News - 2024

‘ദി പേപ്പല്‍ ഫൗണ്ടേഷന്‍’ സംഘടനാംഗങ്ങള്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി; ഈ വര്‍ഷം 20 കോടി ഡോളറിന്റെ പദ്ധതി

പ്രവാചകശബ്ദം 22-04-2023 - Saturday

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള വിവിധ കത്തോലിക്ക പദ്ധതികള്‍ക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരിക്കുന്ന 'ദി പേപ്പല്‍ ഫൗണ്ടേഷന്‍' എന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സംഘടന തങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനത്തിന്റെ ഭാഗമായി റോമിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. 20 കോടി ഡോളറിന്റെ സഹായ പദ്ധതികള്‍ക്കാണ് സംഘടന ഇക്കൊല്ലം പദ്ധതിയിട്ടിരിക്കുന്നത്. സംഘടനയുടെ നാല്‍പ്പതോളം അംഗങ്ങളും (സ്റ്റുവാര്‍ഡ്സ്), അവരുടെ കുടുംബങ്ങളും ഏപ്രില്‍ 18നാണ് റോമില്‍ എത്തിയത്. ഇക്കൊല്ലത്തെ സഹായത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന പദ്ധതികളെ കുറിച്ച് പാപ്പയുമായി ചര്‍ച്ച നടത്തി.

2023-ലെ സഹായത്തിനായി 141 പദ്ധതികളാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ 57 കത്തോലിക്ക പദ്ധതികള്‍ക്കായി 114 ഗ്രാന്‍ഡുകള്‍ വഴി ഏതാണ്ട് 95 ലക്ഷം ഡോളര്‍ നല്‍കുവാനാണ് സംഘടന പദ്ധതിയിട്ടിരിക്കുന്നത്. മാനുഷിക സഹായത്തിനും, സ്കോളര്‍ഷിപ്പിനുമായി 48 ലക്ഷം ഡോളറും സംഘടന വകയിരുത്തിയിട്ടുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആഗ്രഹ പ്രകാരം 35 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഘടന സ്ഥാപിതമാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അപ്പസ്തോലിക പ്രതിനിധികളും, വത്തിക്കാന്‍ അംബാസിഡര്‍മാരും വഴി പാപ്പയുടെ മുന്നിലെത്തുന്ന പദ്ധതികളില്‍ നിന്നും പാപ്പ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് സംഘടനാംഗങ്ങള്‍ തങ്ങളുടെ സ്വന്തം പണം നല്‍കിയാണ്‌ സഹായിച്ചു വരുന്നത്.

ഓരോ വര്‍ഷവും പാപ്പയില്‍ നിന്നും സഹായിക്കേണ്ട പദ്ധതികളെ കുറിച്ചുള്ള ഒരു ലിസ്റ്റ് തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും, പാപ്പയാണ് പദ്ധതികള്‍ നിശ്ചയിക്കുന്നതെന്നും തങ്ങള്‍ക്കതില്‍ യാതൊരു അജണ്ടയുമില്ലെന്നും സംഘടനയുടെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ ഡേവ് സാവേജ് ‘കാത്തലിക് ന്യൂസ് ഏജന്‍സി’യോട് പറഞ്ഞു. വികസ്വര രാജ്യങ്ങളിലെ പാവപ്പെട്ടവരെ സഹായിക്കുവാന്‍ ഉതകുന്ന പദ്ധതികള്‍ തങ്ങള്‍ അന്വേഷിച്ചു വരികയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂളുകള്‍, ദേവാലയങ്ങള്‍, സെമിനാരികള്‍, ആശുപത്രികള്‍, പാസ്റ്ററല്‍ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പുനരുദ്ധാരണത്തിനുമാണ് സംഘടന പ്രധാനമായും സഹായം നല്‍കിവരുന്നത്. കത്തോലിക്കാ വാര്‍ത്താ മാധ്യമമായ ഇ.ഡബ്യു.ടി.എന്‍’മായി സഹകരിച്ചും സംഘടന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.


Related Articles »