India - 2024
26-ാമത് പാലയൂർ മഹാതീർത്ഥാടനം ഇന്ന്
26-03-2023 - Sunday
പാലയൂർ: തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന 26-ാം പാലയൂർ മഹാതീർത്ഥാടനം ഇന്ന് നടക്കും. തൃശ്ശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ പുലർച്ചെ നാലിന് അർപ്പിക്കുന്ന ദിവ്യബലിക്കു ശേഷം ആദ്യതീർഥാടന പദയാത്രാ സംഘം പുറപ്പെടും. പതിനൊന്നിന് പാലയൂരിൽ എത്തിച്ചേരും. വിവിധ മേഖലകളിൽനിന്നുള്ള പദയാത്രകളും രാവിലെയും വൈകുന്നേരവുമായി പാലയൂരിൽ എത്തും. രണ്ടാമത്തെ തീർത്ഥാടകസംഘം ഉച്ചകഴിഞ്ഞ് രണ്ടിന് ദിവ്യബലിക്കു ശേഷം പാവറട്ടി സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽനിന്ന് പുറപ്പെട്ട് നാലിനു പാലയൂരിലെത്തും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനം മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മാർ ജേക്കബ് തൂങ്കുഴി അനുഗ്രഹപ്രഭാഷണം നടത്തും. മാർ ടോണി നീലങ്കാവിൽ പ്രസംഗിക്കും. പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടനകേന്ദ്രത്തിൽ രാവിലെ 6.30 മുതൽ തുടർച്ചയായി ദിവ്യബലി നടക്കും. പൊതുസമ്മേളനത്തിനു ശേഷം അർപ്പിക്കുന്ന സമൂഹബലിക്ക് ആർച്ച് ബിഷപ്പ് മുഖ്യകാർമികത്വം വഹിക്കുമെന്ന് ആർച്ച് പ്രീസ്റ്റ് ഫാ. ഡേവീസ് കണ്ണമ്പുഴ അറിയിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണം ഉണ്ടായിരിക്കുമെന്ന് കൺവീനർ കെ.ജെ. പോൾ പറഞ്ഞു.