂരിലെ എംഎസ്എസ്ടി ചാപ്പലിൽ എത്തിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് അവിടെ അനുസ്മരണ ദിവ്യബലിയർപ്പണം നടന്നു. വൈകുന്നേരം 4.30 ന് ആരംഭിച്ച വിലാപയാത്ര പള്ളിമുക്ക്, ചിന്നക്കട, കളക്ടറേറ്റ്, അമ്മച്ചിവീട്, ആൽത്തറമുക്ക് വഴി തങ്കശേരി ബിഷപ്സ് ഹൗസ് ചാപ്പലിൽ എത്തി. രാത്രി ഏഴിന് വിലാപയാത്ര തങ്കശേരി കത്തീഡ്രൽ ദേവാലയത്തിലെത്തിച്ചു. തുടർന്ന് ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചു. ഇന്നു രാവിലെ തങ്കശേരി കത്തീഡ്രൽ ദേവാലയത്തിൽ പൊതുദർശനത്തിനുവെച്ചിട്ടുണ്ട്.


Related Articles »