News
തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍ സ്കൂളിനെതിരെ സംഘപരിവാര്‍ നടത്തിയത് ഗൂഢാലോചനയെന്ന് വ്യക്തമാകുന്നു : വി.എച്ച്.പി നേതാവ് അറസ്റ്റില്‍
പ്രവാചകശബ്ദം 16-03-2023 - Thursday
ചെന്നൈ: മതപരിവര്‍ത്തന സമ്മര്‍ദ്ധം മൂലം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുവെന്ന ആരോപണവുമായി തമിഴ്നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സംഘപരിവാര്‍ ഗൂഢാലോചന വ്യക്തമാകുന്ന തെളിവുകള്‍ പുറത്ത്. വിഷം കഴിച്ച് മരിച്ച അരിയാലൂര്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി ലാവണ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി വ്യാജപ്രചരണം നടത്തുമെന്നും, പ്രതിച്ഛായ മോശമാക്കുമെന്നും, മതസംഘര്‍ഷമുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തി അരിയലൂര്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്സ് ദേവാലയത്തിലെ വൈദികനായ ഫാ. ഡൊമിനിക്ക് സാവിയോയില്‍ നിന്നും 25 ലക്ഷം തട്ടിയെടുക്കുവാന്‍ ശ്രമിച്ച കുറ്റത്തിനു വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) നേതാവ് അറസ്ലായി. ‘വി.എച്ച്.പി’യുടെ അരിയാലൂര്‍ ജില്ലാ സെക്രട്ടറി മുത്തുവേലാണ് അറസ്റ്റിലായത്. ഇതോടെ വിഷയത്തില്‍ സംഘപരിവാര്‍ നടത്തിയത് ഗൂഢാലോചനയാണെന്ന് വ്യക്തമാകുകയാണ്.
ജനുവരി 9-ന് വിഷം കഴിച്ച പതിനേഴുകാരിയായ ലാവണ്യ പത്തുദിവസങ്ങള്‍ക്ക് ശേഷമാണ് മരണപ്പെട്ടത്. ലാവണ്യയുടെ ആത്മഹത്യാ കേസില്‍ വളരെ സജീവമായി ഇടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മുത്തുവേല്‍. ലാവണ്യ മരിക്കുന്നതിനു മുന്‍പ് മുത്തുവേല്‍ ഹോസ്പിറ്റലില്‍ ചെന്ന് ലാവണ്യയേ കാണുകയും രണ്ടു വീഡിയോകള്‍ റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു. ക്രിസ്തു വിശ്വാസത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിന് സമ്മര്‍ദ്ധം ചെലുത്തിയതിനെ തുടര്‍ന്നാണ് താന്‍ ഈ കടുംകൈ ചെയ്തതെന്നാണ് ലാവണ്യ വീഡിയോയില്‍ ആരോപിച്ചിരിന്നത്. എന്നാല്‍ ഈ വീഡിയോകള്‍ സമ്മര്‍ദ്ധഫലമാണെന്നാണ് കണ്ടെത്തി.
മരണത്തിന് മുന്‍പ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ മതപരിവര്‍ത്തനത്തെ കുറിച്ച് യാതൊന്നും പറഞ്ഞിരിന്നില്ല. വിഷയത്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് സമ്മര്‍ദ്ധം ചെലുത്തി തെറ്റിദ്ധാരണ പരത്തുകയായിരിന്നുവെന്നാണ് നിലവില്‍ നിരീക്ഷിക്കപ്പെടുന്നത്. വൈദികനെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പദ്ധതി സംബന്ധിച്ച് മുത്തുവേല്‍ മറ്റൊരാളുമായി നടത്തുന്ന സംഭാഷണവും പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് മതം മാറുവാനുള്ള സമ്മര്‍ദ്ധം കാരണമാണെന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നതും മുത്തുവേല്‍ തന്നെയാണ്.
സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തം തടയുവാന്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന ആരോപണവുമായി ‘ബി.ജെ.പി’യും, വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തിയതോടെ ഈ കേസ് തമിഴ്നാട് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു. മരണപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് ഈ കേസ് സി.ബി.ഐ’ക്ക് കൈമാറുകയുണ്ടായി. കേസ് ഇപ്പോള്‍ ‘സി.ബി.ഐ’യുടെ അന്വേഷണത്തിലാണ്.