India - 2024

ഫാ. ലൂർദു ആനന്ദം തമിഴ്നാട്ടിലെ ശിവഗംഗൈ രൂപതയുടെ പുതിയ ഇടയൻ

പ്രവാചകശബ്ദം 22-09-2023 - Friday

വത്തിക്കാന്‍ സിറ്റി/ ചെന്നൈ: തമിഴ്‌നാട്ടിലുള്ള ശിവഗംഗൈ രൂപതയുടെ പുതിയ ഇടയനായി മധുര അതിരൂപതാംഗമായ ഫാ. ലൂർദു ആനന്ദത്തെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. യൂറോപ്പിൽ നിന്നുമെത്തിയ ജെസ്യൂട്ട് മിഷ്ണറിയായ വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ സുവിശേഷ പ്രഘോഷണം വഴിയായി മാമോദീസ സ്വീകരിച്ച് കത്തോലിക്കാസഭയിൽ അംഗങ്ങളായവരുടെ പിൻതലമുറക്കാരാണ് രൂപതയിൽ ഇപ്പോൾ അംഗങ്ങളായിട്ടുള്ളവർ. മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മോൺസിഞ്ഞോർ ലൂർദ് ആനന്ദം ശിവഗംഗൈ രൂപതയിലെ തിരുവരങ്ങ് സ്വദേശിയാണ്.

1958 ഓഗസ്റ്റ് പതിനഞ്ചിന് ജനിച്ചു. മധുരയിലെ അരുൾ ആനന്ദർ കോളേജിൽ ഫിലോസഫിയും തിരുച്ചിറപ്പള്ളിയിലെ സെന്റ് പോൾസ് സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ച ശേഷം ആൽബർട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റി ഓഫ് ഫ്രെയ്ബർഗിൽ (ജർമ്മനി) നിന്ന് സിസ്റ്റമാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടി. 1986 ഏപ്രിൽ 6ന് മധുര അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായും സ്ഥാപനങ്ങളുടെ മേധാവിയായും സെമിനാരി റെക്ടറായും സേവനം അനുഷ്ഠിച്ച അദ്ദേഹം ഹോളി റോസറി ഇടവക വികാരിയായിരിക്കവേയാണ് മെത്രാനായി നിയമിതനാവുന്നത്. 1987 ജൂലൈ 25 ന് മധുരൈ അതിരൂപതയിൽ നിന്നും വിഭജിച്ച് സ്ഥാപിക്കപ്പെട്ടതാണ് ശിവഗംഗൈ രൂപത. രാമനാഥപുരം, ശിവഗംഗൈ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന രൂപതയിൽ 1,90,386 വിശ്വാസികളാണ് അംഗങ്ങളായിട്ടുള്ളത്.


Related Articles »