News - 2025
തമിഴ്നാട്ടിലെ തഞ്ചാവൂർ രൂപതയ്ക്കു പുതിയ അധ്യക്ഷന്‍
പ്രവാചകശബ്ദം 15-07-2024 - Monday
വത്തിക്കാന്‍ സിറ്റി/ തഞ്ചാവൂർ: തമിഴ്നാട്ടിലെ തഞ്ചാവൂർ രൂപതയുടെ പുതിയ അധ്യക്ഷനായി ഫാ. സഗായരാജ് തമ്പുരാജിനെ നിയമിച്ചു. നിയുക്തമെത്രാൻ തിരുച്ചിറപ്പള്ളി രൂപതയിലെ അയ്യംപട്ടി സ്വദേശിയാണ്. ഇത് സംബന്ധിച്ച ഫ്രാന്‍സിസ് പാപ്പയുടെ നിയമന ഉത്തരവ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പുറപ്പെടുവിച്ചത്. തിരുച്ചിറപ്പള്ളി രൂപതയിലെ അയ്യംപട്ടിയിൽ 1969 മാർച്ച് 14നാണ് സഗായരാജ് തമ്പുരാജിൻറെ ജനനം. 1996-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മദ്രാസ് സർവ്വകലാശാലയിൽ നിന്ന് ആംഗ്ലേയ സാഹിത്യത്തിൽ ബിരുദവും മധുര കാമരാജ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് സർവ്വകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
ഇടവക സഹവികാരിയായും വികാരിയായും രൂപത വൈദിക സമിതിയുടെയും രൂപതാ പിന്നോക്കവിഭാഗക്കാർക്കായുള്ള സമിതിയടെയും രൂപത സിനഡിന്റെയും കാര്യദർശി, അജപാലന കേന്ദ്രത്തിന്റെ മേധാവി, രൂപതാസമിതികളുടെ ഏകോപകൻ, സെമിനാരി അധ്യാപകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുച്ചിറപ്പള്ളിയിലെ സെൻറ് പോൾ സെമിനാരിയിൽ അധ്യാപകനായിരിക്കെയാണ് മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്. 260,800 കത്തോലിക്ക വിശ്വാസികളാണ് രൂപതയ്ക്കു കീഴിലുള്ളത്.